Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Sunday, June 19, 2011

തട്ടിപ്പ് എ ഡേ -2


2007ലാണ് സംസ്ഥാനത്തെ റിയല്‍ എസ്‌റ്റേറ്റ് വിപണി അതിന്റെ അത്യുന്നതിയിലെത്തിയത്. ഭൂമിയില്‍ മുതല്‍ മുടക്കിയാല്‍ ഒരിക്കലും നഷ്ടം വരില്ലെന്ന വിശ്വാസം ഇക്കാലത്ത് ഉറച്ചു. മറിച്ചുവിറ്റ് ലാഭമുണ്ടാക്കാന്‍ വേണ്ടി മാത്രമായിരുന്നു ജനം വസ്തു വാങ്ങിയിരുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം പിടിമുറുക്കി തുടങ്ങിയ 2008 പകുതിയായപ്പോഴേക്കും വസ്തുകച്ചവടം കുറഞ്ഞു. നവംബറില്‍ അത് നിലച്ചു. കുറച്ചുനാള്‍ അനങ്ങാതിരുന്ന, അതിബുദ്ധിമാന്മാരായ നമ്മുടെ നാട്ടുകാര്‍ മറ്റൊരു വഴിക്ക് ചിന്തിച്ചു. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കയറ്റിറക്കങ്ങള്‍ ചാക്രികമായുള്ള പ്രതിഭാസമാണല്ലോ. അങ്ങനെയെങ്കില്‍ രണ്ടുവര്‍ഷത്തിനുശേഷം മറ്റൊരു ബൂം ഇവിടെ ഉണ്ടാകണം. ഇതിന്റെ പ്രചാരകര്‍ മോഹിപ്പിക്കുന്ന ഒരു കണക്കും പുറത്തുവിട്ടു. അത് ഏതാണ്ട് ഇങ്ങനെ ചുരുക്കാം.
2005ല്‍ കൊച്ചിയില്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികളില്‍ ചതുരശ്രയടിക്ക് 1200 രൂപ വരെയായിരുന്നു വില. 2007ല്‍ ഇത് 1800-2000 രൂപയായി. 2008ല്‍ 3200 രൂപയായി ഉയര്‍ത്താന്‍ റിയല്‍ എസ്‌റ്റേറ്റുകാര്‍ നോക്കിയെങ്കിലും മാന്ദ്യം കലശലായിരുന്നതിനാല്‍ 2,200-2,300 രൂപയിലേക്ക് താഴ്ന്നുപോയി. 2,800 രൂപ പ്രാരംഭ വിലയിട്ട ഒരു കമ്പനി മാന്ദ്യകാലത്ത് വില്‍പന കൂട്ടാന്‍ വില 2,200-2,100 രൂപയിലേക്ക് താഴ്ത്തുകയും ചെയ്തു. ഇതേ പദ്ധതി തന്നെ മാന്ദ്യം കഴിയാറായപ്പോള്‍ ചതുരശ്രയടിക്ക് 3,400 രൂപക്ക് വില്‍ക്കുകയും ചെയ്തു. അതായത് റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളില്‍ നിക്ഷേപിച്ചവര്‍ക്ക് രണ്ടുവര്‍ഷം കൊണ്ട് ശരാശരി 45 ശതമാനം വരെ മൂല്യവര്‍ധന ലഭിച്ചു.
മണ്ണിന് പൊന്നുവിലയാകുന്നതിന് കാരണങ്ങള്‍ പലതുണ്ട്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങുന്നത്, കണ്ണൂര്‍ എയര്‍പോര്‍ട്ട് നിര്‍മാണാരംഭം, ഐ.ടി മേഖലയുടെ കുതിപ്പ്, ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാകുന്നത് എന്നിങ്ങനെ നീളുന്നു അത്.
2011ല്‍ സര്‍ക്കാര്‍ മാറുന്നത് റിയല്‍ എസ്‌റ്റേറ്റ് രംഗത്തിന്റെ കുതിച്ചു കയറ്റത്തിന് ഇടയാക്കുമെന്ന ശക്തമായ പ്രചാരണം രണ്ടുവര്‍ഷം മുമ്പേ നടന്നു. പല പദ്ധതികളും ആരംഭിക്കാന്‍ വൈകുന്നത് എന്തെന്ന നിക്ഷേപകരുടെ ചോദ്യത്തെ ബില്‍ഡര്‍മാര്‍ നേരിട്ടിരുന്നത് ഈ കാര്യം ചൂണ്ടിക്കാട്ടിയാണ്. ഒപ്പം പ്രമുഖ സര്‍വേ ഏജന്‍സികള്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ മാറ്റങ്ങള്‍ ഇങ്ങനെ പ്രവചിച്ചു. 2011 മധ്യത്തോടെ ഓഫിസ് വാടക കുത്തനെ ഉയരും. ഇതിനുള്ള ആവശ്യക്കാരില്‍ ഭൂരിപക്ഷവും ഐ.ടി, അതിന്റെ അനുബന്ധ മേഖല, ബാങ്ക്, ധനകാര്യസേവന മേഖല എന്നിവിടങ്ങളില്‍ നിന്നായിരിക്കും.
എല്ലാവര്‍ക്കും വീട് എന്ന ആശയത്തോടെ വന്‍കിട സ്വകാര്യ നിക്ഷേപകര്‍ വില കുറഞ്ഞ വീടുകളുടെ പദ്ധതി അവതരിപ്പിക്കും. നഗരപ്രാന്ത പ്രദേശങ്ങളില്‍ ചതുരശ്രയടിക്ക് 2,000-3000 രൂപ വരെ വിലയുള്ള പദ്ധതികള്‍ കൂടുതല്‍ പ്രഖ്യാപിക്കപ്പെടും. പ്രമുഖ റീടെയ്ല്‍ ശൃംഖലകള്‍ രണ്ടാംനിര, മൂന്നാംനിര പട്ടണങ്ങളിലേക്ക് പടരും. ചുരുക്കിപ്പറഞ്ഞാല്‍ റിയല്‍എസ്‌റ്റേറ്റില്‍ ഇപ്പോള്‍ പണമിടാത്തവര്‍ പമ്പര വിഡ്ഢികളാകും. കണക്കുകള്‍ ഇങ്ങനെ കൊതിപ്പിക്കവെ ഇടത്തരക്കാര്‍ പോലും മുന്‍പിന്‍ ചിന്തിക്കാതെ ഇത്തരം പദ്ധതികളില്‍ പണമിറക്കാന്‍ തുടങ്ങി. കുഗ്രാമങ്ങളില്‍ പോലും വിവിധ പേരുകളില്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ പിറവിയെടുത്തു. ചിലര്‍ കമ്പനി രജിസ്ട്രാറുടെ അടുത്ത് രജിസ്റ്റര്‍ ചെയ്ത് നിക്ഷേപം സ്വീകരിച്ചപ്പോള്‍ മറ്റുചിലര്‍ സ്വയം ഒരു ബോര്‍ഡ് എഴുതിവെച്ച് പണം വാങ്ങിത്തുടങ്ങി. വിദേശമലയാളികളെ ലക്ഷ്യമിട്ടവരും കുറവല്ല. സ്വന്തമായി വെബ്‌സൈറ്റുള്ള 260ഓളം ബില്‍ഡര്‍മാര്‍ ഇപ്പോഴും കേരളത്തിലുണ്ട്.
ഇവ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ണടച്ച് വിശ്വസിച്ച് വിദേശ മലയാളികള്‍ പണം നല്‍കി. ബില്‍ഡര്‍മാര്‍ക്കിടയില്‍ മത്സരം മുറുകിയപ്പോള്‍ ഭാവനകള്‍ നിറഞ്ഞ പദ്ധതികളും പിറവിയെടുത്തു. ഭാവിയില്‍ എത്ര ഇരട്ടി പണം കിട്ടുമെന്ന് നോക്കി നിക്ഷേപകര്‍ പദ്ധതികള്‍ തെരഞ്ഞെടുത്തു. പക്ഷേ, പറയുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷി ബില്‍ഡര്‍മാര്‍ക്കുണ്ടോയെന്ന് പരിശോധിക്കാന്‍ ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. ഈ അനുകൂല സാഹചര്യം മുതലെടുത്താണ് ആപ്പിള്‍ എ ഡേ അടക്കമുള്ളവര്‍ തട്ടിപ്പ് നടത്തിയത്.
(തുടരും)

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?