Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Wednesday, June 29, 2011

ടൈക്കൂണ്‍ തട്ടിപ്പ് 410 കോടി കവിഞ്ഞു

വടകര: ടൈക്കൂണ്‍ മണിചെയിന്‍ നിക്ഷേപ തട്ടിപ്പിലൂടെ 410 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. നേരത്തെ കണ്ടെത്തിയ 370 കോടിക്ക് പുറമേ എച്ച്.ഡി.എഫ്.സി ബാങ്കില്‍ നടത്തിയ പരിശോധനയില്‍ 40കോടി രൂപയുടെ ഇടപാട് നടന്നതായി വെളിപ്പെട്ടു.
ബാങ്കില്‍ ചെറിയ നിക്ഷേപം മാത്രമാണ് ബാക്കിയുള്ളത്. ഇതിന് പുറമേ ഊട്ടിയില്‍ 900 എക്കര്‍ ഭൂമി കമ്പനിയുടെ പേരിലുണ്ടെന്ന അവകാശ വാദം വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 10ലക്ഷം രൂപ വിലവരുന്ന അഞ്ചര ഏക്കര്‍ ഭൂമിമാത്രമാണ് കമ്പനിയിലെ ഇടപാടുകാരില്‍ ഒരാളുടെ പേരില്‍ ഇവിടെ ഉള്ളത്.
ടൈക്കൂണിന്റെ വിവിധ സംസ്ഥാനങ്ങളിലെ 130 ഏജന്റുമാരെ കഴിഞ്ഞ മൂന്നുമാസം മുമ്പ് ഊട്ടിയിലെ വ്യാജഭൂമി കാണിച്ച് തെറ്റിദ്ധരിപ്പിച്ചതായി കസ്റ്റഡിയിലുള്ള രവിചന്ദ്രന്‍, പി.എം. ഗോപിനാഥ്എന്നിവര്‍ ചെന്നൈയില്‍ കൊണ്ടുപോയി നടത്തിയ അന്വേഷണത്തില്‍ വെളിപ്പെടുത്തിയതായി കേസിന് നേതൃത്വം നല്‍കുന്ന വടകര ക്രൈം ഡിറ്റാച്ച് മെന്റ് ഡി.വൈ.എസ്.പി ടി.പി സദാനന്ദന്‍ പറഞ്ഞു.

ടൈക്കൂണ്‍ 410 കോടി തട്ടിയെന്ന് തെളിഞ്ഞു

വടകര: ടൈക്കൂണ്‍ എംപയര്‍ ഇന്റര്‍നാഷനല്‍ ലിമിറ്റഡിന്റെ പേരില്‍ 410 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. നേരത്തെ ചെന്നൈയിലെ വിവിധ ബാങ്കുകളില്‍ നടത്തിയ പരിശോധനയില്‍ 370 കോടിയുടെ ഇടപാട് നടന്നതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം എച്ച്.ഡി.എഫ്.സി ബാങ്കുകളില്‍ നടത്തിയ പരിശോധനയില്‍ 40 കോടിയുടെ കൂടി ഇടപാട് നടന്നതായി പൊലീസ് കണ്ടെത്തി.
ഇതിനുപുറമെ ഊട്ടിയില്‍ ടൈക്കൂണിന്റെ പേരില്‍ 900 ഏക്കര്‍ ഭൂമിയുണ്ടെന്ന പ്രചാരണവും വ്യാജമാണെന്ന് തെളിഞ്ഞു. മൂന്നു മാസം മുമ്പ് ടൈക്കൂണിന്റെ 130 ഓളം സുപ്രധാന ഏജന്റുമാരെ ഊട്ടിയിലെ എമറാണ്‍സ് എന്ന സ്ഥലത്ത് വലിയ മല കാണിച്ച് ടൈക്കൂണ്‍ സിറ്റി പണിയാന്‍ 900 ഏക്കര്‍ സ്ഥലമുള്ളതായി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, 10 ലക്ഷം രൂപ വിലയുള്ള അഞ്ചര ഏക്കര്‍ സ്ഥലം മാത്രമാണ് ഇവിടെയുള്ളത്. ഇതുതന്നെ ടൈക്കൂണ്‍ ഉടമകളില്‍ ചിലരുടെ സ്വന്തം പേരില്‍ വാങ്ങിയതാണ്. ഊട്ടി ജോയന്റ് രജിസ്ട്രാര്‍ ഓഫിസിലും കുന്താ താലൂക്ക് ഓഫിസിലും നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇക്കാര്യം ബോധ്യമായതെന്ന് പൊലീസ് പറഞ്ഞു.
കസ്റ്റഡിയില്‍ വാങ്ങിയ ടൈക്കൂണ്‍ സീനിയര്‍ ഏജന്റുമാരായ രവിചന്ദ്രനെയും ഗോപിനാഥിനെയും ചെന്നൈയില്‍ കൊണ്ടുപോയി അന്വേഷണസംഘം നടത്തിയ തെളിവെടുപ്പിലാണ് വ്യാജഭൂമി കാണിച്ച് നടത്തിയ പ്രചാരണകഥ പുറത്തുവന്നത്. ടൈക്കൂണിന്റെ പണമിടപാട് നടത്തിയ പന്ത്രണ്ടോളം ബാങ്കുകളിലെ അകൗണ്ട് മരവിപ്പിച്ചുകഴിഞ്ഞു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക് എന്നിവിടങ്ങളില്‍ പരിശോധന നടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു. വ്യാജ മേല്‍വിലാസം ഉപയോഗിച്ച് ടൈക്കൂണിനുവേണ്ടി ബാങ്ക് അകൗണ്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടാക്കിയ കമലാ കണ്ണന്‍, സദാശിവം എന്നിവര്‍ യഥാര്‍ഥ ഫോട്ടോ ആണ് ഉപയോഗിച്ചത്.
ഇവരെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചുകഴിഞ്ഞു. ടൈക്കൂണ്‍ തട്ടിപ്പ് കേരളം, ചെന്നൈ എന്നിവിടങ്ങളില്‍ മാത്രമല്ല മറ്റു പല സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്നതായാണ് പൊലീസിന്റെ വിലയിരുത്തല്‍. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ മാത്രമേ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിയുകയുള്ളൂ. പൊലീസ് കസ്റ്റഡിയിലുള്ള ഏജന്റുമാരെ ബുധനാഴ്ച വൈകീട്ടോടെ പയ്യോളി കോടതിയില്‍ ഹാജരാക്കി.

Monday, June 20, 2011

വെറൈസണ്‍ മണി തട്ടിപ്പ്:

വെറൈസണ്‍ മണി തട്ടിപ്പ്: 3 പേര്‍ പിടിയില്‍
ദേശാഭിമാനി
Posted on: 21-Jun-2011 12:29 AM
ആലുവ: വെറൈസണ്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് എന്ന സ്ഥാപനത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നുപേരെ പൊലീസ് സേലത്തു നിന്നും അറസ്റ്റ്ചെയ്തു. സ്ഥാപനത്തിന്റെ എംഡി കളമശേരി ചങ്ങമ്പുഴ നഗര്‍ ഇന്‍ഫ്ര ഹില്ലോക്കില്‍ ഡോ. സന്ദീപ് കെ ജോസ് (42), ഡയറക്ടര്‍മാരായ കോട്ടയം മീനച്ചില്‍ നടുവിലക്കൂറ്റ് ബിജോയ് സെബാസ്റ്റ്യന്‍ (45), തായിക്കാട്ടുകര മേപ്പുള്ളി ഹംസയുടെ വീട്ടിലെ വാടകക്കാരനായ കൊല്ലം ചവറ പുത്തന്‍പുരക്കല്‍ സുനില്‍ ഹെന്‍ഡസ് (28) എന്നിവരാണ് അറസ്റ്റിലായത്. മണി ചെയിന്‍ മാതൃകയിലായിരുന്നു തട്ടിപ്പ്. ഇവരുടെ സഹോദരസ്ഥാപനമായ എന്‍കോര്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ 6000 രൂപയുടെയും വെറൈസണ്‍ ബില്‍ഡേഴ്സില്‍ 1000 രൂപയുടെയും ബോണ്ടാണ് അംഗമായി ചേരാന്‍ മിനിമം എടുക്കേണ്ടത്. 25,000 പേരെ ഇത്തരത്തില്‍ ചേര്‍ത്തതിന്റെ രേഖകള്‍ റെയ്ഡ് നടത്തി മുമ്പ് പിടിച്ചെടുത്തിരുന്നു. ആലുവ ബൈപാസിനു സമീപം പരിയാരത്ത് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ ഓഫീസില്‍ 13നാണ് റെയ്ഡ് നടത്തിയത്. മിനിമം ബോണ്ട് 7000 രൂപയാണ് നിശ്ചയിച്ചിരുന്നതെങ്കിലും അഞ്ചുലക്ഷത്തിന്റെയും ഏഴുലക്ഷത്തിന്റെയും ബോണ്ട് എടുത്തവരും ഉണ്ട്. ഇടുക്കി ജില്ലയിലെ ബൈസണ്‍വാലിയില്‍ ഇവര്‍ക്ക് ഒരേക്കര്‍ 80 സെന്റ് സ്ഥലവും മൂവാറ്റുപുഴക്കടുത്ത് മണ്ണൂരില്‍ ഒരേക്കര്‍ 78 സെന്റ് സ്ഥലവുമുള്ളതായി കണ്ടെത്തി. ചൂര്‍ണിക്കരയില്‍ സില്‍വര്‍ ക്രസ്റ്റ് എന്ന പേരില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റുകളില്‍ 11 എണ്ണം വിറ്റു. നാല് ഫ്ളാറ്റ് വിറ്റിട്ടില്ല. എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിടി, എസ്ബിഐ തുടങ്ങിയ ബാങ്കുകളിലെ വിവിധ ശാഖകളിലായി 20,14,026 രൂപയുടെ നിക്ഷേപം ഇവര്‍ക്ക് ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഒളിവില്‍പ്പോയ പ്രതികള്‍ തൊടുപുഴ, അങ്കമാലി, മൂന്നാര്‍ , തേനി, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ മാറിമാറി താമസിച്ചു. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് പ്രതികളെ സേലത്തെ ഹോട്ടലില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. ബിനാനിപുരം എസ്ഐ കെ സി മനോജ്, പൊലീസുകാരായ പ്രസന്നകുമാര്‍ , ഹരി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. ആലുവ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്ചെയ്തു.

തട്ടിപ്പുകളുടെ ഘോഷയാത്ര

ദേശാഭിമാനി മുഖപ്രസംഗം


Posted on: 20-Jun-2011 11:52 PM
മലയാളി ക്രൂരമായി വഞ്ചിക്കപ്പെടുകയാണ്-അല്ലെങ്കില്‍ ചതിക്കെണികളില്‍ സ്വയമേവ ചെന്നു വീഴുകയാണ്. തുടക്കം കുറെ ചിട്ടിക്കമ്പനികളുടെ വെട്ടിപ്പായിരുന്നു. അതുകഴിഞ്ഞ് ബ്ലേഡുകമ്പനികള്‍ പണം അറുത്തെടുത്തുകൊണ്ടുപോയി. പിന്നാലെ "ആട്, തേക്ക്, മാഞ്ചിയം" തട്ടിപ്പുകള്‍വന്നു. അടുത്ത തലമുറയായി മണിചെയിനുകള്‍ , പണമിരട്ടിപ്പ് സ്ഥാപനങ്ങള്‍ , ഫ്ളാറ്റ് നിര്‍മാണക്കരാര്‍ . ശബരീനാഥ് എന്ന യുവാവ് പണം ഇരട്ടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനംചെയ്തപ്പോള്‍ മുന്‍പിന്‍നോക്കാതെ നിക്ഷേപിക്കാന്‍ ആയിരങ്ങളാണെത്തിയത്. അങ്ങനെ കിട്ടിയ നിക്ഷേപപ്പണം ആഡംബരക്കാറുകള്‍ വാങ്ങാനും നിശാക്ലബ്ബുകളില്‍ ആറാടിത്തീര്‍ക്കാനുമാണ് അയാള്‍ ഉപയോഗിച്ചത്. വിവരം പുറത്തുവരുമ്പോഴേക്ക് കോടികള്‍ മുങ്ങിയിരുന്നു. പറ്റിക്കപ്പെട്ടവര്‍ ഇപ്പോഴും ഇരുട്ടില്‍തന്നെ.

ഈ തട്ടിപ്പിനു പിന്നാലെ സമാനമായ നിരവധി സംഭവങ്ങള്‍ വാര്‍ത്തയിലിടം നേടി. ഏറ്റവുമൊടുവില്‍ സംസ്ഥാനത്തിന്റെ പൊലീസ് മേധാവി തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്കുമുന്നില്‍ വിളിച്ചു പറയുന്നു-മണിചെയിന്‍ ഇടപാടുകാര്‍ സംസ്ഥാനത്ത് നടത്തിയത് ആയിരം കോടി രൂപയുടെ തട്ടിപ്പാണെന്ന്. നിക്ഷേപിക്കുന്നവര്‍ക്കും നിക്ഷേപം ആകര്‍ഷിക്കുന്നവര്‍ക്കും അത്യാകര്‍ഷകമായ ആനുകൂല്യങ്ങളും 100 മുതല്‍ 200 വരെ ശതമാനം പലിശയും വാഗ്ദാനംചെയ്താണ് മണിചെയിന്‍ തട്ടിപ്പുകള്‍ നടക്കുന്നത്. വന്‍ തട്ടിപ്പ് പിടിക്കപ്പെട്ട് സര്‍ക്കാര്‍ നേരത്തെ പൂട്ടിച്ച കമ്പനികള്‍തന്നെ പുതിയ പേരില്‍ രജിസ്റ്റര്‍ചെയ്ത് പുനരവതരിക്കുന്നു. അന്തര്‍ദേശീയ ബന്ധമുള്ള കമ്പനികളുമുണ്ട് ഇതില്‍ . ചിലത് പണം നിക്ഷേപമായി വാങ്ങിയാണ് തട്ടിപ്പു നടത്തുന്നതെങ്കില്‍ , മറ്റുചിലത് ആകര്‍ഷകമായ സാങ്കേതിക ഉപകരണങ്ങളുടെ വില്‍പ്പന എന്ന പേരിലാണ് പണം വാരിക്കൂട്ടുന്നത്. കൂടുതല്‍പേരെ ആ വഴിയിലേക്കാകര്‍ഷിച്ചാല്‍ സ്വപ്നതുല്യമായ പ്രതിഫലം ലഭിക്കുമെന്ന വാഗ്ദാനവുമുണ്ട്. പൊലീസിലെ വലിയ ഉദ്യോഗസ്ഥര്‍പോലും ഈ തട്ടിപ്പുകളില്‍ അഗാധമായി മുഴുകിയിരിക്കുന്നു. അവരാണ് ചിലതിന്റെ പ്രൊമോട്ടര്‍മാര്‍ . ആപ്പിള്‍ എ ഡേ, ബിസാര്‍ , ഹൊറൈസണ്‍ , ടൈക്കൂണ്‍ -ഇവയെല്ലാം കുറെ നാളായി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പേരുകളാണ്.

ആപ്പിള്‍ എ ഡേ ഫ്ളാറ്റ് തട്ടിപ്പുകേസിലെ ഇരകളിലേറെയും സാധാരണക്കാരാണ്. ചെലവ് കുറഞ്ഞ വീട് എന്ന പ്രചാരണത്തിലൂടെയും റോഡ് ഷോകളിലൂടെയും നടത്തിയ തട്ടിപ്പില്‍ ഭൂരിഭാഗവും കുടുങ്ങിയത് ഗള്‍ഫിലും മുംബൈയിലും ചെന്നൈയിലുമടക്കമുള്ള താഴ്ന്ന വരുമാനക്കാരാണ്. അധ്വാനിച്ച് സമ്പാദിച്ചതും ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുകയുമാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. ന്യൂ കൊച്ചിന്‍ , ആപ്പിള്‍ ഡോട്ട് കോം കാക്കനാട്, നാനോ ഹോംസ്, ആപ്പിള്‍ ഐസ്, വണ്‍ ബിഎച്ച്കെ, മൈ ഹട്ട്, ആപ്പിള്‍ സ്യൂട്ട്, ബിഗ് ആപ്പിള്‍ , ന്യൂ കൊച്ചി/വണ്‍ ബിഎച്ച്കെ, നാനോ വില്ല, ആപ്പിള്‍/ന്യൂകൊച്ചി തുടങ്ങിയ പദ്ധതികളുടെ പേരില്‍ അപ്പാര്‍ട്മെന്റ്, വില്ല, കോട്ടേജ്, വീട് വയ്ക്കാന്‍ സ്ഥലം എന്നിവ വാഗ്ദാനംചെയ്താണ് തട്ടിപ്പ് അരങ്ങേറിയത്. നിശ്ചയിച്ച സമയത്ത് കരാര്‍ പൂര്‍ത്തിയാക്കാത്തതിനെത്തുടര്‍ന്ന് പരാതിയുമായി എത്തിയവര്‍ക്ക് കമ്പനി ഉടമകള്‍ ചെക്ക് നല്‍കി. ചെക്ക് മടങ്ങിയപ്പോള്‍ നിക്ഷേപകര്‍ പരാതി നല്‍കി. അങ്ങനെയാണ് തട്ടിപ്പ് പുറത്തായത്. തട്ടിപ്പുകാര്‍ പിടിയിലായി-പക്ഷേ പോയ പണം തിരിച്ചുകിട്ടുമോ, കിട്ടിയാല്‍ത്തന്നെ എത്ര എന്ന വേവലാതിയിലാണ് നിക്ഷേപകര്‍ . മണിചെയിന്‍ നിക്ഷേപ പദ്ധതിയിലൂടെ ടൈക്കൂണ്‍ എംപയര്‍ ഇന്റര്‍നാഷണല്‍ കമ്പനി 370 കോടി രൂപ തട്ടിയതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം പതിനായിരം രൂപ വീതം 36 മാസം തുടര്‍ച്ചയായി നല്‍കുമെന്ന് പറഞ്ഞാണ് ടൈക്കൂണ്‍ ആളുകളെ ചേര്‍ത്തത്. കൂടുതല്‍ ആളുകളെ ചേര്‍ക്കുമ്പോള്‍ അതിന്റെ പത്ത് ശതമാനവും നല്‍കുമെന്നായിരുന്നു വാഗ്ദാനം. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ അംഗങ്ങളാക്കിയത് ഒരു ലക്ഷത്തോളം പേരെയാണ്. ഇവരില്‍നിന്ന് 120 കോടിയിലേറെ രൂപ ഓഹരിയായി സമാഹരിച്ചു. ഇതില്‍ 50 കോടിയോളം രൂപയുടെ സ്വത്തുവകകള്‍ വാങ്ങിയിട്ടുണ്ടെങ്കിലും മറ്റു തുക കമ്പനിയുടെ മേലെത്തട്ടിലുള്ളവര്‍ സ്വന്തമാക്കി. അവിടെയും പണം മുടക്കിയവര്‍ അന്തംവിട്ട് നില്‍ക്കുന്നു.

ഫ്ളാറ്റ് നിര്‍മിച്ചുനല്‍കാമെന്നു പറഞ്ഞ് കോടികള്‍ തട്ടിയ "ഹൊറൈസണ്‍ ബില്‍ഡേഴ്സ്" കേസില്‍ പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി കോണ്‍ഗ്രസ് നേതാവായ കേന്ദ്രസഹമന്ത്രിയുടെ ബന്ധുവാണെന്നാണ് വന്നിട്ടുള്ള ഒരു വാര്‍ത്ത. സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ണികളാക്കാമെന്ന് പറഞ്ഞ് ആയിരങ്ങളെ വഞ്ചിച്ച ബിസാര്‍ ഗ്ലോബല്‍ മാര്‍ക്കറ്റിങ് സിസ്റ്റം ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍പദവിയില്‍ പൊലീസ് ഉദ്യോഗസ്ഥനാണ്. മണിചെയിന്‍ തട്ടിപ്പില്‍ പ്രൊമോട്ടര്‍മാരായി പ്രവര്‍ത്തിച്ച പൊലീസുകാരെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടിയെടുക്കുമെന്ന് പൊലീസ് മേധാവിക്ക് പറയേണ്ടിവന്നിരിക്കുന്നു. ആള്‍ദൈവക്കൂട്ടങ്ങളിലും ജാതി-മത രാഷ്ട്രീയത്തിന്റെ സ്വാധീനവലയത്തിലും മാത്രമല്ല ഇത്തരം തട്ടിപ്പുകളിലും മലയാളികള്‍ എളുപ്പം വീണുപോകുന്നത് നാം അഭിമാനിക്കുന്ന സാംസ്കാരിക ഔന്നത്യത്തിന് നിരക്കുന്ന ഒന്നല്ല. സര്‍ക്കാര്‍ നടപടികള്‍കൊണ്ടുമാത്രം ചികിത്സിച്ച് മാറ്റാവുന്ന അസുഖമല്ലിത്. ആഗോളവല്‍ക്കരണത്തിന്റെ തുറന്നിട്ട വാതിലുകളിലൂടെ സമൂഹശരീരത്തിലേക്ക് തറച്ചുകയറുന്ന അരാജകത്വത്തിന്റെയും അരാഷ്ട്രീയത്തിന്റെയും അമിത ലാഭമോഹത്തിന്റെയും ഉല്‍പ്പന്നമാണീ തട്ടിപ്പുകള്‍ . നഷ്ടപ്പെട്ടുപോകുന്ന പൊതു ചര്‍ച്ചാഇടങ്ങള്‍ മനുഷ്യന്റെ വിവേകത്തെയും കെടുത്തും.

ഇന്ത്യന്‍ ഭരണനേതൃത്വവും കോര്‍പറേറ്റ് ലോബിയും പ്രമുഖ മാധ്യമ രാജാക്കന്മാരും ചേര്‍ന്ന് നടത്തുന്ന കൊടുംകൊള്ളയുടെ മറ്റൊരു പതിപ്പായി ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കേണ്ടതുണ്ട്. അതോടൊപ്പം, പ്രതിയുടെ മടിയുടെ കനം നോക്കി അന്വേഷണത്തിലും നടപടികളിലും വെള്ളം ചേര്‍ക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആഗ്രഹത്തെയും ചെറുക്കാനാകണം. തട്ടിപ്പുകാരെ പിടികൂടുന്നതുപോലെത്തന്നെ പ്രധാനമാണ് ജനങ്ങള്‍ തട്ടിപ്പിനിരയാകാതെ സൂക്ഷിക്കുന്നതിനുള്ള കടമയും. നഗരത്തിലെ തിരക്കുപിടിച്ച കുടുസ്സുനിരത്തില്‍ ഒളിഞ്ഞിരുന്ന് ഹെല്‍മെറ്റ് വേട്ടയും സീറ്റ്ബെല്‍റ്റ് വേട്ടയും നടത്താന്‍ മിടുക്കുകാട്ടുന്ന നമ്മുടെ പൊലീസുകാര്‍ക്ക് ഇത്തരം തട്ടിപ്പുകാരെ കണ്ടാല്‍ തിരിച്ചറിയാനും പിടിക്കാനുമാകണം. വഞ്ചിക്കപ്പെടാനാകരുത്, വഞ്ചകരെ പിടിച്ചുകെട്ടാനുള്ളതാകണം മലയാളിയുടെ ഇടപെടലുകള്‍ .

Sunday, June 19, 2011

മണിചെയിന്‍ : 1000 കോടിയുടെ തട്ടിപ്പ് -ഡി.ജി.പി

ആലുവ: കേരളത്തില്‍ 1000 കോടി രൂപയുടെ മണിചെയിന്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഡി.ജി.പി. ജേക്കബ് പുന്നൂസ്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മാത്രമായാണ് ഇത്രയും തുക വന്നത്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് പണം നഷ്ടപ്പെട്ടു. ഈ തട്ടിപ്പിനെതിരെ കര്‍ശന നടപടിയെടുക്കും. ഇതില്‍ ഏര്‍പ്പെട്ട പൊലീസുകാരെ വേണ്ടിവന്നാല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു.
ആലുവ പൊലീസ് ക്ലബില്‍ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത ഇത്തരം ധാരാളം തട്ടിപ്പുകള്‍ സംസ്ഥാനത്ത് വേറെയും നടക്കുന്നു. അത് കൂടി കണക്കിലെടുത്താല്‍ കോടികളുടെ എണ്ണം പെരുകും. മണി ചെയിന്‍ തട്ടിപ്പ് നടത്തിയവരും അതില്‍ ആളുകളെ കണ്ണി ചേര്‍ത്തവരും കുറ്റക്കാരാണ്. അവര്‍ക്കെതിരെയും നടപടിയുണ്ടാകും.
കോഴിക്കോട്,വയനാട്,എറണാകുളം ജില്ലകളിലായാണ് കൂടുതല്‍ തട്ടിപ്പ് നടന്നത്. സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ വിവിധ ജില്ലകളില്‍ നിന്നുള്ള മിടുക്കരായ പൊലീസുദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മണി ചെയിന്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവരും പണം ഉണ്ടാക്കിയവരുമായ പൊലീസുകാരുണ്ട്. പലരും അറിയാതെ പെട്ടുപോയതാണ്. സ്ഥാപനത്തിന് കൂടുതല്‍ വിശ്വാസ്യത കിട്ടാനാണ് പലരും പൊലീസുകാരെ ഇതില്‍ ചേര്‍ക്കുന്നത്. ഇതിലൂടെ സാധാരണക്കാരെ ആകര്‍ഷിക്കാന്‍ അവര്‍ക്കാകും. ഏതെങ്കിലും പൊലീസുദ്യോഗസ്ഥന്‍ വഴിവിട്ട് സാമ്പത്തിക തട്ടിപ്പുകാര്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ടെില്‍ പിരിച്ചുവിടുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികളെടുക്കും.
ഒരാള്‍ ചേര്‍ന്ന് ഒരാളെക്കൂടി ചേര്‍ത്താല്‍ ഇരട്ടി വരുമാനം എന്ന് പറഞ്ഞ് നടത്തുന്ന സ്ഥാപനങ്ങളെല്ലാം തട്ടിപ്പാണ്. ഇത്തരം ശൃംഖലകള്‍ എവിടെയെങ്കിലും വെച്ച് പൊളിയും. അതിനാല്‍ ഇന്ത്യന്‍ നിയമപ്രകാരം എല്ലാ മണി ചെയിന്‍ സ്ഥാപനങ്ങളും നിയമവിരുദ്ധമാണ്. ജനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണം. കേരളം,ഹൈദരാബാദ്,ചെന്നൈ,കര്‍ണാടക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ പുരോഗമിക്കുന്നത്. ഇതിന്റെ നടത്തിപ്പുകാര്‍ക്കും കണ്ണികള്‍ക്കുമെതിരെ നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യും.അടിയന്തരമായി വിഷയം മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തും.
മണി ചെയിന്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്ന ബാങ്കിങ് സൗകര്യങ്ങള്‍ അദ്ഭുതപ്പെടുത്തുന്നു. പല വ്യാജ വിലാസങ്ങളില്‍ ഇവര്‍ ബാങ്കുകളില്‍ നിന്ന് അക്കൗണ്ടുകള്‍ സംഘടിപ്പിക്കുന്നു.അടുത്തിടെ പിടിയിലായ 300 കോടി തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന് വിവിധ ബാങ്കുകളിലായി 14 വ്യാജ അക്കൗണ്ടുകളുണ്ട്.ബാങ്കിങ് വ്യവസ്ഥക്ക് തന്നെ അപമാനകരമായ ഇത് അടിയന്തരമായി റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പെടുത്തും.
റിസര്‍വ് ബാങ്ക് നിശ്ചയിച്ചതിനെക്കാള്‍ കൂടുതല്‍ പലിശ കൊടുക്കുകയോ ഈടാക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. തെറ്റായ രീതിയില്‍ അഡ്വാന്‍സ് വാങ്ങുന്ന ഫ്‌ളാറ്റ് നിര്‍മാതാക്കളെ നിരീക്ഷിച്ച് അവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും ഡി.ജി.പി പറഞ്ഞു.
ക്രിമിനല്‍ പശ്ചാത്തലവും മാഫിയാ ബന്ധവുമുള്ള ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് തയാറാക്കാനും യോഗത്തില്‍ ധാരണയായി. ഉത്തര മേഖലാ എ.ഡി.ജി.പി രാജേഷ് ദിവാന്‍, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വിന്‍സന്‍ എം.പോള്‍,റേഞ്ച് ഐ.ജിമാരായ ആര്‍. ശ്രീലേഖ, ബി.സന്ധ്യ, തൃശൂര്‍, എറണാകുളം,കോഴിക്കോട് ജില്ലകളിലെ പൊലീസ് കമീഷണര്‍മാര്‍,കാസര്‍കോട് മുതല്‍ ഇടുക്കി വരെയുളള ജില്ലകളിലെ എസ്.പി മാര്‍ എന്നിവര്‍ പങ്കെടുത്തു.

മണിചെയിന്‍ തട്ടിപ്പ് 1000 കോടിയുടേത്‌



തട്ടിപ്പ് എ ഡേ -2


2007ലാണ് സംസ്ഥാനത്തെ റിയല്‍ എസ്‌റ്റേറ്റ് വിപണി അതിന്റെ അത്യുന്നതിയിലെത്തിയത്. ഭൂമിയില്‍ മുതല്‍ മുടക്കിയാല്‍ ഒരിക്കലും നഷ്ടം വരില്ലെന്ന വിശ്വാസം ഇക്കാലത്ത് ഉറച്ചു. മറിച്ചുവിറ്റ് ലാഭമുണ്ടാക്കാന്‍ വേണ്ടി മാത്രമായിരുന്നു ജനം വസ്തു വാങ്ങിയിരുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം പിടിമുറുക്കി തുടങ്ങിയ 2008 പകുതിയായപ്പോഴേക്കും വസ്തുകച്ചവടം കുറഞ്ഞു. നവംബറില്‍ അത് നിലച്ചു. കുറച്ചുനാള്‍ അനങ്ങാതിരുന്ന, അതിബുദ്ധിമാന്മാരായ നമ്മുടെ നാട്ടുകാര്‍ മറ്റൊരു വഴിക്ക് ചിന്തിച്ചു. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കയറ്റിറക്കങ്ങള്‍ ചാക്രികമായുള്ള പ്രതിഭാസമാണല്ലോ. അങ്ങനെയെങ്കില്‍ രണ്ടുവര്‍ഷത്തിനുശേഷം മറ്റൊരു ബൂം ഇവിടെ ഉണ്ടാകണം. ഇതിന്റെ പ്രചാരകര്‍ മോഹിപ്പിക്കുന്ന ഒരു കണക്കും പുറത്തുവിട്ടു. അത് ഏതാണ്ട് ഇങ്ങനെ ചുരുക്കാം.
2005ല്‍ കൊച്ചിയില്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികളില്‍ ചതുരശ്രയടിക്ക് 1200 രൂപ വരെയായിരുന്നു വില. 2007ല്‍ ഇത് 1800-2000 രൂപയായി. 2008ല്‍ 3200 രൂപയായി ഉയര്‍ത്താന്‍ റിയല്‍ എസ്‌റ്റേറ്റുകാര്‍ നോക്കിയെങ്കിലും മാന്ദ്യം കലശലായിരുന്നതിനാല്‍ 2,200-2,300 രൂപയിലേക്ക് താഴ്ന്നുപോയി. 2,800 രൂപ പ്രാരംഭ വിലയിട്ട ഒരു കമ്പനി മാന്ദ്യകാലത്ത് വില്‍പന കൂട്ടാന്‍ വില 2,200-2,100 രൂപയിലേക്ക് താഴ്ത്തുകയും ചെയ്തു. ഇതേ പദ്ധതി തന്നെ മാന്ദ്യം കഴിയാറായപ്പോള്‍ ചതുരശ്രയടിക്ക് 3,400 രൂപക്ക് വില്‍ക്കുകയും ചെയ്തു. അതായത് റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളില്‍ നിക്ഷേപിച്ചവര്‍ക്ക് രണ്ടുവര്‍ഷം കൊണ്ട് ശരാശരി 45 ശതമാനം വരെ മൂല്യവര്‍ധന ലഭിച്ചു.
മണ്ണിന് പൊന്നുവിലയാകുന്നതിന് കാരണങ്ങള്‍ പലതുണ്ട്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങുന്നത്, കണ്ണൂര്‍ എയര്‍പോര്‍ട്ട് നിര്‍മാണാരംഭം, ഐ.ടി മേഖലയുടെ കുതിപ്പ്, ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാകുന്നത് എന്നിങ്ങനെ നീളുന്നു അത്.
2011ല്‍ സര്‍ക്കാര്‍ മാറുന്നത് റിയല്‍ എസ്‌റ്റേറ്റ് രംഗത്തിന്റെ കുതിച്ചു കയറ്റത്തിന് ഇടയാക്കുമെന്ന ശക്തമായ പ്രചാരണം രണ്ടുവര്‍ഷം മുമ്പേ നടന്നു. പല പദ്ധതികളും ആരംഭിക്കാന്‍ വൈകുന്നത് എന്തെന്ന നിക്ഷേപകരുടെ ചോദ്യത്തെ ബില്‍ഡര്‍മാര്‍ നേരിട്ടിരുന്നത് ഈ കാര്യം ചൂണ്ടിക്കാട്ടിയാണ്. ഒപ്പം പ്രമുഖ സര്‍വേ ഏജന്‍സികള്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ മാറ്റങ്ങള്‍ ഇങ്ങനെ പ്രവചിച്ചു. 2011 മധ്യത്തോടെ ഓഫിസ് വാടക കുത്തനെ ഉയരും. ഇതിനുള്ള ആവശ്യക്കാരില്‍ ഭൂരിപക്ഷവും ഐ.ടി, അതിന്റെ അനുബന്ധ മേഖല, ബാങ്ക്, ധനകാര്യസേവന മേഖല എന്നിവിടങ്ങളില്‍ നിന്നായിരിക്കും.
എല്ലാവര്‍ക്കും വീട് എന്ന ആശയത്തോടെ വന്‍കിട സ്വകാര്യ നിക്ഷേപകര്‍ വില കുറഞ്ഞ വീടുകളുടെ പദ്ധതി അവതരിപ്പിക്കും. നഗരപ്രാന്ത പ്രദേശങ്ങളില്‍ ചതുരശ്രയടിക്ക് 2,000-3000 രൂപ വരെ വിലയുള്ള പദ്ധതികള്‍ കൂടുതല്‍ പ്രഖ്യാപിക്കപ്പെടും. പ്രമുഖ റീടെയ്ല്‍ ശൃംഖലകള്‍ രണ്ടാംനിര, മൂന്നാംനിര പട്ടണങ്ങളിലേക്ക് പടരും. ചുരുക്കിപ്പറഞ്ഞാല്‍ റിയല്‍എസ്‌റ്റേറ്റില്‍ ഇപ്പോള്‍ പണമിടാത്തവര്‍ പമ്പര വിഡ്ഢികളാകും. കണക്കുകള്‍ ഇങ്ങനെ കൊതിപ്പിക്കവെ ഇടത്തരക്കാര്‍ പോലും മുന്‍പിന്‍ ചിന്തിക്കാതെ ഇത്തരം പദ്ധതികളില്‍ പണമിറക്കാന്‍ തുടങ്ങി. കുഗ്രാമങ്ങളില്‍ പോലും വിവിധ പേരുകളില്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ പിറവിയെടുത്തു. ചിലര്‍ കമ്പനി രജിസ്ട്രാറുടെ അടുത്ത് രജിസ്റ്റര്‍ ചെയ്ത് നിക്ഷേപം സ്വീകരിച്ചപ്പോള്‍ മറ്റുചിലര്‍ സ്വയം ഒരു ബോര്‍ഡ് എഴുതിവെച്ച് പണം വാങ്ങിത്തുടങ്ങി. വിദേശമലയാളികളെ ലക്ഷ്യമിട്ടവരും കുറവല്ല. സ്വന്തമായി വെബ്‌സൈറ്റുള്ള 260ഓളം ബില്‍ഡര്‍മാര്‍ ഇപ്പോഴും കേരളത്തിലുണ്ട്.
ഇവ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ണടച്ച് വിശ്വസിച്ച് വിദേശ മലയാളികള്‍ പണം നല്‍കി. ബില്‍ഡര്‍മാര്‍ക്കിടയില്‍ മത്സരം മുറുകിയപ്പോള്‍ ഭാവനകള്‍ നിറഞ്ഞ പദ്ധതികളും പിറവിയെടുത്തു. ഭാവിയില്‍ എത്ര ഇരട്ടി പണം കിട്ടുമെന്ന് നോക്കി നിക്ഷേപകര്‍ പദ്ധതികള്‍ തെരഞ്ഞെടുത്തു. പക്ഷേ, പറയുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷി ബില്‍ഡര്‍മാര്‍ക്കുണ്ടോയെന്ന് പരിശോധിക്കാന്‍ ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. ഈ അനുകൂല സാഹചര്യം മുതലെടുത്താണ് ആപ്പിള്‍ എ ഡേ അടക്കമുള്ളവര്‍ തട്ടിപ്പ് നടത്തിയത്.
(തുടരും)

Thursday, June 16, 2011

നെറ്റ്‌വര്‍ക് മാര്‍ക്കറ്റിംഗ് അടിയന്തിരമായി നിരോധിക്കണം: സോളിഡാരിറ്റി.


------------------------------------------------------------------------------------
കോഴിക്കോട്: കഴിഞ്ഞ പത്തു വര്‍ഷമായി കേരളത്തിലെ ലക്ഷക്കണക്കിന് യുവാക്കളില്‍ നിന്നും പതിനായിരത്തോളം കുടുംബങ്ങൡ നിന്നുമായി പതിനായിരത്തിലധികം കോടി രൂപയുടെ സമ്പത്ത് നെറ്റ്‌വര്‍ക്ക്് മാര്‍ക്കറ്റിംഗ് കമ്പനികള്‍ തട്ടിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് തട്ടിപ്പിനിരയായവര്‍ ജീവിത നൈരാശ്യത്തിലേക്കും കുടുംബ തകര്‍ച്ചയിലേക്കും ആത്മഹത്യയിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് അടിയന്തിരമായി നിരോധിക്കണമെന്ന് സോളിഡാരിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.1999- െല സെബി റെഗുലേഷന്‍ ആക്്ട് പ്രകാരം നെറ്റ് വര്‍ക്ക്് മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് സെബിയുടെ അംഗീകാരം ലഭിക്കണം. എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒറ്റ കമ്പനികള്‍ക്കും സെബിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. 1978-ലെ പ്രൈസ് ആന്റ് ചിറ്റ്‌സ് ആക്ട് പ്രകാരം നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് ഇടപാടുകള്‍ക്ക് നിയന്ത്രണമുണ്ട്. എന്നാല്‍ ഈ ആക്ടിന്റെ പരിമിധികളെ ചൂഷണം ചെയ്തു കൊണ്ടാണ് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികള്‍ തഴച്ചു വളരുന്നത്. അതിനാല്‍ സര്‍ക്കാര്‍ നിലവിലെ ആക്ടിന്റെ പരിമിതികളെ മറികടന്നുകൊണ്ടുള്ള ശക്തമായ നിയമ നിര്‍മ്മാണം നടത്തുകയും ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഫിനാന്‍സ് ക്രെം സെല്ല് രൂപീകരിക്കുകയും കേസുകള്‍ സംസ്ഥാനതലത്തില്‍ ഏകീകരിക്കുകയും വേണം. നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് നിരോധിക്കുന്നതോടൊപ്പം തന്നെ നിലവിലുള്ള കമ്പനികളുടെ അക്കൗണ്ട് അടിയന്തിരമായി മരവിപ്പിക്കണം. അല്ലാത്ത പക്ഷം ടൈക്കൂണ്‍ കമ്പനിയുടെ മാതൃകയില്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കുവാന്‍ ഇടയാക്കും.
2001- ല്‍ സംസ്ഥാനത്ത് നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗിന്റെ തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെട്ടിരുന്നു. എന്നാല്‍ കമ്പനികള്‍ക്കെതിരായ നടപടികള്‍ കര്‍ശനമല്ലാത്തതിനാല്‍ 2006-ല്‍ വീണ്ടും കമ്പനികള്‍ പ്രത്യക്ഷപ്പെടുകയും ഒട്ടേറെ പേര്‍ വഞ്ചിതരാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്ന ഇത്തരം തട്ടിപ്പുകമ്പനികള്‍ക്കു പിന്നില്‍ വന്‍കിട മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായും ഉദ്യോഗസ്ഥര്‍ക്കും അധികാര രാഷ്ട്രീയകാര്‍ക്കും ഇതില്‍ പങ്കുള്ളതായും സംശയിക്കുന്നു. കേരളീയ സമൂഹത്തെ സാമ്പത്തികമായും ധാര്‍മ്മികമായും തകര്‍ത്തുകൊണ്ടിരിക്കുന്ന ഇത്തരം നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കെതിരായി ശക്തമായ സമരപരിപാടികളും ആവിഷ്‌ക്കാരങ്ങളുമായി സോളിഡാരിറ്റി രംഗത്തുവരും. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനികളിലേക്ക് മാര്‍ച്ച് നടത്തുകയും കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കുകയും ചെയ്യും. അടിയന്തിര നടപടികള്‍ക്ക് വേണ്ടി ഡി.ഐ.ജി ഓഫീസ്് മാര്‍ച്ച് സംഘടിപ്പിക്കും. ജില്ലാ പ്രാദേശിക തലങ്ങളില്‍ തട്ടിപ്പിനിരായവരെ സംഘടിപ്പിക്കും. അവര്‍ക്ക് വേണ്ട നിയമപരമായ ഇടപെടലുകള്‍ക്ക് വേദി രൂപീകരിക്കും. നിയമ സഹായവും കൗണ്‍സിലിംഗ് സംവിധാനങ്ങളും ഒരുക്കും. നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് തട്ടിപ്പുകളെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള നടപടികളും സ്വീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.ഐ. നൗഷാദ് (സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്), ടി. മുഹമ്മദ് വേളം( ജനറല്‍ സെക്രട്ടറി), റസാഖ് പാലേരി (സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു

Wednesday, June 15, 2011

ആര്‍ത്തിക്ക് വലയെറിയുന്ന വിപണി സൂത്രങ്ങള്‍

  Click On Image for Enlarge...
Download This File Click Here







ഓണ്‍ലൈന്‍ തട്ടിപ്പ് തടയാന്‍ കീബോര്‍ഡുള്ള ക്രെഡിറ്റ്കാര്‍ഡ്‌

visa card with one time code   


കാഴ്ചയില്‍ സാധാരണ ക്രെഡിറ്റ് കാര്‍ഡ് തന്നെ. അതേ വലിപ്പം, അതേ കനം. ഒരു വ്യത്യാസം മാത്രം, അതിലൊരു ചെറു കീബോര്‍ഡ് കൂടിയുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഓഓണ്‍ലൈന്‍ തട്ടിപ്പ് തടയാനുദ്ദേശിച്ച് യൂറോപ്പില്‍ രംഗത്തെത്തുകയാണ് കീബോര്‍ഡുള്ള പുതിയ കാര്‍ഡ്.
ക്രെഡിറ്റ് കാര്‍ഡിന്റെ സുരക്ഷ ഉറപ്പുവരുത്താനുദ്ദേശിച്ചുള്ള ഈ നീക്കം ‘വിസ’യുടെ യൂറോപ്യന്‍ ശാഖയാണ് പ്രവര്‍ത്തിപഥത്തിലെത്തിച്ചിരിക്കുന്നത്. ചെറിയൊരു കീബോര്‍ഡും ചെറു ഡിസ്‌പ്ലെ പാനലുമുള്ളതാണ് കാര്‍ഡിലുള്ളത്. ‘വിസ കോഡ്ഷുവര്‍ കാര്‍ഡ്’ (Visa CodeSure card) എന്നാണ് ഇതിന്റെ പേര്.
12 ബട്ടണുള്ള കീബോര്‍ഡും ഡിസ്‌പ്ലെയും അടങ്ങിയ കാര്‍ഡിലെ സുരക്ഷാസംവിധാനം മൂന്നുവര്‍ഷം പ്രവര്‍ത്തിക്കാനാവശ്യമായ ബാറ്ററിയും കാര്‍ഡില്‍ തന്നെയുണ്ട്. ‘മെയില്‍ ഓണ്‍ലൈന്‍’ ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
കാര്‍ഡിന്റെ ‘പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍’ (PIN) കീബോര്‍ഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോള്‍, അക്ഷരങ്ങളും സംഖ്യകളുമടങ്ങിയ ഒരു സവിശേഷ രഹസ്യവാക്ക് കാര്‍ഡിന്റെ ഡിസ്‌പ്ലെ ഭാഗത്ത് തെളിയും. ആ രഹസ്യവാക്ക് ടൈപ്പ് ചെയ്താലേ വെബ്ബ് ഷോപ്പിങ് സ്്‌റ്റോറിലെ ക്രയവിക്രയം അംഗീകരിക്കപ്പെടൂ. ഒരു തവണ ലഭിച്ച രഹസ്യവാക്ക് ആയിരിക്കില്ല പിന്നീട് ‘പിന്‍’ ടൈപ്പ് ചെയ്യുമ്പോള്‍ കിട്ടുക.
കാര്‍ഡിന്റെ ‘പിന്‍’ അറിയാവുന്നയാള്‍ക്കേ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാനും ധനമിടപാട് നടത്താനും കഴിയൂ. വിസ കാര്‍ഡുപയോഗിച്ച് ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ടില്‍ പ്രവേശിക്കാനും ഇതേ സുരക്ഷാസംവിധാനം ഉപയോഗിക്കാനാകുമെന്ന് വിസ അധികൃതര്‍ പറയുന്നു

Tuesday, June 14, 2011

ഓണ്‍ലൈന്‍ മണിചെയിന്‍ തട്ടിപ്പ്: മുഖ്യപ്രതി ഒളിവില്‍


തൃക്കരിപ്പൂര്‍/ചെറുവത്തൂര്‍: ഇന്റര്‍നെറ്റ് മണിചെയിന്‍ തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതി  ഒളിവില്‍. തട്ടിപ്പിന്റെ സൂത്രധാരനെന്ന് പൊലീസ് കരുതുന്ന തിരുവനന്തപുരം സ്വദേശി ശക്തി പ്രകാശാണ് (40) ഒളിവിലുള്ളത്. അതേസമയം,ഇന്റര്‍നെറ്റ് മണിചെയിന്‍ തട്ടിപ്പ് കേസില്‍ കണ്ണൂരില്‍ അറസ്റ്റിലായ തിരുവല്ല സ്വദേശികളായ പി.ടി. ഹരിദാസ് (39), യു. പ്രദീപ് (45), ചങ്ങനാശ്ശേരി സ്വദേശി കെ.ബി. പ്രകാശ് എന്നിവരെ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.  
മുഖ്യപ്രതി  ശക്തിപ്രകാശിനെ തേടി എറണാകുളത്തെത്തിയ ചന്തേര എസ്.ഐ എ. നിസാമുദ്ദീനും സംഘത്തിനും ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.
എറണാകുളം ടൗണ്‍ സ്‌റ്റേഷനില്‍ മാത്രം ആറ് കേസുകളിലായി 20.38 കോടി രൂപയുടെ തട്ടിപ്പിന് ശക്തിപ്രകാശിനെതിരെ പരാതിയുണ്ട്. പാലക്കാട് ചിറ്റൂരില്‍ ആറുകോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനും കേസുണ്ട്. മൂന്ന് വിദേശ നിര്‍മിത ആഡംബര കാറുകള്‍ പ്രതി സ്വന്തമാക്കിയിരുന്നു. ഇവ മൂന്നും പിന്നീട് വിറ്റു. അതുപോലെ ഫോര്‍ട്ട് കൊച്ചിയിലുണ്ടായിരുന്ന രണ്ടു മുന്തിയ ഫ്‌ളാറ്റുകളും വില്‍പന നടത്തി.
പരാതികളുണ്ടായപ്പോള്‍ തന്നെ നാല് വീടുകളില്‍ മാറിമാറി താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അതേസമയം, ശക്തിപ്രകാശ് വളരെ തന്ത്രപൂര്‍വം പാപ്പരെന്ന് സ്ഥാപിച്ചെടുക്കാന്‍ കാലേക്കൂട്ടി നടത്തിയ  ആസൂത്രണത്തിന്റെ ഭാഗമാണ് സ്വത്തുക്കള്‍ വിറ്റഴിച്ചതെന്നു അന്വേഷണ സംഘം കരുതുന്നു.
മെട്രോ നഗരങ്ങളില്‍ ഇന്റര്‍നെറ്റ് സാക്ഷരത ദുരുപയോഗം ചെയ്താണ് ആളുകളെ ആകര്‍ഷിച്ചതെങ്കില്‍ അത്യുത്തര കേരളത്തില്‍ ഏജന്റുമാരെ വെച്ചാണ് ആളുകളെ പാട്ടിലാക്കിയത്. വെബ്‌സൈറ്റില്‍ വരുന്ന ലാഭക്കണക്കുകള്‍ കണ്ടു മനക്കോട്ട കെട്ടിയവര്‍ക്ക് മുതല്‍പോലും തിരിച്ചുകിട്ടാത്ത  സാഹചര്യമാണ്  ഉണ്ടായിരിക്കുന്നതെന്നാണ് സൂചന. അതേസമയം, ഇന്റര്‍നെറ്റ് മണിചെയിനില്‍  സംശയം  തോന്നിയ ചിലര്‍ പാതിവഴിയില്‍ നിക്ഷേപം പിന്‍വലിച്ചതായും സൂചന ലഭിച്ചു. നിസാര തുകക്ക് ഇന്ത്യയില്‍  എവിടേക്കും  വിമാന ടിക്കറ്റും  പഞ്ചനക്ഷത്ര   ഹോട്ടലുകളില്‍   താമസവും  വാഗ്ദാനം  ചെയ്ത്  മണിചെയിനില്‍  ആളുകളെ ചേര്‍ത്തതായും വിവരം ലഭിച്ചിട്ടുണ്ട്.
പൊലീസ് പിടിയിലായവര്‍ അസന്റ് ഫോറക്‌സ് എന്ന വ്യാജ കമ്പനിയുടെ പേരിലാണ് പണം തട്ടിയെടുത്തത്. ചിറ്റൂര്‍ പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്ത പരുത്തിപ്പള്ളി കാര്യാട്ട് വീട്ടില്‍ സ്വാമിനാഥനില്‍നിന്ന് ലഭിച്ച വിവരത്തെ ത്തുടര്‍ന്നാണ് നിലവിലില്ലാത്ത കമ്പനിയുടെ പേരില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയതായി അറിഞ്ഞത്. കേരളത്തിലെ എല്ലാ ജില്ലകളിലും വ്യത്യസ്ത പേരുകളിലറിയപ്പെടുന്ന മണിചെയിന്‍ തട്ടിപ്പിനു പിന്നില്‍ ഒരേയാളുകള്‍ തന്നെയാണെന്നാണ് പൊലീസ് നിഗമനം. സംശയമുള്ള മണിചെയിന്‍ പരിപാടികളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. ടി.ഡി.ഡബ്ല്യു.എല്‍, വിസാ ഡ്രൈവ് എന്ന പേരില്‍ കണ്ണൂരില്‍ തട്ടിപ്പ് നടത്തവേയാണ് മൂവരെയും പൊലീസ് പിടികൂടിയത്.
കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരില്‍നിന്നു മാത്രമായി 50 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയെടുത്തത്. നാട്ടില്‍ നന്നായി പ്രവര്‍ത്തിക്കുന്നവരെ വശത്താക്കിയ ശേഷം ഇവരുടെ പേരുകള്‍ മറ്റുള്ളവരെ കാണിച്ചാണ് സംഘം പണം തട്ടിയെടുത്തത്. നിക്ഷേപകരില്‍നിന്ന് സ്വീകരിക്കുന്ന തുക ആസ്‌ട്രേലിയന്‍ ഡോളറായി നിക്ഷേപിച്ച് ഡോളറിന്റെ മൂല്യവര്‍ധന അനുസരിച്ച് ലാഭം ആഴ്ചതോറും നല്‍കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ചെറുവത്തൂര്‍, പിലിക്കോട്, മടക്കര, പടന്ന, മാണിയാട്ട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നായി 70ഓളം പേരാണ് അസന്റ് ഫോറക്‌സ് എന്ന കമ്പനിയില്‍ ചേര്‍ന്ന് വഞ്ചിതരായത്.
വന്‍ തുക ലാഭം കിട്ടുമെന്നറിഞ്ഞ് വായ്പയെടുത്തും കമ്പനിയില്‍ നിക്ഷേപിച്ചവരുണ്ട്. സംഘത്തെ പിടികൂടിയെന്നറിഞ്ഞ് നിരവധി പേരാണ് നഷ്ടപ്പെട്ട തുകയുടെ കണക്കുകളും തെളിവുകളുമായി ചൊവ്വാഴ്ച ചന്തേര പൊലീസ് സ്‌റ്റേഷനിലെത്തിയത്.



ആപ്പിള്‍ എ ഡേ തട്ടിപ്പ്: ഉടമകളുടെ ജാമ്യാപേക്ഷ തള്ളി


കൊച്ചി, ജൂണ് 2, 2011 14:08

നാനോ ഫ്‌ളാറ്റുകളടക്കം കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ചു നല്‍കാമെന്ന്‌ വാഗ്‌ദാനം നല്‍കി നിക്ഷേപകരില്‍ നിന്ന്‌ കോടികള്‍ തട്ടിയ കേസില്‍ ആപ്പിള്‍ എ ഡേ ഉടമകളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ്‌ കോടതി തള്ളി. സ്‌ഥാപനത്തിന്റെ എംഡി കെ.എ. സാജുവും ഡയറക്‌ടര്‍ രാജീവ്‌കുമാര്‍ ചെറുവാരയും നല്‍കിയിരുന്ന ഹര്‍ജികളാണ്‌ തള്ളിയത്‌. 

പദ്ധതി പൂര്‍ത്തിയാക്കാന്‍ 39 കോടി രൂപ മതിയെന്ന്‌ ഉടമകള്‍ക്കു വേണ്ടി അഭിഭാഷകന്‍ എസ്‌. ശ്രീകുമാര്‍ കോടതിയില്‍ അറിയിച്ചു. ഇതിനായി 25 കോടി രൂപയുടെ എല്‍.ഐ.സി വായ്‌പ ലഭിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ കോടതി ഈ വാദം തള്ളിക്കളഞ്ഞു. 30 കോടി രൂപയ്‌ക്ക് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന്‌ നിരീക്ഷിച്ച കോടതി പദ്ധതിയുടെ തുടക്കം മുതല്‍ ജനങ്ങളെ വഞ്ചിക്കണമെന്ന ഉദ്ദേശം ഇവര്‍ക്കുണ്ടായിരുന്നുവെന്ന്‌ ജഡ്‌ജി ജി.കമാല്‍ പാഷ പറഞ്ഞു. 

കേസ്‌ ഡയറി പരിശോധിക്കുന്നതില്‍ നിന്ന്‌ ഞെട്ടിക്കുന്ന കണക്കുകളാണ്‌ ലഭിച്ചത്‌. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒരു ഫ്‌ളാറ്റു പോലും നല്‍കിയിട്ടില്ല. രണ്ടായിരത്തോളം നിക്ഷേപകരെയാണ്‌ ഉടമകള്‍ ഈ കാലയളവില്‍ വഞ്ചിച്ചിരിക്കുന്നത്‌. പണം നഷ്‌ടപ്പെട്ട നിക്ഷേപകര്‍ നെട്ടോട്ടം ഓടുമ്പോള്‍ പ്രതികള്‍ കോര്‍പറേറ്റ്‌ തണലില്‍ ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ആകര്‍ഷകമായ സമ്മാന പദ്ധതികള്‍ നല്‍കി ഒന്‍പതു പദ്ധതികള്‍ക്കായി നിക്ഷേപകരില്‍ നിന്നും 149.43 കോടി രൂപ ഉടമകള്‍ തട്ടിയെടുത്തുവെന്ന്‌ കേസ്‌ അന്വേഷിച്ച പാലാരിവട്ടം സബ്‌ ഇന്‍സ്‌പെക്‌ടര്‍ അനില്‍ ജോര്‍ജ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിരുന്നു. പ്രതികള്‍ക്ക്‌ മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും രാജ്യം വിട്ടുപോയേക്കുമെന്നും പോലീസ്‌ കോടതിയെ അറിയിച്ചു. ഈ വാദത്തിന്റെ കൂടെ അടിസ്‌ഥാനത്തിലാണ്‌ ജാമ്യം നിഷേധിച്ചത്‌. 


വാഗ്ദാനം നല്‍കിയ ഫ്ളാറ്റുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ എത്ര തുക ആവശ്യമാണെന്ന് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ബി. കമാല്‍ പാഷ ഇന്നലെ തിരക്കിയിരുന്നു. ഏതാണ്ട് 100 കോടി രൂപ കൊണ്ട് നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഇന്നലെ കന്പനിയുടെ അഡ്വക്കറ്റ് പറഞ്ഞത്. ഇതെത്തുടര്‍ന്ന് ഉടമകളോട് 100 കോടി രൂപ കോടതിയില്‍ കെട്ടിവെയ്ക്കാന്‍ കഴിയുമോ എന്ന് കോടതി ആരാഞ്ഞിരുന്നു.  ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ അതായിരുന്നു കോടതി മുന്നോട്ടുവച്ച വ്യവസ്ഥ. തന്റെ കക്ഷികളോട് ഇക്കാര്യം അന്വേഷിച്ചശേഷം മറുപടി പറയാമെന്നാണ് അഡ്വ. ശ്രീകുമാര്‍ അറിയിച്ചത്. 

പ്രതികള്‍ക്ക് എതിരെ പത്രമാധ്യമങ്ങള്‍ നടത്തുന്നത് വിചാരണയാണെന്ന് പ്രതിഭാഗം അഡ്വക്കറ്റ് ആരോപിച്ചു. നിരവധി പേര്‍ക്ക് പണം തിരിച്ചുനല്‍കിയിട്ടുണ്ട്. ഇനി ആവശ്യക്കാര്‍ വന്നാലും തുക നല്‍കും. മാത്രമല്ല പ്രതികളുടെ ബാങ്ക് അക്കൗണ്ടില്‍ പണമില്ലെന്നുള്ള പ്രചാരണവും നടക്കുന്നു. അത് തെറ്റാണെന്നും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതികളുടേത് പ്രഥമദൃഷ്ട്യാ വഞ്ചനയാണെന്നുള്ള അഭിപ്രായമാണ് കോടതി പ്രകടിപ്പിച്ചത്.

നിശ്ചിതസമയത്ത് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് സ്ഥാപനം ഉറപ്പുനല്‍കിയെങ്കിലും നിരവധി പേരെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. കൊച്ചിയിലും പരിസരത്തുമായി ഒന്‍പത് പദ്ധതികളുണ്ട്. ഏതാണ്ട് 150 കോടിയില്‍ അധികം തുക പ്രതികള്‍ നേടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
 


വീണ്ടും മണിച്ചെയിന്‍ തട്ടിപ്പ്


Monday, June 06, 2011
 
വടകര

വടക്കന്‍ കേരളത്തിലെ നാലു ജില്ലകളിലായി 82 കോടി രൂപയുടെ ഇന്‍റര്‍നെറ്റ് മണിച്ചെയിന്‍ തട്ടിപ്പ്. അടയാര്‍ ആസ്ഥാനമായ ടൈക്യൂണ്‍ എംപെയര്‍ ഇന്‍റര്‍നാഷനല്‍ എന്ന സ്ഥാപനമാണു തട്ടിപ്പു നടത്തിയത്. ആയിരത്തോളം പേര്‍ തട്ടിപ്പിനിരയായെന്നു പ്രാഥമിക റിപ്പോര്‍ട്ട്. നിക്ഷേപത്തട്ടിപ്പു നടത്തുന്നുവെന്ന ഇന്‍റലിജന്‍സ് വിവരത്തെത്തുടര്‍ന്നു വടകര ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈഎസ് പിയാണ് അന്വേഷണം ആരംഭിച്ചത്. ഇന്‍റര്‍നെറ്റിലൂടെ മള്‍ട്ടി ലൈന്‍ മാര്‍ക്കറ്റിങ് എന്ന പേരിലായിരുന്നു തട്ടിപ്പ്. അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ കമ്പനി വ്യാജമെന്നു കണ്ടെത്തി. 

കമ്പനി ഡയറക്റ്റര്‍മാരായ കമല കണ്ണന്‍, സദാശിവം, വിനു ആനന്ദ്, എം. വേലു എന്നിവരുടെ മേല്‍വിലാസവും വ്യാജമെന്നു തെളിഞ്ഞു. ഇവര്‍ ഒളിവിലാണ്. പഞ്ചാബ് നാഷനല്‍ ബാങ്ക്, എച്ച്എസ്ബിസി, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവിടങ്ങളിലായിരുന്നു നിക്ഷേപം. 

കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് ഇവര്‍ക്കു നിക്ഷേപകരുള്ളത്. കോഴിക്കോട് പയ്യോളി സ്വദേശികളായ സേതുമാധവന്‍, സിറാജുദ്ദീന്‍, അസൈനാര്‍ ഹാജി, പ്രജിത്ത് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അവരെ ജാമ്യത്തില്‍ വിട്ടു. സേതുമാധവന്‍ സര്‍ക്കാര്‍ ജീവനക്കാരനും മറ്റുള്ളവര്‍ വ്യാപാരികളുമാണ്. പയ്യോളി, വടകര പ്രദേശങ്ങളില്‍ നിന്ന് ഇരുപത്തഞ്ചോളം പരാതികള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.
 
ചേരുന്നവരും ചേര്‍ക്കുന്നവരും കുറ്റക്കാര്‍
Wednesday, June 08, 2011
വടകര
മണി ചെയിന്‍ നിക്ഷേപ പദ്ധതിയില്‍ ചേരുന്നവരും ചേര്‍ക്കുന്നവരും കുറ്റക്കാര്‍ തന്നെയാണെന്ന് പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍. മണി ചെയിന്‍ നിക്ഷേപ തട്ടിപ്പിലൂടെ നൂറു കോടിയില്‍പരം രൂപ വെട്ടിച്ച ടൈക്കൂണ്‍ എംപയര്‍ ഇന്‍റര്‍നാഷണല്‍ ലിമിറ്റഡിന്‍റെ കേസ് അന്വേഷണം നടത്തുന്ന പൊലീസ് ഉന്നത അധികാരികളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അമിതമായ തോതില്‍ പണമോ വസ്തുക്കളോ വാഗ്ദാനം ചെയ്ത് ആളുകളെ ഏതു സ്കീമിലും ചേര്‍ക്കുന്നതും ചേരുന്നതും ക്രിമിനല്‍ കുറ്റമാണ്. 1978ലെ പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ ആക്റ്റിന്‍റെ ലംഘനമായാണ് ഇത്തരം പ്രവൃത്തികളെ കണക്കാക്കുന്നത്.

നിക്ഷേപിച്ച പണം മൂന്നുവര്‍ഷം കൊണ്ട് നാലു മടങ്ങായി തിരിച്ചുനല്‍കുമെന്നായിരുന്നു വ്യവസ്ഥ. ആദ്യ മൂന്നുമാസം പണം ലഭിച്ചെങ്കിലും പിന്നീടൊന്നുമുണ്ടായില്ല. ഇക്കാര്യം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. വടകര, പയ്യോളി മേഖലയില്‍ ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയവരെ പൊലീസ് പിടികൂടി. അന്വേഷണം ഇവരുടെ ആസ്ഥാനമായ ചെന്നൈയിലേക്ക് എത്തിയപ്പോഴാണ് ഡയറക്റ്റര്‍മാരുടെ പകല്‍ക്കൊള്ള പുറത്തുവന്നത്. 

നിക്ഷേപതട്ടിപ്പിലൂടെ നൂറുകോടി രൂപ വെട്ടിച്ച ടൈക്കൂണ്‍ എംപയര്‍ ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് ഉടമകളെ പിടികൂടാന്‍ വടകര പൊലീസ് നടപടി തുടങ്ങി. ഉടമകളെന്ന് പറഞ്ഞ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയ കമല കണ്ണന്‍, സദാശിവം എന്നിവര്‍ ചെന്നൈ അഡയാര്‍ സ്വദേശികളാണെന്ന വിലാസമാണ് ബാങ്കുകള്‍ക്ക് നല്‍കിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ തങ്ങിയ പൊലീസ് ഉന്നതസംഘം ഇവരെ കണ്ടെത്താനുള്ള തീവ്രപരിശ്രമത്തിലാണ്. ചെന്നൈ പൊലീസിന്‍റെ സഹായത്തോടെ ഇവരെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് വടകര പൊലീസ്. 



എതാണ്ട് 25 വയസ് മാത്രമുള്ളവരാണ് ടൈക്കൂണ്‍ തട്ടിപ്പിന്‍റെ സൂത്രധാരകരെന്ന് പൊലീസ് പറഞ്ഞു. കമ്പനി ഉടമകളെ സംബന്ധിച്ച് ബാങ്കുകള്‍ ശരിയായ രീതിയില്‍ പരിശോധന നടത്താന്‍ തയാറാകാതിരിക്കുന്നത് തട്ടിപ്പ് എളുപ്പമാക്കി മാറ്റി. ഒരു സ്ഥാപനത്തിന്‍റെ അക്കൗണ്ട് തുടങ്ങുമ്പോള്‍ നല്‍കിയ വിലാസം പൂര്‍ണമായും ശരിയായിരിക്കണമെന്ന് ഐഡന്‍റിഫിക്കേഷന്‍ നടത്താന്‍ ബാങ്കുകള്‍ നടപടിയെടുക്കേണ്ടതായിരുന്നു. ഇടപാടുകള്‍ കോടികളുടേതായതിനാല്‍ ബാങ്കുകള്‍ ഇതിനു തയാറായില്ല.
ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
Friday, March 20, 2009
കൊച്ചി

പാലാരിവട്ടം മണിപ്ലസ് സ്ഥാപനത്തില്‍ ചിട്ടി തട്ടിപ്പിനിരയായവര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. മുന്നൂറോളം പേരാണിവിടെ തട്ടിപ്പിനിരയായത്. 

പാലാരിവട്ടത്തിനു പുറമെ പന മ്പിള്ളി നഗര്‍, പറവൂര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും ശാഖകളുണ്ടായിരുന്നു. ഇതെല്ലാം പൂട്ടിയിരിക്കുകയാണ്. ചിട്ടിക്കു ചേര്‍ന്നവരില്‍നിന്ന് ഒന്നരക്കോടി രൂപയോളം വെട്ടിച്ചതായി ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. കേസില്‍ അറസ്റ്റിലായ മാണി മുണ്ടാ ടന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 

എന്നാല്‍ കേസിനു തുമ്പുണ്ടാ ക്കാന്‍ പൊലീസിന് ഇതുവ രെ കഴിഞ്ഞിട്ടില്ല. മാണി മുണ്ടാടനെ മാത്രം പ്രതിയാക്കി മറ്റുള്ളവരെ ര ക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നു തട്ടിപ്പിനിരയായവര്‍ ആരോപിക്കുന്നു. പൊലീസിന്‍റെ സഹായം പ്രതികള്‍ക്കു ലഭിക്കുന്നതായും പരാതിയുണ്ട്. 

ഫെബ്രുവരി മൂന്നിനു നിക്ഷേപകര്‍ കാലാവധി പൂര്‍ത്തിയായി ട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്നു സ്ഥാപനത്തിന്‍റെ പാലാരിവട്ടത്തെ ഹെഡ്ഓഫിസ് നി ക്ഷേപകര്‍ കൈയേറുകയായിരു ന്നു.
 

ബിസയര്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് തട്ടിപ്പ്: എട്ട് പേര്‍ അറസ്റ്റില്‍


Posted on: 11 Jun 2011

സുല്‍ത്താന്‍ബത്തേരി: ബിസയര്‍ ഗ്രൂപ്പ് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് ഗ്രൂപ്പിന്റെ ബത്തേരിയില്‍ വ്യാഴാഴ്ച നടന്ന യോഗത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത 8 പേരെ അറസ്റ്റ് ചെയ്തു. യോഗസ്ഥലത്തുനിന്ന് 48 പേരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. ചോദ്യം ചെയ്യലിനുശേഷം 40 പേരെ വിട്ടയച്ചു. അറസ്റ്റിലായ എട്ട് പേരെ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ വെള്ളിയാഴ്ച രാത്രി വൈത്തിരി സബ്ജയിലിലേക്ക് മാറ്റി.

ബത്തേരി കല്ലൂര്‍ നാഗരംചാല്‍ വെള്ളമറ്റം വീട്ടില്‍ പ്രദീഷ് ചാക്കോ (33), ബത്തേരി തൊടുവട്ടി അരുണ്‍ നിവാസില്‍ അരുണ്‍ (31), ചീരാല്‍ ചിറക്കംവയല്‍ വി.എ. ബാബുരാജ് (31), നമ്പ്യാര്‍കുന്ന് പൊന്നകത്ത് പി.വി. പ്രദീപ് (30), കരടിപ്പാറ ആലിലത്തൊടി പ്രിയേഷ് (29), നമ്പ്യാര്‍കുന്ന് പൊന്നകത്ത് പി.വി. പ്രദീഷ് (28), ബിസയര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ മലപ്പുറം സ്വദേശി പൂരാംതൊടി കുഞ്ഞുമുഹമ്മദ് (43) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.വിശ്വാസവഞ്ചന, മണി സര്‍ക്കുലേഷന്‍ നിരോധന നിയമം എന്നിവ പ്രകാരമാണ് ഇവരുടെ പേരില്‍ കേസ് എടുത്തതെന്ന് ബത്തേരി എസ്.ഐ. എന്‍.ഒ. സിബി പറഞ്ഞു. 

ബിസയര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നാല് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിസയര്‍ ഗ്രൂപ്പിന്റെ തട്ടിപ്പിന് ഇരയായ വടക്കാഞ്ചേരി, തൃശ്ശൂര്‍, മേപ്പാടി, എന്നിവിടങ്ങളിലെ 30 പേര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
മാനന്തവാടി ഡിവൈ. എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബിയസര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എം.ഡി. അബ്ദുള്‍ ഹര്‍ഷാദിനെയും 10 ജീവനക്കാരെയും പോലീസ് കൊച്ചിയില്‍ വ്യാഴാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്.

വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെത്തിയ മാനന്തവാടി ഡിവൈ. എസ്.പി. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലുള്ള ബിസയര്‍ ഗ്രൂപ്പ് എം.ഡി. അബ്ദുള്‍ഹര്‍ഷാദിനെ വയനാട്ടില്‍ കൊണ്ടുവരും. ബിയര്‍ഗ്രൂപ്പ് വയനാട്ടില്‍ 5,000-ത്തോളം അംഗങ്ങളെ ചേര്‍ത്തിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അംഗത്വ ഫീസായ 5,500 രൂപയടക്കം 16,000-ത്തിലധികം രൂപ നല്കുന്നവരാണ് കമ്പനിയുടെ ഓരോ അംഗവും.


സൂപ്പര്‍മാര്‍ക്കറ്റിലൂടെ ലാഭവിഹിതവും നല്‍കുമെന്ന് വാഗ്ദാനം 'ബിസയര്‍' നെറ്റ്‌വര്‍ക്ക് തട്ടിപ്പ്: ജില്ലയില്‍ പലര്‍ക്കും ലക്ഷങ്ങളുടെ നഷ്ടം.

.

തിരൂരങ്ങാടി: സൂപ്പര്‍മാര്‍ക്കറ്റിന്റെ പേരില്‍ നടന്ന ഷെയര്‍പിരിവിലും കുറഞ്ഞ പലിശയ്ക്ക് പണം കിട്ടാനായി മാര്‍ജിന്‍ മണി നല്‍കിയവര്‍ക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. കൊച്ചി കേന്ദ്രമാക്കിയുള്ള 'ബിസയര്‍' എന്ന സ്ഥാപനമാണ് തട്ടിപ്പിന്റെ സൂത്രധാരര്‍. വയനാട് തുടങ്ങിയ ജില്ലകളില്‍ ഇവര്‍ നടത്തിയ വന്‍തട്ടിപ്പ് ഇതിനകം വിവാദമായിക്കഴിഞ്ഞു. ചെമ്മാട്, ചേളാരി, മൂന്നിയൂര്‍, കൊളപ്പുറം ഭാഗങ്ങളില്‍ നിന്നെല്ലാം ഒട്ടേറെ പേരാണ് ഇത്തരത്തില്‍ വഞ്ചിതരായിട്ടുള്ളത്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ബിസയര്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് ഗ്രൂപ്പിന്റെ എട്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

ആളുകളില്‍ നിന്ന് ഷെയര്‍ പിരിച്ച് പ്രധാന നഗരങ്ങളിലെല്ലാം സൂപ്പര്‍മാര്‍ക്കറ്റുകള്‍ സ്ഥാപിച്ച് ലാഭവിഹിതം നല്‍കുമെന്ന വാഗ്ദാനവുമായി ബിസയര്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ എക്‌സിക്യുട്ടീവുമാരാണ് ആദ്യം രംഗത്ത് വന്നത്. ഓരോരുത്തരില്‍ നിന്നായി 15000 രൂപ മുതല്‍ അഞ്ചും പത്തും ലക്ഷങ്ങള്‍ വരെ ഓഹരി ആയി വാങ്ങിച്ചു.

സ്ഥാപനത്തെ സംബന്ധിച്ച ക്ലാസുകള്‍ എറണാകുളത്തും കോഴിക്കോട്ടുമെല്ലാം വന്‍കിട ഹോട്ടലുകളില്‍ നടത്തിയിരുന്നു. അതുവഴി ഓഹരി ഉടമകളിലൂടെ കൂടുതല്‍ പേരെ പങ്കാളികളാക്കി മണിചെയിന്‍ മാതൃകയിലായിരുന്നു പണപ്പിരിവ്. കോട്ടയ്ക്കല്‍ ഭാഗത്ത് ഇതിനായി ഓഫീസും ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം വയനാട്ടില്‍ ഇതേ സ്ഥാപനത്തിന്റെ പേരില്‍ നടന്ന തട്ടിപ്പ് പുറത്താവുകയും പോലീസ് കേസെടുക്കുകയും ചെയ്തതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം പലര്‍ക്കും മനസ്സിലായത്.

വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുമെല്ലാം ഈ രീതിയില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. കുറഞ്ഞ പലിശയ്ക്ക് വന്‍തുക വാഗ്ദാനം നല്‍കി നടത്തിയ തട്ടിപ്പിലും പലര്‍ക്കും പണം നഷ്ടമായി.

ഗുണ്ടല്‍പേട്ട്, ഗൂഡല്ലൂര്‍ എന്നിവിടങ്ങള്‍ ആസ്ഥാനമായുള്ള സേട്ടുമാരില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് പണം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. എട്ട് ശതമാനം പലിശയ്ക്ക് കൂടുതല്‍ രേഖകളൊന്നും ഇല്ലാതെ പണം കിട്ടുമെന്ന് കരുതി വഞ്ചിതരായവരില്‍ വ്യാപാരികളും റിയല്‍എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമാണ് കൂടുതല്‍.

ആവശ്യക്കാരില്‍ നിന്ന് ഒരുലക്ഷം രൂപയ്ക്ക് 15000 രൂപ മാര്‍ജിന്‍ മണി എന്ന നിലയില്‍ മുന്‍കൂര്‍ ഈടാക്കിയാണ് തട്ടിപ്പ് നടത്തിയത്. പിന്നീട് പണം നല്‍കാമെന്ന് പറഞ്ഞ് പലയിടത്തേക്കായി വിളിപ്പിക്കുകയും നല്‍കാതെ കബളിപ്പിക്കുകയുമാണ് ഇവരുടെ പരിപാടി.

എ.ആര്‍. നഗര്‍ കൊളപ്പുറത്തുള്ള ഒരാളാണ് തട്ടിപ്പ് സ്ഥാപനത്തിലെ പ്രധാന കണ്ണിയായി പ്രവര്‍ത്തിക്കുന്നത്. രേഖകളില്ലാത്തതിനാലും മാനഹാനി ഭയന്നും പോലീസില്‍ കേസ് നല്‍കാനും നഷ്ടക്കഥ പുറത്ത് പറയാനും മടിക്കുകയാണ് പലരും.


നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് തട്ടിപ്പ്


Sunday, September 05, 2010


വെഞ്ഞാറമൂട്-കിളിമാനൂര്‍ കേന്ദ്രമാക്കി കോളനികളിലും ഗ്രാമപ്രദേശങ്ങളിലും നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് ലോബികള്‍ പിടിമുറുക്കുന്നു. 40ല്‍പ്പരം നെറ്റ്വര്‍ക്ക് കമ്പനികളാണു ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത് . അടുത്തിടെ വെഞ്ഞാറമൂട് മാര്‍ക്കറ്റിലെ നാലു തൊഴിലാളികളില്‍ നിന്നുമാത്രം 50,000 രൂപ കബളിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

നഗരൂര്‍, കാരേറ്റ്, താളിക്കുഴി, മലഞ്ചിറ, കല്ലറ, ഭരതന്നൂര്‍, മേഖലകളിലെ ദളിത് കോളനികള്‍ തുടങ്ങിയ സ്ഥലങ്ങളിലെ സാധാരണക്കാരില്‍ നിന്നു വന്‍തുക നെറ്റ്വര്‍ക്ക് സംഘങ്ങള്‍ തട്ടിയെടുത്തിട്ടുള്ളതായി സൂചന. മാണിക്കല്‍, പുല്ലമ്പാറ, നെല്ലനാട്, വെമ്പായം, പഞ്ചായത്തുകളിലും വാമനപുരം പഞ്ചായത്തിലെ എല്ലാ ഗ്രാമങ്ങളിലും കോളനികളിലും വിവിധ നെറ്റ്വര്‍ക്ക് സംഘങ്ങള്‍ വേരുറപ്പിച്ചിരിക്കുകയാണ്. 

ചതിയില്‍ കുടുങ്ങിയ നൂറുകണക്കിനാളുകള്‍ തങ്ങള്‍ക്കു പറ്റിയ അബദ്ധം പുറത്തുപറയാന്‍ മടിക്കുന്നതും ഇത്തരക്കാര്‍ക്കു സഹായമായി മാറുന്നു. വന്‍ സമ്പാദ്യത്തിനുടമകളാക്കാമെന്ന പ്രചാരണമാണു ലോബി സാധാരണക്കാരനു നല്‍കുന്നത്. ഇവരുടെ സ്റ്റഡി ക്ലാസും വാചക കസര്‍ത്തിലും ഭൂരിഭാഗവും വിശ്വസിക്കും. ഓരോ തവണയും പുസ്തകങ്ങളും ലഘുലേഖകളും സ്റ്റഡി ക്ലാസിനു വരുന്നവര്‍ക്കു നല്‍കുന്നു. ഇപ്പോള്‍ കംപ്യൂട്ടര്‍ ഇന്‍റര്‍നെറ്റ് തുടങ്ങിയ ആധുനിക ഉപകരണങ്ങളുടെ പേരുപറഞ്ഞും ഒരു കൂട്ടര്‍ എത്തുന്നുണ്ട്. കംപ്യൂട്ടര്‍ വെബ്സൈറ്റ് എന്ന പേരുമാത്രം കേട്ടറിവുള്ളവരാണു ഇവരുടെ ലക്ഷ്യം. 

1978ലെ മണി സര്‍ക്കുലേഷന്‍ ആക്റ്റ് പ്രകാരം മണിചെയ്നുകള്‍ കേരളത്തില്‍ നിരോധിക്കപ്പെട്ടപ്പോഴാണു പേര് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് എന്ന രൂപത്തില്‍ അവതരിപ്പിക്കുന്നത്. 

ഗ്രാമപ്രദേശങ്ങളിലുള്ള അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ചും തട്ടിപ്പുണ്ട്. സംസ്ഥാന ഉന്നത പൊലീസ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ഈ ശൃംഖലകളെക്കുറിച്ചു അറിവുണ്ടായിട്ടും നടപടി മാത്രമില്ലെന്നാണ് ആരോപണം.


ഫ്‌ളാറ്റ് തട്ടിപ്പ്: 150-ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു..Related News


Posted on: 06 Jun 2011


കൊച്ചി: ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കെതിരെ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതികള്‍ കൂടുതല്‍ എത്തി. 150-ഓളം കേസുകള്‍ ഇപ്പോള്‍ ഉണ്ട്.

നൂറ്റമ്പത് കോടിയോളം രൂപയുടെ നിക്ഷേപത്തുക ഉടമകളുടെ കൈവശമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. സ്വദേശത്തും വിദേശത്തുമായി കബളിപ്പിക്കപ്പെട്ട നിരവധി പേര്‍ നേരിട്ടും ഇ-മെയില്‍ വഴിയും പോലീസിന് പരാതികള്‍ നല്‍കുന്നുണ്ട്. പരാതികള്‍ സ്വീകരിക്കാന്‍ പാലാരിവട്ടം പോലീസ്‌സ്റ്റേഷനില്‍ പ്രത്യേക കൗണ്ടറുകളും ജീവനക്കാരേയും സജ്ജമാക്കിയിട്ടുണ്ട്.

10 പ്രോജക്ടുകളുമായി ബന്ധപ്പെട്ട കേസുകളാണ് പോലീസ് അന്വേഷിക്കുന്നത്. മഞ്ഞുമ്മലിലെ ഐസ്, പാടിവട്ടത്തെ ബിഗ് ആപ്പിള്‍, വാഴക്കാലയിലെ ആപ്പിള്‍ ഹൈറ്റ്‌സ്, കാക്കനാട്ടെ ആപ്പിള്‍ ഡോട്ട് കോം, നെടുമ്പാശ്ശേരിയിലെ വണ്‍ ബിഎച്ച്‌കെ, തൈക്കാട്ടുശ്ശേരിയിലെ ന്യൂകൊച്ചി, ചളിക്കവട്ടത്തെ കൂള്‍ഹോം, തമ്മനത്തെ ഗസ്റ്റ് ഹൗസ്, കാലടിയിലെ നെയ്ബര്‍ഹുഡ്, എറണാകുളം സൗത്തിലെ മൈഹോം തുടങ്ങിയ പ്രോജക്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പ്രവാസികളും തട്ടിപ്പിനിരയായിട്ടുണ്ട്. നിശ്ചിത സമയത്ത് ഫ്‌ളാറ്റ് പണിത് നല്‍കാഞ്ഞതിനെത്തുടര്‍ന്നാണ് ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് മാനേജിങ് ഡയറക്ടര്‍ സാജു കടവിലാനും ഡയറക്ടര്‍ രാജീവ്കുമാര്‍ ചെറുവാരയ്ക്കും എതിരെ നിക്ഷേപകര്‍ പരാതിയുമായി രംഗത്ത് വന്നത്.

ബിഗ് ആപ്പിള്‍ പദ്ധതിയുമായി ബന്ധപ്പെട്ട പരാതിക്കാര്‍ ചേര്‍ന്ന് ബിഗ് ആപ്പിള്‍ ബയേഴ്‌സ് അസോസിയേഷന്‍ രൂപവത്കരിച്ചിരുന്നു. തൈക്കാട്ടുശ്ശേരിയിലെ ന്യൂകൊച്ചി പ്രോജക്ടുമായി ബന്ധപ്പെട്ടാണ് ഏറ്റവുമധികം കേസുകളെടുത്തത്. 10 പ്രോജക്ടുകളെക്കുറിച്ച് അഞ്ച് ടീമുകളാണ് അന്വേഷണം നടത്തുന്നത്.
Related News

ഫ്‌ളാറ്റ് തട്ടിപ്പ്: ആപ്പിള്‍ ഉടമകള്‍ ആന്ധ്രയിലെന്ന് സംശയം


Posted on: 11 Jun 2011


കൊച്ചി: ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് നിക്ഷേപകരെ വഞ്ചിച്ച കേസില്‍ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. അന്വേഷണസംഘം കൂടുതല്‍ വിപുലമാക്കിയാണ് പ്രതികളെ തേടുന്നത്. കേസന്വേഷണവും തെളിവുശേഖരണവും കാര്യക്ഷമമാക്കണമെന്ന ഉന്നത നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. പ്രതികള്‍ ആന്ധ്രയില്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പോലീസ് സംശയിക്കുന്നത്.

എറണാകുളം നോര്‍ത്ത് സി.ഐ.യുടെ നേതൃത്വത്തില്‍ അഞ്ച് എസ്.ഐ.മാരുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തെ സഹായിക്കാന്‍ 25 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തിലാണ് അന്വേഷണസംഘം പ്രവര്‍ത്തിക്കുക. ഇതിനുപുറമെ അസിസ്റ്റന്റ് കമ്മീഷണറുടെയും ഡെപ്യൂട്ടി കമ്മീഷണറുടെയും മേല്‍നോട്ടവും ഉണ്ടാകും.

പ്രതികളെ പിടികൂടുന്നതിനുള്ള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.

ഒളിവിലുള്ള ആപ്പിള്‍ എ ഡേ മാനേജിങ് ഡയറക്ടര്‍ സാജു കടവിലാനും ഡയറക്ടര്‍ രാജീവ്കുമാര്‍ ചെറുവാരയും അജ്ഞാത കേന്ദ്രത്തിലിരുന്ന് പോലീസിനെതിരെ ദൃശ്യമാധ്യമങ്ങളിലൂടെ ആഞ്ഞടിക്കുമ്പോഴും അന്വേഷണം ശരിയായ ദിശയിലാണെന്നാണ് പോലീസ് പറയുന്നത്. കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നതായും മറ്റും പ്രതികള്‍ ആരോപിച്ചിരുന്നു.

ചെന്നൈയിലും ബാംഗ്ലൂരിലും അന്വേഷണം നടത്തിയ സംഘങ്ങള്‍ തിരിച്ചെത്തിയിട്ടുണ്ട്. പ്രതികളുടെ ഒളിസങ്കേതത്തെ കുറിച്ച് ഒരു സൂചനയും ഇവര്‍ക്ക് ലഭിച്ചില്ല. പ്രതികള്‍ ആന്ധ്രയില്‍ ഉള്ളതായി സംശയിക്കുന്നുണ്ടെങ്കിലും മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് സൈബര്‍ സെല്‍ വഴിയുള്ള അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ഇവര്‍ മൊബൈല്‍ മാറിമാറി ഉപയോഗിക്കുന്നതായി പോലീസ് പറയുന്നു.

ആപ്പിളിന്റെ വിവിധ പദ്ധതികളില്‍ പണം മുടക്കി വഞ്ചിതരായവര്‍ പോലീസ് അന്വേഷണ രീതിയില്‍ അതൃപ്തരാണ്. പോലീസില്‍ ചിലര്‍ക്ക് പ്രതികളുമായി അടുപ്പമുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. അടുപ്പക്കാരായവരുടെ പേരുകള്‍ ശേഖരിച്ച് ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ ഇവര്‍ ഒരുങ്ങുന്നുണ്ട്. പരാതിക്കാരുടെ സംസ്ഥാന തലത്തിലുള്ള സംഘടന രൂപവത്കരിക്കാനുള്ള നീക്കവും നടക്കുന്നു.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അടുത്ത ആഴ്ച വാദം കേള്‍ക്കും. അതുവരെ കാത്തിരിക്കാനാണ് നിക്ഷേപകരുടെ തീരുമാനം. അതിനുശേഷം പ്രതികള്‍ വെളിച്ചത്തുവരുന്നില്ലെങ്കില്‍ അതിനുശേഷം അവരുടെ വീടും സ്വത്തും മറ്റും കൈയേറാനും ചില നിക്ഷേപകര്‍ ആലോചിക്കുന്നുണ്ട്. ചിലര്‍ സ്വന്തം നിലയില്‍ ജനകീയ സ്‌ക്വാഡ് രൂപവത്കരിച്ചും പ്രതികളെ തേടുന്നുണ്ട്.

ഇതിനിടെ പദ്ധതികളുമായി ബന്ധപ്പെട്ട് വിദേശമലയാളികളുടെ 120 പരാതികള്‍ കൂടി പോലീസിന് ലഭിച്ചു.

ഫ്‌ളാറ്റ് തട്ടിപ്പ്: ആപ്പിള്‍ ഉടമകള്‍ ആന്ധ്രയിലെന്ന് സംശയം
Posted on: 11 Jun 2011


കൊച്ചി: ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് നിക്ഷേപകരെ വഞ്ചിച്ച കേസില്‍ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. അന്വേഷണസംഘം കൂടുതല്‍ വിപുലമാക്കിയാണ് പ്രതികളെ തേടുന്നത്. കേസന്വേഷണവും തെളിവുശേഖരണവും കാര്യക്ഷമമാക്കണമെന്ന ഉന്നത നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. പ്രതികള്‍ ആന്ധ്രയില്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പോലീസ് സംശയിക്കുന്നത്.

എറണാകുളം നോര്‍ത്ത് സി.ഐ.യുടെ നേതൃത്വത്തില്‍ അഞ്ച് എസ്.ഐ.മാരുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തെ സഹായിക്കാന്‍ 25 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തിലാണ് അന്വേഷണസംഘം പ്രവര്‍ത്തിക്കുക. ഇതിനുപുറമെ അസിസ്റ്റന്റ് കമ്മീഷണറുടെയും ഡെപ്യൂട്ടി കമ്മീഷണറുടെയും മേല്‍നോട്ടവും ഉണ്ടാകും.

പ്രതികളെ പിടികൂടുന്നതിനുള്ള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.

ഒളിവിലുള്ള ആപ്പിള്‍ എ ഡേ മാനേജിങ് ഡയറക്ടര്‍ സാജു കടവിലാനും ഡയറക്ടര്‍ രാജീവ്കുമാര്‍ ചെറുവാരയും അജ്ഞാത കേന്ദ്രത്തിലിരുന്ന് പോലീസിനെതിരെ ദൃശ്യമാധ്യമങ്ങളിലൂടെ ആഞ്ഞടിക്കുമ്പോഴും അന്വേഷണം ശരിയായ ദിശയിലാണെന്നാണ് പോലീസ് പറയുന്നത്. കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നതായും മറ്റും പ്രതികള്‍ ആരോപിച്ചിരുന്നു.

ചെന്നൈയിലും ബാംഗ്ലൂരിലും അന്വേഷണം നടത്തിയ സംഘങ്ങള്‍ തിരിച്ചെത്തിയിട്ടുണ്ട്. പ്രതികളുടെ ഒളിസങ്കേതത്തെ കുറിച്ച് ഒരു സൂചനയും ഇവര്‍ക്ക് ലഭിച്ചില്ല. പ്രതികള്‍ ആന്ധ്രയില്‍ ഉള്ളതായി സംശയിക്കുന്നുണ്ടെങ്കിലും മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് സൈബര്‍ സെല്‍ വഴിയുള്ള അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ഇവര്‍ മൊബൈല്‍ മാറിമാറി ഉപയോഗിക്കുന്നതായി പോലീസ് പറയുന്നു.

ആപ്പിളിന്റെ വിവിധ പദ്ധതികളില്‍ പണം മുടക്കി വഞ്ചിതരായവര്‍ പോലീസ് അന്വേഷണ രീതിയില്‍ അതൃപ്തരാണ്. പോലീസില്‍ ചിലര്‍ക്ക് പ്രതികളുമായി അടുപ്പമുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. അടുപ്പക്കാരായവരുടെ പേരുകള്‍ ശേഖരിച്ച് ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ ഇവര്‍ ഒരുങ്ങുന്നുണ്ട്. പരാതിക്കാരുടെ സംസ്ഥാന തലത്തിലുള്ള സംഘടന രൂപവത്കരിക്കാനുള്ള നീക്കവും നടക്കുന്നു.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അടുത്ത ആഴ്ച വാദം കേള്‍ക്കും. അതുവരെ കാത്തിരിക്കാനാണ് നിക്ഷേപകരുടെ തീരുമാനം. അതിനുശേഷം പ്രതികള്‍ വെളിച്ചത്തുവരുന്നില്ലെങ്കില്‍ അതിനുശേഷം അവരുടെ വീടും സ്വത്തും മറ്റും കൈയേറാനും ചില നിക്ഷേപകര്‍ ആലോചിക്കുന്നുണ്ട്. ചിലര്‍ സ്വന്തം നിലയില്‍ ജനകീയ സ്‌ക്വാഡ് രൂപവത്കരിച്ചും പ്രതികളെ തേടുന്നുണ്ട്.

ഇതിനിടെ പദ്ധതികളുമായി ബന്ധപ്പെട്ട് വിദേശമലയാളികളുടെ 120 പരാതികള്‍ കൂടി പോലീസിന് ലഭിച്ചു.