Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Sunday, July 10, 2011

'ടൈക്കൂണ്‍' വെട്ടിച്ചത് 370 കോടി

Published on Fri, 06/17/2011 - 07:33 ( 3 weeks 3 days ago)
'ടൈക്കൂണ്‍' വെട്ടിച്ചത് 370 കോടി
വടകര: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിച്ച ടൈക്കൂണ്‍ എംപയര്‍ ഇന്റര്‍നാഷനല്‍ ലിമിറ്റഡ് എന്ന മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനി മണിചെയിന്‍ നിക്ഷേപ തട്ടിപ്പിലൂടെ 370 കോടിയോളം രൂപ വെട്ടിച്ചു. ടൈക്കൂണിന്റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന സംഘം 100 കോടിയുടെ വെട്ടിപ്പ് നടത്തിയതായാണ് നേരത്തെ കണ്ടെത്തിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ചെന്നൈ അഡയാര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
ചെന്നൈ അഡയാറിലെ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ബ്രാഞ്ചില്‍ 114 കോടിയും എച്ച്.എസ്.ബി.സി ബ്രാഞ്ചിലൂടെ 184 കോടി രൂപയും ടൈക്കൂണ്‍ ഉടമകള്‍ സ്വന്തമാക്കി. പണമിടപാടുകളെക്കുറിച്ച് സംശയംതോന്നിയ പൊലീസ് ചെന്നൈയിലെ വിവിധ ബാങ്കുകളില്‍ നടത്തിയ നിര്‍ബന്ധിത പരിശോധനയിലാണ് കൂടുതല്‍ പണമിടപാട് നടത്തിയതായി കണ്ടെത്തിയത്. നേരത്തെ പരിശോധന നടത്തിയപ്പോള്‍ എച്ച്.എസ്.ബി.സിയില്‍ ആറു കോടി രൂപയേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ബാങ്ക് അധികൃതര്‍ വെളിപ്പെടുത്തിയത്.
ബാങ്കുകളിലെത്തിയ പണം നിക്ഷേപകര്‍ നേരിട്ട് അടച്ചതാണെന്ന് അന്വേഷണസംഘം പറയുന്നു. നേരത്തെ നടത്തിയ അന്വേഷണത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന് മാത്രം 54 കോടി രൂപയും പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 16 കോടിയും എച്ച്.എസ്.ബി.സിയില്‍നിന്ന് ആറു കോടിയും  ഉടമകള്‍ വിവിധ ഘട്ടങ്ങളിലായി പിന്‍വലിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇങ്ങനെ സമ്പാദിച്ച തുകയില്‍ 60-70 കോടിയില്‍ താഴെ മാത്രമാണ് നിക്ഷേപകര്‍ക്ക് തിരികെ കൊടുത്തത്.  ചെന്നൈയിലെ സദാശിവം, കമലാ കണ്ണന്‍ എന്നിവരുടെ പേരിലാണ് ടൈക്കൂണിന് അക്കൗണ്ട് തുടങ്ങിയത്. ഇത് കൈകാര്യംചെയ്യുന്നതിനായി വിനു ആനന്ദ്, എം. രാജേഷ്, എം. വേലുമുത്തു എന്നിവരെകൂടി ചുമതലപ്പെടുത്തി.
വ്യാജ മേല്‍വിലാസക്കാരായ ഉടമകള്‍ നടത്തിയ കോടികളുടെ ഇടപാടിനെക്കുറിച്ച് ബാങ്ക് അധികൃതര്‍ അന്വേഷിച്ചിരുന്നുവോ എന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്. ആര്‍.ബി.ഐ അനുശാസിക്കുന്ന നിയമങ്ങളൊക്കെ ബാങ്കുകള്‍ പാലിച്ചിരുന്നുവോയെന്ന് അന്വേഷിക്കേണ്ടിവരും. ചെന്നൈയിലെ മറ്റു ബാങ്കുകള്‍ കേന്ദ്രീകരിച്ചും ഇവര്‍ ഇടപാട് നടത്തിയിരുന്നുവോയെന്ന് വിശദമായി അന്വേഷിക്കണമെന്നും വടകര ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി സദാനന്ദന്‍ പറഞ്ഞു.വെട്ടിപ്പിന്റെ കഥ ഇത്രയേറെ പുറത്തുവന്നിട്ടും 25ഓളം പരാതികളാണ് പൊലീസിന് ലഭിച്ചത്.
ടൈക്കൂണ്‍ തട്ടിപ്പുകേസില്‍ പിടിയിലായ പളനി ഡിണ്ടിഗല്‍, നവീന്‍ നഗര്‍ ഡോര്‍ നമ്പര്‍ 27ലെ ചൊക്കലിംഗം മകന്‍ സി. രവിചന്ദ്രന്‍ (39), ബന്ധുവും  ഇതേ വീട്ടില്‍ താമസിക്കുന്ന നാച്ചിമുത്തു മകന്‍ പി.എന്‍. ഗോപിനാഥ് (36) എന്നിവരെ പയ്യോളി കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച ചെന്നൈയില്‍പിടിയിലായ ഇവരെ ആലന്തൂര്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കി പ്രത്യേക വാറന്റ് വാങ്ങിയശേഷമാണ് കേരളത്തിലെത്തിച്ചത്.

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?