Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Wednesday, June 29, 2011

ടൈക്കൂണ്‍ 410 കോടി തട്ടിയെന്ന് തെളിഞ്ഞു

വടകര: ടൈക്കൂണ്‍ എംപയര്‍ ഇന്റര്‍നാഷനല്‍ ലിമിറ്റഡിന്റെ പേരില്‍ 410 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. നേരത്തെ ചെന്നൈയിലെ വിവിധ ബാങ്കുകളില്‍ നടത്തിയ പരിശോധനയില്‍ 370 കോടിയുടെ ഇടപാട് നടന്നതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം എച്ച്.ഡി.എഫ്.സി ബാങ്കുകളില്‍ നടത്തിയ പരിശോധനയില്‍ 40 കോടിയുടെ കൂടി ഇടപാട് നടന്നതായി പൊലീസ് കണ്ടെത്തി.
ഇതിനുപുറമെ ഊട്ടിയില്‍ ടൈക്കൂണിന്റെ പേരില്‍ 900 ഏക്കര്‍ ഭൂമിയുണ്ടെന്ന പ്രചാരണവും വ്യാജമാണെന്ന് തെളിഞ്ഞു. മൂന്നു മാസം മുമ്പ് ടൈക്കൂണിന്റെ 130 ഓളം സുപ്രധാന ഏജന്റുമാരെ ഊട്ടിയിലെ എമറാണ്‍സ് എന്ന സ്ഥലത്ത് വലിയ മല കാണിച്ച് ടൈക്കൂണ്‍ സിറ്റി പണിയാന്‍ 900 ഏക്കര്‍ സ്ഥലമുള്ളതായി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, 10 ലക്ഷം രൂപ വിലയുള്ള അഞ്ചര ഏക്കര്‍ സ്ഥലം മാത്രമാണ് ഇവിടെയുള്ളത്. ഇതുതന്നെ ടൈക്കൂണ്‍ ഉടമകളില്‍ ചിലരുടെ സ്വന്തം പേരില്‍ വാങ്ങിയതാണ്. ഊട്ടി ജോയന്റ് രജിസ്ട്രാര്‍ ഓഫിസിലും കുന്താ താലൂക്ക് ഓഫിസിലും നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇക്കാര്യം ബോധ്യമായതെന്ന് പൊലീസ് പറഞ്ഞു.
കസ്റ്റഡിയില്‍ വാങ്ങിയ ടൈക്കൂണ്‍ സീനിയര്‍ ഏജന്റുമാരായ രവിചന്ദ്രനെയും ഗോപിനാഥിനെയും ചെന്നൈയില്‍ കൊണ്ടുപോയി അന്വേഷണസംഘം നടത്തിയ തെളിവെടുപ്പിലാണ് വ്യാജഭൂമി കാണിച്ച് നടത്തിയ പ്രചാരണകഥ പുറത്തുവന്നത്. ടൈക്കൂണിന്റെ പണമിടപാട് നടത്തിയ പന്ത്രണ്ടോളം ബാങ്കുകളിലെ അകൗണ്ട് മരവിപ്പിച്ചുകഴിഞ്ഞു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക് എന്നിവിടങ്ങളില്‍ പരിശോധന നടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു. വ്യാജ മേല്‍വിലാസം ഉപയോഗിച്ച് ടൈക്കൂണിനുവേണ്ടി ബാങ്ക് അകൗണ്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടാക്കിയ കമലാ കണ്ണന്‍, സദാശിവം എന്നിവര്‍ യഥാര്‍ഥ ഫോട്ടോ ആണ് ഉപയോഗിച്ചത്.
ഇവരെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചുകഴിഞ്ഞു. ടൈക്കൂണ്‍ തട്ടിപ്പ് കേരളം, ചെന്നൈ എന്നിവിടങ്ങളില്‍ മാത്രമല്ല മറ്റു പല സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്നതായാണ് പൊലീസിന്റെ വിലയിരുത്തല്‍. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ മാത്രമേ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിയുകയുള്ളൂ. പൊലീസ് കസ്റ്റഡിയിലുള്ള ഏജന്റുമാരെ ബുധനാഴ്ച വൈകീട്ടോടെ പയ്യോളി കോടതിയില്‍ ഹാജരാക്കി.

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?