Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Sunday, July 10, 2011

മണിചെയിന്‍ : 1000 കോടിയുടെ തട്ടിപ്പ് -ഡി.ജി.പി

Published on Sun,

ആലുവ: കേരളത്തില്‍ 1000 കോടി രൂപയുടെ മണിചെയിന്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഡി.ജി.പി. ജേക്കബ് പുന്നൂസ്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മാത്രമായാണ് ഇത്രയും തുക വന്നത്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് പണം നഷ്ടപ്പെട്ടു. ഈ തട്ടിപ്പിനെതിരെ കര്‍ശന നടപടിയെടുക്കും. ഇതില്‍ ഏര്‍പ്പെട്ട പൊലീസുകാരെ വേണ്ടിവന്നാല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു.

ആലുവ പൊലീസ് ക്ലബില്‍ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത ഇത്തരം ധാരാളം തട്ടിപ്പുകള്‍ സംസ്ഥാനത്ത് വേറെയും നടക്കുന്നു. അത് കൂടി കണക്കിലെടുത്താല്‍ കോടികളുടെ എണ്ണം പെരുകും. മണി ചെയിന്‍ തട്ടിപ്പ് നടത്തിയവരും അതില്‍ ആളുകളെ കണ്ണി ചേര്‍ത്തവരും കുറ്റക്കാരാണ്. അവര്‍ക്കെതിരെയും നടപടിയുണ്ടാകും.

കോഴിക്കോട്,വയനാട്,എറണാകുളം ജില്ലകളിലായാണ് കൂടുതല്‍ തട്ടിപ്പ് നടന്നത്. സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ വിവിധ ജില്ലകളില്‍ നിന്നുള്ള മിടുക്കരായ പൊലീസുദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണി ചെയിന്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവരും പണം ഉണ്ടാക്കിയവരുമായ പൊലീസുകാരുണ്ട്. പലരും അറിയാതെ പെട്ടുപോയതാണ്. സ്ഥാപനത്തിന് കൂടുതല്‍ വിശ്വാസ്യത കിട്ടാനാണ് പലരും പൊലീസുകാരെ ഇതില്‍ ചേര്‍ക്കുന്നത്. ഇതിലൂടെ സാധാരണക്കാരെ ആകര്‍ഷിക്കാന്‍ അവര്‍ക്കാകും. ഏതെങ്കിലും പൊലീസുദ്യോഗസ്ഥന്‍ വഴിവിട്ട് സാമ്പത്തിക തട്ടിപ്പുകാര്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ടെില്‍ പിരിച്ചുവിടുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികളെടുക്കും.

ഒരാള്‍ ചേര്‍ന്ന് ഒരാളെക്കൂടി ചേര്‍ത്താല്‍ ഇരട്ടി വരുമാനം എന്ന് പറഞ്ഞ് നടത്തുന്ന സ്ഥാപനങ്ങളെല്ലാം തട്ടിപ്പാണ്. ഇത്തരം ശൃംഖലകള്‍ എവിടെയെങ്കിലും വെച്ച് പൊളിയും. അതിനാല്‍ ഇന്ത്യന്‍ നിയമപ്രകാരം എല്ലാ മണി ചെയിന്‍ സ്ഥാപനങ്ങളും നിയമവിരുദ്ധമാണ്. ജനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണം. കേരളം,ഹൈദരാബാദ്,ചെന്നൈ,കര്‍ണാടക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ പുരോഗമിക്കുന്നത്. ഇതിന്റെ നടത്തിപ്പുകാര്‍ക്കും കണ്ണികള്‍ക്കുമെതിരെ നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യും.അടിയന്തരമായി വിഷയം മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തും.

മണി ചെയിന്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്ന ബാങ്കിങ് സൗകര്യങ്ങള്‍ അദ്ഭുതപ്പെടുത്തുന്നു. പല വ്യാജ വിലാസങ്ങളില്‍ ഇവര്‍ ബാങ്കുകളില്‍ നിന്ന് അക്കൗണ്ടുകള്‍ സംഘടിപ്പിക്കുന്നു.അടുത്തിടെ പിടിയിലായ 300 കോടി തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന് വിവിധ ബാങ്കുകളിലായി 14 വ്യാജ അക്കൗണ്ടുകളുണ്ട്.ബാങ്കിങ് വ്യവസ്ഥക്ക് തന്നെ അപമാനകരമായ ഇത് അടിയന്തരമായി റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പെടുത്തും.

റിസര്‍വ് ബാങ്ക് നിശ്ചയിച്ചതിനെക്കാള്‍ കൂടുതല്‍ പലിശ കൊടുക്കുകയോ ഈടാക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. തെറ്റായ രീതിയില്‍ അഡ്വാന്‍സ് വാങ്ങുന്ന ഫ്‌ളാറ്റ് നിര്‍മാതാക്കളെ നിരീക്ഷിച്ച് അവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും ഡി.ജി.പി പറഞ്ഞു.

ക്രിമിനല്‍ പശ്ചാത്തലവും മാഫിയാ ബന്ധവുമുള്ള ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് തയാറാക്കാനും യോഗത്തില്‍ ധാരണയായി. ഉത്തര മേഖലാ എ.ഡി.ജി.പി രാജേഷ് ദിവാന്‍, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വിന്‍സന്‍ എം.പോള്‍,റേഞ്ച് ഐ.ജിമാരായ ആര്‍. ശ്രീലേഖ, ബി.സന്ധ്യ, തൃശൂര്‍, എറണാകുളം,കോഴിക്കോട് ജില്ലകളിലെ പൊലീസ് കമീഷണര്‍മാര്‍,കാസര്‍കോട് മുതല്‍ ഇടുക്കി വരെയുളള ജില്ലകളിലെ എസ്.പി മാര്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?