Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Tuesday, June 14, 2011

സൂപ്പര്‍മാര്‍ക്കറ്റിലൂടെ ലാഭവിഹിതവും നല്‍കുമെന്ന് വാഗ്ദാനം 'ബിസയര്‍' നെറ്റ്‌വര്‍ക്ക് തട്ടിപ്പ്: ജില്ലയില്‍ പലര്‍ക്കും ലക്ഷങ്ങളുടെ നഷ്ടം.

.

തിരൂരങ്ങാടി: സൂപ്പര്‍മാര്‍ക്കറ്റിന്റെ പേരില്‍ നടന്ന ഷെയര്‍പിരിവിലും കുറഞ്ഞ പലിശയ്ക്ക് പണം കിട്ടാനായി മാര്‍ജിന്‍ മണി നല്‍കിയവര്‍ക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. കൊച്ചി കേന്ദ്രമാക്കിയുള്ള 'ബിസയര്‍' എന്ന സ്ഥാപനമാണ് തട്ടിപ്പിന്റെ സൂത്രധാരര്‍. വയനാട് തുടങ്ങിയ ജില്ലകളില്‍ ഇവര്‍ നടത്തിയ വന്‍തട്ടിപ്പ് ഇതിനകം വിവാദമായിക്കഴിഞ്ഞു. ചെമ്മാട്, ചേളാരി, മൂന്നിയൂര്‍, കൊളപ്പുറം ഭാഗങ്ങളില്‍ നിന്നെല്ലാം ഒട്ടേറെ പേരാണ് ഇത്തരത്തില്‍ വഞ്ചിതരായിട്ടുള്ളത്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ബിസയര്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് ഗ്രൂപ്പിന്റെ എട്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

ആളുകളില്‍ നിന്ന് ഷെയര്‍ പിരിച്ച് പ്രധാന നഗരങ്ങളിലെല്ലാം സൂപ്പര്‍മാര്‍ക്കറ്റുകള്‍ സ്ഥാപിച്ച് ലാഭവിഹിതം നല്‍കുമെന്ന വാഗ്ദാനവുമായി ബിസയര്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ എക്‌സിക്യുട്ടീവുമാരാണ് ആദ്യം രംഗത്ത് വന്നത്. ഓരോരുത്തരില്‍ നിന്നായി 15000 രൂപ മുതല്‍ അഞ്ചും പത്തും ലക്ഷങ്ങള്‍ വരെ ഓഹരി ആയി വാങ്ങിച്ചു.

സ്ഥാപനത്തെ സംബന്ധിച്ച ക്ലാസുകള്‍ എറണാകുളത്തും കോഴിക്കോട്ടുമെല്ലാം വന്‍കിട ഹോട്ടലുകളില്‍ നടത്തിയിരുന്നു. അതുവഴി ഓഹരി ഉടമകളിലൂടെ കൂടുതല്‍ പേരെ പങ്കാളികളാക്കി മണിചെയിന്‍ മാതൃകയിലായിരുന്നു പണപ്പിരിവ്. കോട്ടയ്ക്കല്‍ ഭാഗത്ത് ഇതിനായി ഓഫീസും ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം വയനാട്ടില്‍ ഇതേ സ്ഥാപനത്തിന്റെ പേരില്‍ നടന്ന തട്ടിപ്പ് പുറത്താവുകയും പോലീസ് കേസെടുക്കുകയും ചെയ്തതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം പലര്‍ക്കും മനസ്സിലായത്.

വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുമെല്ലാം ഈ രീതിയില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. കുറഞ്ഞ പലിശയ്ക്ക് വന്‍തുക വാഗ്ദാനം നല്‍കി നടത്തിയ തട്ടിപ്പിലും പലര്‍ക്കും പണം നഷ്ടമായി.

ഗുണ്ടല്‍പേട്ട്, ഗൂഡല്ലൂര്‍ എന്നിവിടങ്ങള്‍ ആസ്ഥാനമായുള്ള സേട്ടുമാരില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് പണം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. എട്ട് ശതമാനം പലിശയ്ക്ക് കൂടുതല്‍ രേഖകളൊന്നും ഇല്ലാതെ പണം കിട്ടുമെന്ന് കരുതി വഞ്ചിതരായവരില്‍ വ്യാപാരികളും റിയല്‍എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമാണ് കൂടുതല്‍.

ആവശ്യക്കാരില്‍ നിന്ന് ഒരുലക്ഷം രൂപയ്ക്ക് 15000 രൂപ മാര്‍ജിന്‍ മണി എന്ന നിലയില്‍ മുന്‍കൂര്‍ ഈടാക്കിയാണ് തട്ടിപ്പ് നടത്തിയത്. പിന്നീട് പണം നല്‍കാമെന്ന് പറഞ്ഞ് പലയിടത്തേക്കായി വിളിപ്പിക്കുകയും നല്‍കാതെ കബളിപ്പിക്കുകയുമാണ് ഇവരുടെ പരിപാടി.

എ.ആര്‍. നഗര്‍ കൊളപ്പുറത്തുള്ള ഒരാളാണ് തട്ടിപ്പ് സ്ഥാപനത്തിലെ പ്രധാന കണ്ണിയായി പ്രവര്‍ത്തിക്കുന്നത്. രേഖകളില്ലാത്തതിനാലും മാനഹാനി ഭയന്നും പോലീസില്‍ കേസ് നല്‍കാനും നഷ്ടക്കഥ പുറത്ത് പറയാനും മടിക്കുകയാണ് പലരും.


No comments:

Post a Comment

താങ്കളുടെ പ്രതികരണം...?