Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Monday, June 20, 2011

തട്ടിപ്പുകളുടെ ഘോഷയാത്ര

ദേശാഭിമാനി മുഖപ്രസംഗം


Posted on: 20-Jun-2011 11:52 PM
മലയാളി ക്രൂരമായി വഞ്ചിക്കപ്പെടുകയാണ്-അല്ലെങ്കില്‍ ചതിക്കെണികളില്‍ സ്വയമേവ ചെന്നു വീഴുകയാണ്. തുടക്കം കുറെ ചിട്ടിക്കമ്പനികളുടെ വെട്ടിപ്പായിരുന്നു. അതുകഴിഞ്ഞ് ബ്ലേഡുകമ്പനികള്‍ പണം അറുത്തെടുത്തുകൊണ്ടുപോയി. പിന്നാലെ "ആട്, തേക്ക്, മാഞ്ചിയം" തട്ടിപ്പുകള്‍വന്നു. അടുത്ത തലമുറയായി മണിചെയിനുകള്‍ , പണമിരട്ടിപ്പ് സ്ഥാപനങ്ങള്‍ , ഫ്ളാറ്റ് നിര്‍മാണക്കരാര്‍ . ശബരീനാഥ് എന്ന യുവാവ് പണം ഇരട്ടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനംചെയ്തപ്പോള്‍ മുന്‍പിന്‍നോക്കാതെ നിക്ഷേപിക്കാന്‍ ആയിരങ്ങളാണെത്തിയത്. അങ്ങനെ കിട്ടിയ നിക്ഷേപപ്പണം ആഡംബരക്കാറുകള്‍ വാങ്ങാനും നിശാക്ലബ്ബുകളില്‍ ആറാടിത്തീര്‍ക്കാനുമാണ് അയാള്‍ ഉപയോഗിച്ചത്. വിവരം പുറത്തുവരുമ്പോഴേക്ക് കോടികള്‍ മുങ്ങിയിരുന്നു. പറ്റിക്കപ്പെട്ടവര്‍ ഇപ്പോഴും ഇരുട്ടില്‍തന്നെ.

ഈ തട്ടിപ്പിനു പിന്നാലെ സമാനമായ നിരവധി സംഭവങ്ങള്‍ വാര്‍ത്തയിലിടം നേടി. ഏറ്റവുമൊടുവില്‍ സംസ്ഥാനത്തിന്റെ പൊലീസ് മേധാവി തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്കുമുന്നില്‍ വിളിച്ചു പറയുന്നു-മണിചെയിന്‍ ഇടപാടുകാര്‍ സംസ്ഥാനത്ത് നടത്തിയത് ആയിരം കോടി രൂപയുടെ തട്ടിപ്പാണെന്ന്. നിക്ഷേപിക്കുന്നവര്‍ക്കും നിക്ഷേപം ആകര്‍ഷിക്കുന്നവര്‍ക്കും അത്യാകര്‍ഷകമായ ആനുകൂല്യങ്ങളും 100 മുതല്‍ 200 വരെ ശതമാനം പലിശയും വാഗ്ദാനംചെയ്താണ് മണിചെയിന്‍ തട്ടിപ്പുകള്‍ നടക്കുന്നത്. വന്‍ തട്ടിപ്പ് പിടിക്കപ്പെട്ട് സര്‍ക്കാര്‍ നേരത്തെ പൂട്ടിച്ച കമ്പനികള്‍തന്നെ പുതിയ പേരില്‍ രജിസ്റ്റര്‍ചെയ്ത് പുനരവതരിക്കുന്നു. അന്തര്‍ദേശീയ ബന്ധമുള്ള കമ്പനികളുമുണ്ട് ഇതില്‍ . ചിലത് പണം നിക്ഷേപമായി വാങ്ങിയാണ് തട്ടിപ്പു നടത്തുന്നതെങ്കില്‍ , മറ്റുചിലത് ആകര്‍ഷകമായ സാങ്കേതിക ഉപകരണങ്ങളുടെ വില്‍പ്പന എന്ന പേരിലാണ് പണം വാരിക്കൂട്ടുന്നത്. കൂടുതല്‍പേരെ ആ വഴിയിലേക്കാകര്‍ഷിച്ചാല്‍ സ്വപ്നതുല്യമായ പ്രതിഫലം ലഭിക്കുമെന്ന വാഗ്ദാനവുമുണ്ട്. പൊലീസിലെ വലിയ ഉദ്യോഗസ്ഥര്‍പോലും ഈ തട്ടിപ്പുകളില്‍ അഗാധമായി മുഴുകിയിരിക്കുന്നു. അവരാണ് ചിലതിന്റെ പ്രൊമോട്ടര്‍മാര്‍ . ആപ്പിള്‍ എ ഡേ, ബിസാര്‍ , ഹൊറൈസണ്‍ , ടൈക്കൂണ്‍ -ഇവയെല്ലാം കുറെ നാളായി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പേരുകളാണ്.

ആപ്പിള്‍ എ ഡേ ഫ്ളാറ്റ് തട്ടിപ്പുകേസിലെ ഇരകളിലേറെയും സാധാരണക്കാരാണ്. ചെലവ് കുറഞ്ഞ വീട് എന്ന പ്രചാരണത്തിലൂടെയും റോഡ് ഷോകളിലൂടെയും നടത്തിയ തട്ടിപ്പില്‍ ഭൂരിഭാഗവും കുടുങ്ങിയത് ഗള്‍ഫിലും മുംബൈയിലും ചെന്നൈയിലുമടക്കമുള്ള താഴ്ന്ന വരുമാനക്കാരാണ്. അധ്വാനിച്ച് സമ്പാദിച്ചതും ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുകയുമാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. ന്യൂ കൊച്ചിന്‍ , ആപ്പിള്‍ ഡോട്ട് കോം കാക്കനാട്, നാനോ ഹോംസ്, ആപ്പിള്‍ ഐസ്, വണ്‍ ബിഎച്ച്കെ, മൈ ഹട്ട്, ആപ്പിള്‍ സ്യൂട്ട്, ബിഗ് ആപ്പിള്‍ , ന്യൂ കൊച്ചി/വണ്‍ ബിഎച്ച്കെ, നാനോ വില്ല, ആപ്പിള്‍/ന്യൂകൊച്ചി തുടങ്ങിയ പദ്ധതികളുടെ പേരില്‍ അപ്പാര്‍ട്മെന്റ്, വില്ല, കോട്ടേജ്, വീട് വയ്ക്കാന്‍ സ്ഥലം എന്നിവ വാഗ്ദാനംചെയ്താണ് തട്ടിപ്പ് അരങ്ങേറിയത്. നിശ്ചയിച്ച സമയത്ത് കരാര്‍ പൂര്‍ത്തിയാക്കാത്തതിനെത്തുടര്‍ന്ന് പരാതിയുമായി എത്തിയവര്‍ക്ക് കമ്പനി ഉടമകള്‍ ചെക്ക് നല്‍കി. ചെക്ക് മടങ്ങിയപ്പോള്‍ നിക്ഷേപകര്‍ പരാതി നല്‍കി. അങ്ങനെയാണ് തട്ടിപ്പ് പുറത്തായത്. തട്ടിപ്പുകാര്‍ പിടിയിലായി-പക്ഷേ പോയ പണം തിരിച്ചുകിട്ടുമോ, കിട്ടിയാല്‍ത്തന്നെ എത്ര എന്ന വേവലാതിയിലാണ് നിക്ഷേപകര്‍ . മണിചെയിന്‍ നിക്ഷേപ പദ്ധതിയിലൂടെ ടൈക്കൂണ്‍ എംപയര്‍ ഇന്റര്‍നാഷണല്‍ കമ്പനി 370 കോടി രൂപ തട്ടിയതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം പതിനായിരം രൂപ വീതം 36 മാസം തുടര്‍ച്ചയായി നല്‍കുമെന്ന് പറഞ്ഞാണ് ടൈക്കൂണ്‍ ആളുകളെ ചേര്‍ത്തത്. കൂടുതല്‍ ആളുകളെ ചേര്‍ക്കുമ്പോള്‍ അതിന്റെ പത്ത് ശതമാനവും നല്‍കുമെന്നായിരുന്നു വാഗ്ദാനം. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ അംഗങ്ങളാക്കിയത് ഒരു ലക്ഷത്തോളം പേരെയാണ്. ഇവരില്‍നിന്ന് 120 കോടിയിലേറെ രൂപ ഓഹരിയായി സമാഹരിച്ചു. ഇതില്‍ 50 കോടിയോളം രൂപയുടെ സ്വത്തുവകകള്‍ വാങ്ങിയിട്ടുണ്ടെങ്കിലും മറ്റു തുക കമ്പനിയുടെ മേലെത്തട്ടിലുള്ളവര്‍ സ്വന്തമാക്കി. അവിടെയും പണം മുടക്കിയവര്‍ അന്തംവിട്ട് നില്‍ക്കുന്നു.

ഫ്ളാറ്റ് നിര്‍മിച്ചുനല്‍കാമെന്നു പറഞ്ഞ് കോടികള്‍ തട്ടിയ "ഹൊറൈസണ്‍ ബില്‍ഡേഴ്സ്" കേസില്‍ പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി കോണ്‍ഗ്രസ് നേതാവായ കേന്ദ്രസഹമന്ത്രിയുടെ ബന്ധുവാണെന്നാണ് വന്നിട്ടുള്ള ഒരു വാര്‍ത്ത. സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ണികളാക്കാമെന്ന് പറഞ്ഞ് ആയിരങ്ങളെ വഞ്ചിച്ച ബിസാര്‍ ഗ്ലോബല്‍ മാര്‍ക്കറ്റിങ് സിസ്റ്റം ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍പദവിയില്‍ പൊലീസ് ഉദ്യോഗസ്ഥനാണ്. മണിചെയിന്‍ തട്ടിപ്പില്‍ പ്രൊമോട്ടര്‍മാരായി പ്രവര്‍ത്തിച്ച പൊലീസുകാരെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടിയെടുക്കുമെന്ന് പൊലീസ് മേധാവിക്ക് പറയേണ്ടിവന്നിരിക്കുന്നു. ആള്‍ദൈവക്കൂട്ടങ്ങളിലും ജാതി-മത രാഷ്ട്രീയത്തിന്റെ സ്വാധീനവലയത്തിലും മാത്രമല്ല ഇത്തരം തട്ടിപ്പുകളിലും മലയാളികള്‍ എളുപ്പം വീണുപോകുന്നത് നാം അഭിമാനിക്കുന്ന സാംസ്കാരിക ഔന്നത്യത്തിന് നിരക്കുന്ന ഒന്നല്ല. സര്‍ക്കാര്‍ നടപടികള്‍കൊണ്ടുമാത്രം ചികിത്സിച്ച് മാറ്റാവുന്ന അസുഖമല്ലിത്. ആഗോളവല്‍ക്കരണത്തിന്റെ തുറന്നിട്ട വാതിലുകളിലൂടെ സമൂഹശരീരത്തിലേക്ക് തറച്ചുകയറുന്ന അരാജകത്വത്തിന്റെയും അരാഷ്ട്രീയത്തിന്റെയും അമിത ലാഭമോഹത്തിന്റെയും ഉല്‍പ്പന്നമാണീ തട്ടിപ്പുകള്‍ . നഷ്ടപ്പെട്ടുപോകുന്ന പൊതു ചര്‍ച്ചാഇടങ്ങള്‍ മനുഷ്യന്റെ വിവേകത്തെയും കെടുത്തും.

ഇന്ത്യന്‍ ഭരണനേതൃത്വവും കോര്‍പറേറ്റ് ലോബിയും പ്രമുഖ മാധ്യമ രാജാക്കന്മാരും ചേര്‍ന്ന് നടത്തുന്ന കൊടുംകൊള്ളയുടെ മറ്റൊരു പതിപ്പായി ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കേണ്ടതുണ്ട്. അതോടൊപ്പം, പ്രതിയുടെ മടിയുടെ കനം നോക്കി അന്വേഷണത്തിലും നടപടികളിലും വെള്ളം ചേര്‍ക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആഗ്രഹത്തെയും ചെറുക്കാനാകണം. തട്ടിപ്പുകാരെ പിടികൂടുന്നതുപോലെത്തന്നെ പ്രധാനമാണ് ജനങ്ങള്‍ തട്ടിപ്പിനിരയാകാതെ സൂക്ഷിക്കുന്നതിനുള്ള കടമയും. നഗരത്തിലെ തിരക്കുപിടിച്ച കുടുസ്സുനിരത്തില്‍ ഒളിഞ്ഞിരുന്ന് ഹെല്‍മെറ്റ് വേട്ടയും സീറ്റ്ബെല്‍റ്റ് വേട്ടയും നടത്താന്‍ മിടുക്കുകാട്ടുന്ന നമ്മുടെ പൊലീസുകാര്‍ക്ക് ഇത്തരം തട്ടിപ്പുകാരെ കണ്ടാല്‍ തിരിച്ചറിയാനും പിടിക്കാനുമാകണം. വഞ്ചിക്കപ്പെടാനാകരുത്, വഞ്ചകരെ പിടിച്ചുകെട്ടാനുള്ളതാകണം മലയാളിയുടെ ഇടപെടലുകള്‍ .

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?