Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Tuesday, December 20, 2011

നാലുകുപ്പിക്ക് രൂപ എണ്ണായിരം; മണിചെയിന്‍ ‘മാജിക്’ ജൂസുമായി മൊണാവി


Published on Mon, 12/19/2011 - 23:24 ( 15 hours 7 min ago)

നാലുകുപ്പിക്ക് രൂപ എണ്ണായിരം; മണിചെയിന്‍ ‘മാജിക്’ ജൂസുമായി മൊണാവി
കോഴിക്കോട്: നെറ്റ്വര്‍ക്-മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടരവേ ആരോഗ്യപാനീയ വില്‍പനയെന്ന പേരില്‍ അമേരിക്കന്‍ കുത്തക കമ്പനി മണിചെയിന്‍ തട്ടിപ്പുമായി സംസ്ഥാനത്ത് വേരുറപ്പിക്കുന്നു. അമേരിക്കയില്‍ പരീക്ഷിച്ച് തകര്‍ന്ന മൊണാവി (MONAVIE) കമ്പനിയാണ് ജനങ്ങളുടെ അജ്ഞത മുതലെടുത്ത് ആരോഗ്യപാനീയം പ്രചരിപ്പിക്കുക വഴി കേരളീയരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കൊയ്തുകൊണ്ടിരിക്കുന്നത്. എണ്ണായിരം രൂപ ക്ക് നാലുകുപ്പി ഹെല്‍ത്ത് ജൂസ് നല്‍കുകയും തുടര്‍ന്ന് ഇരുവശങ്ങളിലും കണ്ണിചേര്‍ത്ത് ലക്ഷങ്ങള്‍ കമീഷനായി തട്ടുകയുമാണ് മൊണാവിയുടെ പദ്ധതി.
ആര്‍.എം.പി, ആംവെ തുടങ്ങി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനികളില്‍ പ്രവര്‍ത്തിച്ച് കോടികള്‍ നേട്ടമുണ്ടാക്കിയ ഇടത്-വലത് തൊഴിലാളി സംഘടനകളില്‍പ്പെട്ട നിരവധിപേര്‍ കണ്ണികളില്‍ മുഖ്യ പ്രചാരകരായി രംഗത്തുണ്ട്.
നാലുകുപ്പി ജൂസില്‍ ഓരോന്നും രക്ത ശുദ്ധീകരണം, കരളിന് ദൃഢത, ഹൃദയ സുരക്ഷ, സൗന്ദര്യം എന്നിവ ഉറപ്പാക്കുമെന്നാണ് പ്രചാരണം. രണ്ടായിരം രൂപ വീതം  നല്‍കി  നാലുകുപ്പി ജൂസ് വാങ്ങുന്നതോടെ ഒരാള്‍ ശൃംഖലയില്‍ കണ്ണിയാവുന്നു. ഇതില്‍ രണ്ടുകുപ്പി വിറ്റാല്‍ കുപ്പിക്ക് 860 രൂപ തോതില്‍ കമീഷന്‍ ലഭിക്കും. ഈ കുപ്പി വാങ്ങുന്നവരും ശൃംഖലയില്‍ കണ്ണിയാവും.  ഇവരും നാലുകുപ്പി വീതം വാങ്ങണം.
ഇങ്ങനെ ഇടതും വലതുമായി കണ്ണി വളരുന്നതനുസരിച്ച് ത്രികോണ കണ്ണിയിലെ മുകളിലുള്ളവര്‍ക്ക് 430 രൂപ വീതം ലഭിച്ചുകൊണ്ടിരിക്കും. കമീഷന്‍ കൈയില്‍ കിട്ടണമെങ്കില്‍ ഉപയോഗിച്ചാലും ഇല്ളെങ്കിലും ഓരോ കണ്ണിയും പ്രതിമാസം കുറഞ്ഞത് രണ്ടു കുപ്പി ജൂസ് വാങ്ങിയിരിക്കണം.
താഴെ കണ്ണിയില്‍ എത്രപേര്‍ ചേര്‍ന്നാലും  രണ്ടുകുപ്പി വാങ്ങണമെന്നതാണ് കമ്പനിയുടെ തന്ത്രങ്ങളിലൊന്ന്. നാലായിരം രൂപ നല്‍കി രണ്ടുകുപ്പി ജൂസ് വാങ്ങുന്നവര്‍ കൂടുതല്‍ ലാഭത്തിനായി താഴെ കണ്ണികളെ ചേര്‍ത്തുകൊണ്ടേയിരിക്കും.
അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്സ് സൊസൈറ്റി അമേരിക്കയില്‍ നിരോധിച്ച ‘ആരോഗ്യ പാനീയ’മാണ് ലാഭകൊതിമൂത്ത ടീം ലീഡര്‍മാര്‍ കേരളത്തില്‍  വിറ്റുകൊണ്ടിരിക്കുന്നത്. ആരോഗ്യത്തിന് ഗുണകരമോ ഹാനികരമോ എന്നൊന്നും ആലോചിക്കാതെ കമീഷന്‍ മാത്രം ലക്ഷ്യമിടുന്ന കണ്ണികള്‍ കൂടുതല്‍ പേരെ ചേര്‍ത്തുകൊണ്ടിരിക്കുകയാണ്.
ആര്‍.എം.പി നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനിയിലൂടെ കോടികള്‍ നേട്ടമുണ്ടാക്കിയ തിരുവനന്തപുരത്തെ ഡോ. എന്‍. ഷംസുദ്ദീന്‍, അഭിലാഷ് തോമസ്, സജീവ് നായര്‍ എന്നിവരാണ് മൊണാവിയുടെ കേരളത്തിലെ മുഖ്യപ്രചാരകര്‍. ആര്‍.എം.പിക്കെതിരെ നടപടി വന്നതോടെ ഇവരുടെ കീഴിലുണ്ടായിരുന്ന കണ്ണികളെ മൊണാവിയുടെ പ്രചാരകരായി നിയോഗിച്ച് ജില്ലകള്‍ തോറും പരിശീലന ക്ളാസുകള്‍ നടത്തിവരുന്നു. വയനാട്ടില്‍ നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനിക്കെതിരെ ആദ്യമായി പൊലീസില്‍ പരാതിപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവാണ് മൊണാവിയുടെ വയനാട്ടിലെ മുഖ്യ പ്രചാരകന്‍.
വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നടന്ന മൊണാവിയുടെ പരിശീലന ക്ളാസുകളില്‍ ഐ.എന്‍.ടി.യു.സി-സി.ഐ.ടി.യു നേതാക്കളെന്ന് പരിചയപ്പെടുത്തി നിരവധിപേര്‍ പങ്കെടുത്തിരുന്നു. സാധാരണക്കാരായ താഴെത്തട്ടിലെ ‘കണ്ണികള്‍’ കുത്തുപാളയെടുത്താലും സംഘടന വളരട്ടെ എന്ന ലക്ഷ്യത്തോടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് രംഗത്തുള്ളവരെ സംഘടിപ്പിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ച് രംഗത്തുണ്ട്.
1978 ലെ പ്രൈസ് മണി ചിറ്റ്സ് സര്‍ക്കുലേഷന്‍ നിരോധനനിയമമനുസരിച്ച്   ഇത്തരം തട്ടിപ്പു കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാമെങ്കിലും പൊലീസിലെ ചില ഉന്നത ഓഫിസര്‍മാര്‍  വരെ മൊണാവിയുടെ ടീം മേധാവികളായി പ്രവര്‍ത്തിക്കുന്നതായാണ് വിവരം.
കണ്ണിചേര്‍ക്കല്‍ തകൃതിയായി നടക്കുന്നതിനാല്‍ കേരളത്തിലെ ഓരോ ടീം ലീഡര്‍ക്കും  പ്രതിമാസം 64 ലക്ഷം രൂപ കമീഷന്‍ ലഭിക്കുമെന്ന് മൊണാവിയുടെ കണക്കുകള്‍ സ്ഥിരീകരിക്കുന്നു.

Monday, August 8, 2011

ആംവേ നിയമവിരുദ്ധമെന്നു പോലീസ്‌; ഓഫീസുകള്‍ അടച്ചുപൂട്ടി

കോഴിക്കോട്‌: ആംവേയുടെ സംസ്‌ഥാനത്തെ എല്ലാ ഓഫീസുകളും പോലീസ്‌ അടച്ചുപൂട്ടി സീല്‍ ചെയ്‌തു. ഇന്നലെ നടത്തിയ റെയ്‌ഡില്‍, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മണിചെയിന്‍ സ്‌ഥാപനമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ ഓഫീസുകള്‍ സീല്‍ ചെയ്‌തത്‌. ആംവേയുടെ എല്ലാ ബാങ്ക്‌ അക്കൗണ്ടുകളും മരവിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്‌. ഒരാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഇയാളേകുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ അറസ്‌റ്റ് ഉണ്ടാവുമെന്നും പോലീസ്‌ അറിയിച്ചു. സംസ്‌ഥാനത്ത്‌ ഏഴു ജില്ലകളിലായി ആംവേയുടെ ഒന്‍പത്‌ ഓഫീസുകളിലും റെയ്‌ഡ് നടത്തിയ പോലീസ്‌ സൂപ്രണ്ടുമാരാണ്‌ ഓഫീസുകള്‍ അടച്ചുപൂട്ടി സീല്‍ ചെയ്‌തത്‌. ആംവേ മണി ചെയിന്‍ സ്‌ഥാപനമാണെന്നു തെളിയിക്കുന്ന നിരവധി രേഖകളും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌കുകളും പിടിച്ചെടുത്തു. കോഴിക്കോട്‌, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണു റെയ്‌ഡ് നടന്നത്‌. ഡി.ജി.പി. ജേക്കബ്‌ പുന്നൂസിന്റെ നിര്‍ദേശപ്രകാരം എ.ഡി.ജി.പി. രാജേഷ്‌ ദിവാനാണു പരിശോധനയ്‌ക്ക് ഉത്തരവിട്ടത്‌. കോട്ടയത്തും എറണാകുളത്തും വയനാട്‌ പോലീസും തിരുനന്തപുരത്തും കൊല്ലത്തും കണ്ണൂര്‍ പോലീസുമാണു റെയ്‌ഡിനു നേതൃത്വം നല്‍കിയത്‌. മറ്റിടങ്ങളില്‍ അതത്‌ സ്‌ഥലത്തെ പോലീസുകാര്‍തന്നെയാണു പരിശോധന നടത്തിയത്‌. ആരോഗ്യ, സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിലൂടെ വിറ്റഴിക്കുന്ന സ്‌ഥാപനമാണ്‌ ആംവേ. മണിചെയിന്‍ പോലെ നെറ്റ്‌വര്‍ക്കിംഗ്‌ സംവിധാനമാണ്‌ ആംവേയെന്നു പരിശോധനയില്‍ കണ്ടെത്തി. നെറ്റ്‌വര്‍ക്കിംഗ്‌ സംവിധാനം നിയമവിരുദ്ധമായതിനാല്‍ കാസര്‍ഗോഡ്‌, വയനാട്‌, തൃശൂര്‍ ജില്ലകളിലായി അഞ്ചു കേസുകള്‍ ആംവേയ്‌ക്കെതിരേ രജിസ്‌റ്റര്‍ ചെയ്‌തു. കോഴിക്കോട്ട്‌ അസി: കമ്മിഷണര്‍ രാധാകൃഷ്‌ണപിള്ളയുടെ നേതൃത്വത്തിലാണു നടക്കാവിലുള്ള ഓഫീസില്‍ റെയ്‌ഡ് നടത്തിയത്‌. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌കുകളും രേഖകളും ഇവിടെനിന്നു പിടിച്ചെടുത്തു.

ആംവേ അടച്ചുപൂട്ടി

കൊച്ചിസ്വന്തം ലേഖകന്‍ഡയറക്റ്റ് സെല്ലിങ് കമ്പനിയെന്ന് അവകാശപ്പെട്ടു നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് നടത്തിയതിനു തെളിവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര റീട്ടെയ്ല്‍ സെല്ലിങ് കമ്പനി ആംവേയുടെ കേരളത്തിലെ ഓഫിസുകള്‍ പൊലീസ് അടച്ചുപൂട്ടി. സംസ്ഥാനത്തു പലേടത്തും കമ്പനിക്കെതിരേ ലഭിച്ച പരാതികളെത്തുടര്‍ന്ന് ഇന്നലെ നടത്തിയ റെയ്ഡിനു പിന്നാലെയാണ് ഓഫിസുകള്‍ പൂട്ടിയത്. ഡയറക്റ്റ് സെല്ലിങ് എന്ന പേരില്‍ മള്‍ട്ടി ലെവല്‍, നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് നടത്തിയതായി റെയ്ഡില്‍ വിപുലമായ തെളിവുകള്‍ ലഭിച്ചതായാണു വിവരം. ഒരാള്‍ അറസ്റ്റിലായി. ഇതാരെന്നു പൊലീസ് വെളിപ്പെടുത്തിയില്ല. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും ഉറപ്പായി.കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലാണ് ആംവെയ്ക്കെതിരേ പരാതികള്‍ ലഭിച്ചിരുന്നതെന്നു വയനാട് ജില്ലാ പൊലീസ് ചീഫ് പി. ജയനാഥ്. മണി ചെയ്ന്‍ സ്ഥാപനങ്ങള്‍ക്കെതിരേ അടുത്തിടെ നടന്നുവരുന്ന ശക്തമായ നടപടികളുടെ ഭാഗമായി ആംവേയും നിരീക്ഷണത്തിലായിരുന്നു. ഇന്നലെ സംസ്ഥാനത്ത് ഒമ്പത് ആംവേ ഓഫിസുകളില്‍ ഒരേസമയം പൊലീസ് റെയ്ഡ് നടത്തി. തൃശൂര്‍, വയനാട് ജില്ലാ പൊലീസ് സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വയനാട് ജില്ലയി ല്‍ നിന്നാണ് ഏറ്റവുമധികം പരാതികള്‍. ഉത്തരമേഖലാ എഡിജിപിയാണു റെയ്ഡിനു നിര്‍ദേശം നല്‍കിയത്. കൊച്ചിയിലെ ഓഫിസില്‍ റെയ്ഡ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവച്ചതു സംഘര്‍ഷത്തിനിടയാക്കി. ഫോട്ടൊഗ്രഫര്‍മാരുടെ ക്യാമറകളില്‍നിന്ന് ചിത്രങ്ങള്‍ മായ്ച്ചുകളയാനും ശ്രമമുണ്ടായി. ഒരുമണിക്കൂറോളം മാധ്യമപ്രവര്‍ത്തകരെ ഷട്ടറടച്ച് ഓഫിസിനുള്ളില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് ആംവേയുടെ രണ്ട് ഉന്നതരെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Thursday, July 14, 2011

ഇന്ത്യ ഇന്‍ഫോലൈന്‍ ഓഫിസിലേക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരച്ചുകയറി


ഇന്‍ഷുറന്‍സിന്റെ പേരില്‍ തട്ടിപ്പെന്ന്
തലശ്ശേരി: അപകട ഇന്‍ഷുറന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തുകയാണെന്നാരോപിച്ച് ഐ. ഐ. എഫ്.എല്‍ ഇന്ത്യ ഇന്‍ഫോലൈന്‍ എന്ന സ്ഥാപനത്തിന്റെ ഓഫിസിലേക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഇരച്ചുകയറി. ഇതോടെ പൊലീസെത്തി സ്ഥാപനം താല്‍ക്കാലികമായി പൂട്ടിച്ചു.
രണ്ട് ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി കൊണ്ടുപോയി. ഇന്നലെ ഉച്ച രണ്ടരയോടെയാണ് സംഭവം. റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ഫൈ്‌ളഓവര്‍ ജങ്ഷനിലെ ഹൈപ്പര്‍ടവറിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഐ.എഫ്.എല്‍ ഇന്ത്യ ഇന്‍ഫോലൈന്‍ സ്ഥാപനത്തിലാണ് സംഭവം.
വീട്ടിലേക്ക് ഫോണ്‍ ചെയ്ത് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സിന് അര്‍ഹത നേടിയിരിക്കുന്നുവെന്നുപറഞ്ഞ് ഓഫിസിലേക്ക് വിളിപ്പിക്കുകയാണ് സ്ഥാപനം ആദ്യം ചെയ്യുക.
ജില്ലയില്‍ നറുക്കെടുപ്പിലൂടെ ഇന്‍ഷുറന്‍സ് നേടിയ 20 പേരില്‍ ഒരാളാണെന്ന് ധരിപ്പിച്ച് പണം വാങ്ങാന്‍ കുടുംബത്തോടൊപ്പം ഓഫിസില്‍ എത്താന്‍ പറയും. കുടുംബസമേതം എത്തിയാല്‍ പിന്നെ പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരേണ്ടതിനെക്കുറിച്ച് വാചാലരാകും.
ഇത്തരത്തില്‍ ഫോണ്‍ കറക്കി ഓഫിസിലെത്തിച്ച് വാക്‌സാമര്‍ഥ്യത്തിലൂടെ ഇന്‍ഷുറന്‍സ് പോളിസി എടുപ്പിക്കുന്ന രീതിയാണ് കമ്പനി സ്വീകരിച്ചുവരുന്നതെന്നാണ് ആരോപണം. ഇന്ത്യ ഇന്‍ഫോലൈന്‍ കമ്പനി ഇത്തരത്തില്‍ ആരെയെങ്കിലും പറ്റിച്ചിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല.
 എന്നാല്‍, ദിവസവും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 20 ഇരകള്‍ ഇവിടെ എത്താറുണ്ടെന്ന് പറയപ്പെടുന്നു. ഒന്നോ രണ്ടോ പ്രീമിയം  നിര്‍ബന്ധപൂര്‍വം അടപ്പിക്കുകയാണത്രെ പതിവ്. സ്ഥാപനത്തിനും ഇന്‍ഷുറന്‍സിനും അംഗീകാരമുണ്ടോയെന്നത് സംബന്ധിച്ച് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ നാല് ദമ്പതിമാര്‍ ഇത്തരത്തില്‍ ഓഫിസില്‍ എത്തിയിരുന്നു. തലശ്ശേരി ഓഫിസില്‍ പ്രമോട്ടര്‍മാരായി പത്തിലേറെ പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നുണ്ട്. ഇന്നലെ രണ്ട് മണിയോടെ ആളുകളോട് എത്താന്‍ പറഞ്ഞിട്ടുണ്ടെന്ന വിവരം ലഭിച്ചശേഷം സോളിഡാരിറ്റി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ഓഫിസിലേക്ക് തള്ളിക്കയറുകയായിരുന്നു.
തുടര്‍ന്ന് എ.എസ്.ഐ പങ്കജാക്ഷന്റെ നേതൃത്വത്തില്‍ പൊലീസെത്തി സ്ഥാപനം താല്‍ക്കാലികമായി അടക്കാന്‍ ആവശ്യപ്പെട്ടു. സമരത്തിന് സോളിഡാരിറ്റി പ്രവര്‍ത്തകരായ കെ. മുഹമ്മദ് നിയാസ്, സി.പി. അഷ്‌റഫ്, യു.കെ. സെയ്ദ്, ശുഹൈബ്, അജ്മല്‍, സബീര്‍, അര്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ്: വാദപ്രതിവാദങ്ങളുമായി സോളിഡാരിറ്റി ടേബിള്‍ടോക്


നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ്: വാദപ്രതിവാദങ്ങളുമായി സോളിഡാരിറ്റി ടേബിള്‍ടോക്
സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച 'നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ്; ശരിയും തെറ്റും' ടേബിള്‍ടോക്കില്‍ സംസ്ഥാന പ്രസിഡന്റ്
കണ്ണൂര്‍: മുഴുവന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനികളും നിയമംമൂലം നിരോധിക്കണമെന്ന് സോളിഡാരിറ്റിയും നെറ്റ്‌വര്‍ക് തട്ടിപ്പിലെ ഇരകളും. ഡയറക്ട് ഉല്‍പന്ന മാര്‍ക്കറ്റിങ് സംരക്ഷിച്ചുകൊണ്ട് നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന് ഫെഡറേഷന്‍ ഓഫ് ഡയറക്ട് മാര്‍ക്കറ്റിങ് അസോസിയേഷന്‍ (ഫിഡ്മ) പ്രസിഡന്റും ആര്‍.എം.പി പ്രതിനിധിയുമായ ഡോ. ഷംസുദ്ദീന്‍. പുതിയ നിയമം വരുന്നതുവരെ നിലവിലുള്ള നിയമമനുസരിച്ച് മുഴുവന്‍ നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ് കമ്പനികളും പൂര്‍ണമായും നിരോധിക്കണമെന്ന് അഡ്വ. മഹേഷ് വി. കൃഷ്ണന്‍. 'നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ്; തെറ്റും ശരിയും' എന്ന വിഷയത്തില്‍ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ടൗണ്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ടോക് വാദപ്രതിവാദങ്ങള്‍കൊണ്ട് ശ്രദ്ധേയമായി.
'സ്വപ്‌നം കാണുന്നവരാവണം ഇന്ത്യയുടെ പുതുതലമുറ' എന്ന മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ട് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിനെക്കുറിച്ച് താന്‍ ക്ലാസുകള്‍ എടുക്കാറുണ്ടെന്ന് ഡോ. ഷംസുദ്ദീന്‍ പറഞ്ഞു. 'മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് പ്രതിനിധിയായാല്‍ കോടീശ്വരനാവാമെന്ന് ഞാന്‍ ക്ലാസുകളില്‍ പറയാറുണ്ട്. മണിചെയിന്‍ നിരോധിച്ചുകഴിഞ്ഞു. എന്നാല്‍, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് സംബന്ധിച്ച് ഒരു നിയമം ഉണ്ടായിട്ടില്ല. പ്രോഡക്ട് മാര്‍ക്കറ്റിങ് സംരക്ഷിക്കുംവിധം നിലവിലുള്ള നിയമം ഭേദഗതി ചെയ്യണം. ഉല്‍പന്നം നേരില്‍ വിറ്റഴിച്ച് ബിസിനസ് നടത്തുന്നതിനെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല' -ഡോ. ഷംസുദ്ദീന്‍ വ്യക്തമാക്കി.
വില്‍ക്കുന്ന ഉല്‍പന്നത്തിന് മുന്‍തൂക്കം നല്‍കാതെ ചങ്ങലയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ മാത്രം ശ്രദ്ധിക്കുന്ന നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ് കമ്പനികള്‍, നിലവിലുള്ള നിയമംമൂലം തന്നെ നിരോധിക്കാവുന്നതാണെന്ന് അഡ്വ. മഹേഷ് കൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയടക്കം രാജ്യത്തെ 15 കോടതികള്‍ ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചിട്ടുണ്ട്. മണി സര്‍ക്കുലേഷന്‍ ആക്ടിലെ സെക്ഷന്‍ രണ്ട്-സി പ്രകാരം പിരമിഡ് മാതൃകയിലെ എല്ലാ ബിസിനസും നിരോധിക്കപ്പെടേണ്ടതാണ്. ഈ ആക്ട് ഫലപ്രദമായി വിനിയോഗിച്ചാല്‍ തട്ടിപ്പ് ഒരുപരിധിവരെ നിയന്ത്രിക്കാനാവും.
നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ്ങിലെ കണ്ണികളില്‍ 90 ശതമാനവും വരുമാനമുണ്ടാകാതെ കബളിപ്പിക്കപ്പെടുമ്പോള്‍ മുകള്‍ കണ്ണിയിലുള്ള വെറും 10 ശതമാനം സമ്പന്നരാവുകയാണ്. നിരവധി പേരെ കബളിപ്പിച്ച് ചുരുക്കം ചിലര്‍ സമ്പന്നരാകുന്ന ഈ തട്ടിപ്പ് തീര്‍ച്ചയായും നിരോധിക്കപ്പെടണം. പുതിയ നിയമം വരുന്നതുവരെ നിലവിലെ നിയമം പാലിക്കപ്പെടണം -അഡ്വ. മഹേഷ് നിര്‍ദേശിച്ചു.
നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ്ങില്‍ താഴേക്ക് കണ്ണി വികസിച്ചുപോകുമ്പോള്‍ ജോലി ചെയ്യാതെ മുകള്‍ കണ്ണിയിലുള്ളവര്‍ക്ക് പ്രതിഫലം ലഭിക്കും. എന്നാല്‍, വീണ്ടും കണ്ണിചേര്‍ക്കാന്‍ ആളില്ലാതെ വരുമ്പോള്‍ താഴേത്തട്ടിലുള്ളവര്‍ ഇരകളാവും. ഇങ്ങനെ കുത്തുപാളയെടുത്ത നിരവധിപേരെ തനിക്കറിയാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ആസിഫലി പട്ടര്‍കടവ് ചൂണ്ടിക്കാട്ടി.
നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ മുമ്പ് പൊലീസ് സ്വീകരിച്ച പല നടപടികളും അട്ടിമറിക്കപ്പെട്ടതായി ആമുഖ പ്രഭാഷണം നടത്തിയ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ യഥാവിധി നടപ്പാക്കാതെ സര്‍ക്കാറിന്റെ അജ്ഞത മുതലെടുത്ത് മണിചെയിന്‍ തട്ടിപ്പുകള്‍ ഇവിടെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വേഗത്തില്‍ പണമുണ്ടാക്കണമെന്ന ആര്‍ത്തിയാണ് കാരണം. സദാചാരമോ ധാര്‍മികതയോ നോക്കാതെ എങ്ങനെയും പണമുണ്ടാക്കണമെന്ന ദുരാഗ്രഹം മാറിയേ തീരൂ.
ഏജന്റുമാരെ പോലും അറസ്റ്റു ചെയ്യാമെന്ന  കാരണംപറഞ്ഞ് ഏജന്റുമാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതാണ് കമ്പനികള്‍ക്കെതിരെ പരാതി ഉയരാതിരിക്കാന്‍ കാരണം. പുതിയ നിയമം ഉണ്ടാക്കണമെന്ന ഡോ.ഷംസുദ്ദീന്റെ ആവശ്യത്തില്‍നിന്നുതന്നെ, ഇത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചിരിക്കുകയാണ് -നൗഷാദ് ചൂണ്ടിക്കാട്ടി.
ഇരകളടക്കമുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഫിഡ്മ പ്രസിഡന്റ് ഡോ.ഷംസുദ്ദീന്‍ കൃത്യമായ മറുപടി നല്‍കിയില്ല. ആംവെയുടെ ഉല്‍പന്നം വന്‍വിലക്ക് വില്‍ക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 300 രൂപയുടെ ഷര്‍ട്ട് ബ്രാന്‍ഡഡ് കമ്പനികള്‍ 3000 രൂപക്ക് വില്‍ക്കുന്നു എന്നായിരുന്നു മറുപടി. അതേസമയം, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനി പ്രതിനിധികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയ ഡോ. മഹേഷ് വി. കൃഷ്ണന്‍, ഇത്തരം തട്ടിപ്പുകമ്പനികള്‍ നിരോധിക്കണമെന്ന് അടിവരയിട്ടു വ്യക്തമാക്കി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് സ്വാഗതവും സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് നന്ദിയും പറഞ്ഞു.


Sunday, July 10, 2011

300 കോടിയുടെ തട്ടിപ്പ് നടത്തിയ നാനോ എക്‌സല്‍ കമ്പനി ഡയറക്ടര്‍ ബംഗളൂരുവില്‍ അറസ്റ്റില്‍

Published on Tue, 06/14/2011 
ബംഗളൂരു: കേരളത്തില്‍ 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ നാനോ എക്‌സല്‍ കമ്പനിയുടെ ഡയറക്ടര്‍ ബംഗളൂരുവില്‍ അറസ്റ്റിലായി. ബംഗളൂരു പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ചേലക്കര സ്വദേശിയായ പാട്രിക് തോമസിനെയാണ് അറസ്റ്റ് ചെയ്തത്. വഞ്ചന നടത്തിയതായി കമ്പനി തന്നെ നല്‍കിയ പരാതിയിലാണ് അള്‍സൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
2007ല്‍ ആന്ധ്ര കേന്ദ്രീകരിച്ചാണ് നാനോ എക്‌സല്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. 2008ല്‍ തൃശൂര്‍ മുഖ്യ ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ കമ്പനി നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങിലൂടെ ഉല്‍പന്നങ്ങളും മറ്റും നല്‍കുമെന്ന് പ്രചരിപ്പിച്ചിരുന്നു. വാഗ്ദാനങ്ങള്‍ വിശ്വസിച്ച് നൂറുകണക്കിന് പേരാണ് ലക്ഷങ്ങള്‍ നിക്ഷേപിച്ചത്. കമ്പനിക്കെതിരെ 600 പേര്‍ പരാതി നല്‍കിയിട്ടുമുണ്ട്. 300 കോടിയോളം രൂപ കമ്പനി തട്ടിയെടുത്തതായാണ് പരാതികളില്‍ പറയുന്നത്. തട്ടിപ്പ് പുറത്തുവന്നതോടെ ഒന്നര വര്‍ഷമായി  കമ്പനിയുടെ പ്രവര്‍ത്തനം നിലക്കുകയും ചെയ്തു. പാട്രിക് തോമസും മറ്റ് മൂന്ന് പേരും നാട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു. നിക്ഷേപകര്‍ക്ക് വണ്ടിച്ചെക്ക് നല്‍കി കമ്പനി കബളിപ്പിക്കുകയും ചെയ്തു. നിക്ഷേപകര്‍ സംഘടിച്ചതോടെ പാട്രിക്  തോമസ് അടക്കമുള്ളവര്‍ പണവുമായി മുങ്ങിയതായുള്ള പ്രചാരണവുമായി നാനോ എക്‌സല്‍ കമ്പനിയും രംഗത്തുവന്നിരുന്നു.

നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്: കര്‍ശന നടപടി വേണം -ജമാഅത്തെ ഇസ്‌ലാമി

Published on Tue, 06/14/2011 
കോഴിക്കോട്: നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ ബഹുകോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്, ഡയറക്ട് മാര്‍ക്കറ്റിങ്, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് തുടങ്ങിയ പേരുകളില്‍ ജനങ്ങളെ വഞ്ചിച്ച് പണം കൈക്കലാക്കുന്ന സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. നിയമസംവിധാനത്തിലെ പഴുതുകള്‍ ഉപയോഗിച്ചും വമ്പിച്ച പരസ്യങ്ങള്‍ നല്‍കിയുമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങിന്റെ എല്ലാ രൂപങ്ങളെയും നിയന്ത്രിക്കാനാവശ്യമായ പഴുതടച്ച നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ സന്നദ്ധമാവണം. ഇത്തരം തട്ടിപ്പുകമ്പനികളുടെ പരസ്യങ്ങള്‍ നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണം. തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി കൈക്കൊള്ളാന്‍ സര്‍ക്കാറും സന്നദ്ധമാവണം -സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങിന്റെ ചതിക്കുഴികളെക്കുറിച്ച് വളരെ നേരത്തെ തന്നെ ജമാഅത്തും പോഷകസംഘടനകളും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചതാണ്. എന്നാല്‍, അധ്വാനിക്കാതെ എളുപ്പം പണം സമ്പാദിക്കണമെന്ന മോഹചിന്ത വീണ്ടും ജനങ്ങളെ ഇത്തരം ചതിക്കുഴികളില്‍ ചാടിക്കുകയാണ്. ഒന്നിന് പിറകെ മറ്റൊന്നായി ഇത്തരം സംഘങ്ങള്‍ ഉയര്‍ന്നുവരികയും പൊളിയുകയും ചെയ്യുന്നത് ഇതുകൊണ്ടാണ്.  കേരളീയ സമൂഹത്തിന്റെ വലിയൊരു ദൗര്‍ബല്യവും രോഗവുമായി ഇത് മാറിയിരിക്കുന്നു. ഇത്തരം സംഘങ്ങള്‍ക്കും ഈ സംസ്‌കാരത്തിനുമെതിരെ സാംസ്‌കാരികവും ജനകീയവും നിയമപരവുമായ ശക്തമായ മുന്നേറ്റം രൂപപ്പെടേണ്ടതുണ്ടെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.