Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Sunday, July 10, 2011

മണിചെയിന്‍ തട്ടിപ്പുകാര്‍ ഗുണ്ടാ ആക്ടില്‍; പുതിയ വികസന മാതൃക സൃഷ്ടിക്കും

Published on Sat, 06/25/2011 -
തിരുവനന്തപുരം: വഞ്ചനകുറ്റം ചെയ്യുന്നവര്‍ക്കും മണിചെയിന്‍ ബിസിനസില്‍ ഏര്‍പ്പെടുന്നവര്‍ക്കുമെതിരെ കര്‍ശനനടപടി കൈക്കൊള്ളുമെന്നും കുറ്റക്കാര്‍ക്കെതിരെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (ഗുണ്ടാ ആക്ട്) പ്രകാരം കേസെടുക്കുമെന്നും ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് നയപ്രഖ്യാപനത്തില്‍ പറഞ്ഞു. ഇതിനായി പൊലീസ് സേനയെ സജ്ജമാക്കും. പൊലീസിനെ കൂടുതല്‍ കാര്യക്ഷമതയുള്ളവരും പ്രതികരിക്കുന്നവരും ഉത്തരവാദിത്തമുള്ളവരുമാക്കും. സേനയിലെ ക്രിമിനല്‍ പ്രവണതയെ ശക്തമായി കൈകാര്യംചെയ്യും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍  കര്‍ശന നടപടിയുണ്ടാകും. ജനമൈത്രി പൊലീസ് സംവിധാനം വ്യാപിപ്പിക്കും.
കസ്റ്റഡി മരണം തടയാന്‍ വ്യവസ്ഥാപിത പരിഷ്‌കാരം ഏര്‍പ്പെടുത്തും. പൗരാവകാശവും മനുഷ്യാവകാശവും മാനിക്കുന്ന പുതിയ സംസ്‌കാരം ലക്ഷ്യമാക്കി പൊലീസില്‍ പരിഷ്‌കാരം കൊണ്ടുവരും. ഗുണ്ടാ ആക്ട് പുനരവലോകനം ചെയ്യുകയും വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.  
ഫയര്‍ഫോഴ്‌സ് നവീകരിക്കും. വിയ്യൂര്‍ ഹൈ സെക്യൂരിറ്റി ജയില്‍, തവനൂര്‍ ജില്ലാ ജയില്‍, കൊല്ലം ജില്ലാ ജയിലിലെ പുതിയ ബ്ലോക്ക് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കും.
സംസ്ഥാനത്തിന്റെ ശേഷിയും വിഭവങ്ങളും ക്രമീകരിച്ച് ത്വരിതഗതിയുള്ള സാമ്പത്തികപുരോഗതി കൈവരിക്കുമെന്നും കേരളത്തെ ഒറ്റ യൂനിറ്റായി കണ്ട് പുതിയ വികസന മാതൃക സൃഷ്ടിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതിന് മുഖ്യമന്ത്രി ചെയര്‍മാനായി സമിതി രൂപവത്കരിക്കും. ആവാസ വ്യവസ്ഥക്കും പരിസ്ഥിതിക്കും ദോഷംവരുത്താത്ത സാര്‍വത്രിക വളര്‍ച്ചയാണ് ലക്ഷ്യം. അടിസ്ഥാനസൗകര്യത്തിലെ തടസ്സം നീക്കും. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള നടപടി ലഘൂകരിക്കും. പദ്ധതികള്‍ക്ക് സ്ഥലം ലഭ്യമാക്കും. തൊഴിവസരവും സാമ്പത്തികവളര്‍ച്ചയും ലക്ഷ്യമിട്ട് വിദ്യാഭ്യാസം, ആരോഗ്യം വിനോദസഞ്ചാരം, ഐ.ടി വാണിജ്യം, റീട്ടെയില്‍, ബയോടെക്‌നോളജി, കമ്യൂണിക്കേഷന്‍ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. കൈത്തറി, കയര്‍ മേഖല നിലനില്‍ക്കാന്‍ സഹായം തുടരും. പരമ്പരാഗത വ്യവസായങ്ങളെ സാമൂഹികവും മാനുഷികവും ഉദാരവുമായ സമീപനത്തോടെ കാണും. കയറിന്റെയും കയര്‍ ഉല്‍പന്നങ്ങളുടെയും വിപണനം പ്രോല്‍സാഹിപ്പിക്കാന്‍ കേരള കയര്‍ മാര്‍ക്കറ്റിങ് കണ്‍സോര്‍ട്ടിയം ആരംഭിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുക.
കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി എന്നിവയെ ശക്തിപ്പെടുത്തും. ഐ.ടി നിക്ഷേപ സൗഹൃദ ലക്ഷ്യസ്ഥാനമാക്കാന്‍ അനുകൂല നിക്ഷേപകാലാവസ്ഥ പുനരുജ്ജീവിപ്പിക്കും. ലക്ഷ്യത്തില്‍നിന്ന് വ്യതിചലിച്ച ഐ.ടി  മിഷനെയും വന്‍ ബാധ്യതകള്‍ വരുത്തിയ ടെക്‌നോളജി പാര്‍ക്കുകളെയും അഴിച്ചുപണിയും. ടെക്‌നോളജി പാര്‍ക്കുകള്‍ കടക്കെണിയില്‍ വീഴാതിരിക്കാന്‍ യുദ്ധകാല നടപടിയെടുക്കും.
വിവര സാങ്കേതികവിദ്യാ നയത്തിന് ഉടന്‍ രൂപംനല്‍കും. ഇ-ഗവേര്‍ണന്‍സിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ടെക്‌നോളജി പാര്‍ക്ക് വികസനം പൂര്‍ത്തീകരിക്കും. കൊച്ചിസ്മാര്‍ട്ട്‌സിറ്റിയുടെ നടത്തിപ്പിന് ഫലപ്രദ നടപടി എടുക്കും.
പീലിങ് തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യം, ശുചിത്വം എന്നിവ ഉറപ്പുവരുത്താന്‍ സമഗ്ര പാക്കേജ് തയാറാക്കും. മല്‍സ്യോല്‍പാദന പ്രദേശം വര്‍ധിപ്പിക്കാന്‍ ഉള്‍നാടന്‍ ജലസ്രോതസ്സുകള്‍ പാട്ടത്തിന് കൊടുക്കുന്നതിന് നയംകൊണ്ടു വരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?