Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Tuesday, June 14, 2011

ഓണ്‍ലൈന്‍ മണിചെയിന്‍ തട്ടിപ്പ്: മുഖ്യപ്രതി ഒളിവില്‍


തൃക്കരിപ്പൂര്‍/ചെറുവത്തൂര്‍: ഇന്റര്‍നെറ്റ് മണിചെയിന്‍ തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതി  ഒളിവില്‍. തട്ടിപ്പിന്റെ സൂത്രധാരനെന്ന് പൊലീസ് കരുതുന്ന തിരുവനന്തപുരം സ്വദേശി ശക്തി പ്രകാശാണ് (40) ഒളിവിലുള്ളത്. അതേസമയം,ഇന്റര്‍നെറ്റ് മണിചെയിന്‍ തട്ടിപ്പ് കേസില്‍ കണ്ണൂരില്‍ അറസ്റ്റിലായ തിരുവല്ല സ്വദേശികളായ പി.ടി. ഹരിദാസ് (39), യു. പ്രദീപ് (45), ചങ്ങനാശ്ശേരി സ്വദേശി കെ.ബി. പ്രകാശ് എന്നിവരെ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.  
മുഖ്യപ്രതി  ശക്തിപ്രകാശിനെ തേടി എറണാകുളത്തെത്തിയ ചന്തേര എസ്.ഐ എ. നിസാമുദ്ദീനും സംഘത്തിനും ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.
എറണാകുളം ടൗണ്‍ സ്‌റ്റേഷനില്‍ മാത്രം ആറ് കേസുകളിലായി 20.38 കോടി രൂപയുടെ തട്ടിപ്പിന് ശക്തിപ്രകാശിനെതിരെ പരാതിയുണ്ട്. പാലക്കാട് ചിറ്റൂരില്‍ ആറുകോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനും കേസുണ്ട്. മൂന്ന് വിദേശ നിര്‍മിത ആഡംബര കാറുകള്‍ പ്രതി സ്വന്തമാക്കിയിരുന്നു. ഇവ മൂന്നും പിന്നീട് വിറ്റു. അതുപോലെ ഫോര്‍ട്ട് കൊച്ചിയിലുണ്ടായിരുന്ന രണ്ടു മുന്തിയ ഫ്‌ളാറ്റുകളും വില്‍പന നടത്തി.
പരാതികളുണ്ടായപ്പോള്‍ തന്നെ നാല് വീടുകളില്‍ മാറിമാറി താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അതേസമയം, ശക്തിപ്രകാശ് വളരെ തന്ത്രപൂര്‍വം പാപ്പരെന്ന് സ്ഥാപിച്ചെടുക്കാന്‍ കാലേക്കൂട്ടി നടത്തിയ  ആസൂത്രണത്തിന്റെ ഭാഗമാണ് സ്വത്തുക്കള്‍ വിറ്റഴിച്ചതെന്നു അന്വേഷണ സംഘം കരുതുന്നു.
മെട്രോ നഗരങ്ങളില്‍ ഇന്റര്‍നെറ്റ് സാക്ഷരത ദുരുപയോഗം ചെയ്താണ് ആളുകളെ ആകര്‍ഷിച്ചതെങ്കില്‍ അത്യുത്തര കേരളത്തില്‍ ഏജന്റുമാരെ വെച്ചാണ് ആളുകളെ പാട്ടിലാക്കിയത്. വെബ്‌സൈറ്റില്‍ വരുന്ന ലാഭക്കണക്കുകള്‍ കണ്ടു മനക്കോട്ട കെട്ടിയവര്‍ക്ക് മുതല്‍പോലും തിരിച്ചുകിട്ടാത്ത  സാഹചര്യമാണ്  ഉണ്ടായിരിക്കുന്നതെന്നാണ് സൂചന. അതേസമയം, ഇന്റര്‍നെറ്റ് മണിചെയിനില്‍  സംശയം  തോന്നിയ ചിലര്‍ പാതിവഴിയില്‍ നിക്ഷേപം പിന്‍വലിച്ചതായും സൂചന ലഭിച്ചു. നിസാര തുകക്ക് ഇന്ത്യയില്‍  എവിടേക്കും  വിമാന ടിക്കറ്റും  പഞ്ചനക്ഷത്ര   ഹോട്ടലുകളില്‍   താമസവും  വാഗ്ദാനം  ചെയ്ത്  മണിചെയിനില്‍  ആളുകളെ ചേര്‍ത്തതായും വിവരം ലഭിച്ചിട്ടുണ്ട്.
പൊലീസ് പിടിയിലായവര്‍ അസന്റ് ഫോറക്‌സ് എന്ന വ്യാജ കമ്പനിയുടെ പേരിലാണ് പണം തട്ടിയെടുത്തത്. ചിറ്റൂര്‍ പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്ത പരുത്തിപ്പള്ളി കാര്യാട്ട് വീട്ടില്‍ സ്വാമിനാഥനില്‍നിന്ന് ലഭിച്ച വിവരത്തെ ത്തുടര്‍ന്നാണ് നിലവിലില്ലാത്ത കമ്പനിയുടെ പേരില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയതായി അറിഞ്ഞത്. കേരളത്തിലെ എല്ലാ ജില്ലകളിലും വ്യത്യസ്ത പേരുകളിലറിയപ്പെടുന്ന മണിചെയിന്‍ തട്ടിപ്പിനു പിന്നില്‍ ഒരേയാളുകള്‍ തന്നെയാണെന്നാണ് പൊലീസ് നിഗമനം. സംശയമുള്ള മണിചെയിന്‍ പരിപാടികളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. ടി.ഡി.ഡബ്ല്യു.എല്‍, വിസാ ഡ്രൈവ് എന്ന പേരില്‍ കണ്ണൂരില്‍ തട്ടിപ്പ് നടത്തവേയാണ് മൂവരെയും പൊലീസ് പിടികൂടിയത്.
കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരില്‍നിന്നു മാത്രമായി 50 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയെടുത്തത്. നാട്ടില്‍ നന്നായി പ്രവര്‍ത്തിക്കുന്നവരെ വശത്താക്കിയ ശേഷം ഇവരുടെ പേരുകള്‍ മറ്റുള്ളവരെ കാണിച്ചാണ് സംഘം പണം തട്ടിയെടുത്തത്. നിക്ഷേപകരില്‍നിന്ന് സ്വീകരിക്കുന്ന തുക ആസ്‌ട്രേലിയന്‍ ഡോളറായി നിക്ഷേപിച്ച് ഡോളറിന്റെ മൂല്യവര്‍ധന അനുസരിച്ച് ലാഭം ആഴ്ചതോറും നല്‍കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ചെറുവത്തൂര്‍, പിലിക്കോട്, മടക്കര, പടന്ന, മാണിയാട്ട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നായി 70ഓളം പേരാണ് അസന്റ് ഫോറക്‌സ് എന്ന കമ്പനിയില്‍ ചേര്‍ന്ന് വഞ്ചിതരായത്.
വന്‍ തുക ലാഭം കിട്ടുമെന്നറിഞ്ഞ് വായ്പയെടുത്തും കമ്പനിയില്‍ നിക്ഷേപിച്ചവരുണ്ട്. സംഘത്തെ പിടികൂടിയെന്നറിഞ്ഞ് നിരവധി പേരാണ് നഷ്ടപ്പെട്ട തുകയുടെ കണക്കുകളും തെളിവുകളുമായി ചൊവ്വാഴ്ച ചന്തേര പൊലീസ് സ്‌റ്റേഷനിലെത്തിയത്.



No comments:

Post a Comment

താങ്കളുടെ പ്രതികരണം...?