Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Monday, June 20, 2011

വെറൈസണ്‍ മണി തട്ടിപ്പ്:

വെറൈസണ്‍ മണി തട്ടിപ്പ്: 3 പേര്‍ പിടിയില്‍
ദേശാഭിമാനി
Posted on: 21-Jun-2011 12:29 AM
ആലുവ: വെറൈസണ്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് എന്ന സ്ഥാപനത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നുപേരെ പൊലീസ് സേലത്തു നിന്നും അറസ്റ്റ്ചെയ്തു. സ്ഥാപനത്തിന്റെ എംഡി കളമശേരി ചങ്ങമ്പുഴ നഗര്‍ ഇന്‍ഫ്ര ഹില്ലോക്കില്‍ ഡോ. സന്ദീപ് കെ ജോസ് (42), ഡയറക്ടര്‍മാരായ കോട്ടയം മീനച്ചില്‍ നടുവിലക്കൂറ്റ് ബിജോയ് സെബാസ്റ്റ്യന്‍ (45), തായിക്കാട്ടുകര മേപ്പുള്ളി ഹംസയുടെ വീട്ടിലെ വാടകക്കാരനായ കൊല്ലം ചവറ പുത്തന്‍പുരക്കല്‍ സുനില്‍ ഹെന്‍ഡസ് (28) എന്നിവരാണ് അറസ്റ്റിലായത്. മണി ചെയിന്‍ മാതൃകയിലായിരുന്നു തട്ടിപ്പ്. ഇവരുടെ സഹോദരസ്ഥാപനമായ എന്‍കോര്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ 6000 രൂപയുടെയും വെറൈസണ്‍ ബില്‍ഡേഴ്സില്‍ 1000 രൂപയുടെയും ബോണ്ടാണ് അംഗമായി ചേരാന്‍ മിനിമം എടുക്കേണ്ടത്. 25,000 പേരെ ഇത്തരത്തില്‍ ചേര്‍ത്തതിന്റെ രേഖകള്‍ റെയ്ഡ് നടത്തി മുമ്പ് പിടിച്ചെടുത്തിരുന്നു. ആലുവ ബൈപാസിനു സമീപം പരിയാരത്ത് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ ഓഫീസില്‍ 13നാണ് റെയ്ഡ് നടത്തിയത്. മിനിമം ബോണ്ട് 7000 രൂപയാണ് നിശ്ചയിച്ചിരുന്നതെങ്കിലും അഞ്ചുലക്ഷത്തിന്റെയും ഏഴുലക്ഷത്തിന്റെയും ബോണ്ട് എടുത്തവരും ഉണ്ട്. ഇടുക്കി ജില്ലയിലെ ബൈസണ്‍വാലിയില്‍ ഇവര്‍ക്ക് ഒരേക്കര്‍ 80 സെന്റ് സ്ഥലവും മൂവാറ്റുപുഴക്കടുത്ത് മണ്ണൂരില്‍ ഒരേക്കര്‍ 78 സെന്റ് സ്ഥലവുമുള്ളതായി കണ്ടെത്തി. ചൂര്‍ണിക്കരയില്‍ സില്‍വര്‍ ക്രസ്റ്റ് എന്ന പേരില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റുകളില്‍ 11 എണ്ണം വിറ്റു. നാല് ഫ്ളാറ്റ് വിറ്റിട്ടില്ല. എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിടി, എസ്ബിഐ തുടങ്ങിയ ബാങ്കുകളിലെ വിവിധ ശാഖകളിലായി 20,14,026 രൂപയുടെ നിക്ഷേപം ഇവര്‍ക്ക് ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഒളിവില്‍പ്പോയ പ്രതികള്‍ തൊടുപുഴ, അങ്കമാലി, മൂന്നാര്‍ , തേനി, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ മാറിമാറി താമസിച്ചു. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് പ്രതികളെ സേലത്തെ ഹോട്ടലില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. ബിനാനിപുരം എസ്ഐ കെ സി മനോജ്, പൊലീസുകാരായ പ്രസന്നകുമാര്‍ , ഹരി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. ആലുവ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്ചെയ്തു.

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?