Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Thursday, July 7, 2011

നിക്ഷേപം, പലിശ, തട്ടിപ്പ്‌


വികസ്വര രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകം വലിയ സാമ്പത്തിക മാന്ദ്യം അനുഭവിക്കുകയാണിന്ന്‌. ഈ സാമ്പത്തിക പ്രതിസന്ധിക്ക്‌ കാരണം പലിശയിലധിഷ്‌ഠിതമായ സാമ്പത്തിക വ്യവസ്ഥയാണ്‌ എന്നാണ്‌ സാമ്പത്തിക വിദഗ്‌ധര്‍ പറയുന്നത്‌. എന്നാല്‍ പലിശയില്ലാത്ത ഒരു സാമ്പത്തിക വ്യവഹാരത്തെപ്പറ്റി ആലോചിക്കാന്‍ പോലും ആര്‍ക്കും കഴിയില്ല.
കാപ്പിറ്റലിസത്തിലും സോഷ്യലിസത്തിലും എല്ലാം അങ്ങനെ തന്നെ. എന്നാല്‍ പതിനാലു നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഇസ്‌ലാം ലോകത്തിനു മുന്നില്‍ കാഴ്‌ചവച്ച ഒരു സാമ്പത്തിക സംവിധാനമുണ്ട്‌. പലിശമുക്തമായ ആ സാമ്പത്തിക വ്യവസ്ഥക്ക്‌ ആധുനിക സാമ്പത്തികശാസ്‌ത്ര വിദഗ്‌ധര്‍ പോലും അംഗീകാരം നല്‌കി വരികയാണിന്ന്‌. `ഇസ്‌ലാമിക്‌ ബാങ്കിംഗ്‌' പരീക്ഷിക്കാന്‍ ഇന്ത്യപോലും തയ്യാറെടുക്കുകയാണ്‌. `ഇസ്‌ലാമിക്‌' എന്ന പേരു മാത്രമാണ്‌ പലര്‍ക്കും അലര്‍ജിയായി തോന്നുന്നത്‌. നിര്‍ഭാഗ്യവശാല്‍ മുസ്‌ലിംകള്‍ ആണെന്നവകാശപ്പെടുന്ന ചിലരെങ്കിലും പലിശയുടെ നടുക്കടലില്‍ മുങ്ങിത്താഴുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌.
ആവശ്യക്കാരന്റെയും ദരിദ്രന്റെയും നിസ്സഹായത ചൂഷണം ചെയ്‌ത്‌, പണക്കാര്‍ അവര്‍ക്ക്‌ വായ്‌പ നല്‌കുകയും നല്‌കിയതിലേറെ തിരിച്ചുവാങ്ങുകയും ചെയ്യുന്നതാണല്ലോ പലിശ. വാങ്ങിയതിലേറെ വിലക്ക്‌ വില്‌ക്കുകയും ലാഭമെടുക്കുകയും ചെയ്യുന്ന കച്ചവടവും ഇതുപോലെയല്ലേ എന്ന്‌, പണ്ടെന്ന പോലെ ഇന്നും ചിലര്‍ ന്യായീകരിക്കാറുണ്ട്‌. പലിശദാതാവിന്‌ അധ്വാനമില്ല. ഒരിക്കലും നഷ്‌ടം വരികയുമില്ല. കച്ചവടത്തിലാകട്ടെ മനുഷ്യാധ്വാനത്തിന്റെ ഫലമാണ്‌ ലാഭം നേടുന്നത്‌. ചിലപ്പോള്‍ നഷ്‌ടവും വരാം. ലാഭത്തില്‍ ഏറ്റക്കുറവുകളും ഉണ്ടാവും. മാത്രമല്ല, കച്ചവടത്തില്‍ ദാതാവിനും ഉപഭോക്താവിനും പരസ്‌പരം സംതൃപ്‌തിയുണ്ടാകുന്നു. ഇതെല്ലാം പരിഗണിച്ചാണ്‌ അല്ലാഹു പറയുന്നത്‌: ``അല്ലാഹു കച്ചവടം അനുവദിച്ചിരിക്കുന്നു; പലിശ നിഷിദ്ധമാക്കിയിരിക്കുന്നു'' (വി.ഖു 2:275). പലിശ ഭുജിക്കല്‍ വന്‍പാപം (മൂബിക്വാത്‌) ആയിട്ടാണ്‌ പ്രവാചകന്‍ എണ്ണിയത്‌. പലിശയുമായിട്ടുള്ള എല്ലാ ഇടപാടുകളും ഇസ്‌ലാം പാടെ വിലക്കുന്നു (2:278). വായ്‌പ കൊടുത്ത്‌ സഹായിക്കല്‍ പുണ്യകര്‍മമാണെന്ന്‌ പ്രത്യേകം ഓര്‍ക്കണം.
വലുതും ചെറുതുമായ ബാങ്കുകള്‍ പലിശയിടപാട്‌ സ്ഥാപനങ്ങളാണ്‌. അതിനു പുറമെ ചിട്ടിക്കമ്പനികളും പല പേരിലുള്ള കുറികളും നാടന്‍ വട്ടിപ്പലിശയും ഈ രംഗത്തുണ്ട്‌. പ്രഭാതം തോറും കൂലിപ്പണിക്കാരുടെ വീട്ടുപടിക്കല്‍ എത്തുന്ന ഏജന്റുമാര്‍ മുഖേന വലിയ നെറ്റ്‌വര്‍ക്കിലൂടെ നടപ്പില്‍ വരുത്തുന്ന `ബ്ലെയ്‌ഡ്‌' മാഫിയകളും സജീവമാണ്‌. എന്നാല്‍ ഇതെല്ലാം നേര്‍ക്കുനേരെ പലിശയാണ്‌. പലിശ വാങ്ങുകയില്ല എന്നത്‌ ആദര്‍ശമായി സ്വീകരിച്ചവര്‍ക്കും വളഞ്ഞ മാര്‍ഗത്തില്‍ പണം നേടാനുള്ള മാര്‍ഗമായിട്ടാണ്‌ ഇന്ന്‌ നാട്ടില്‍ വ്യാപകമായിട്ടുള്ള `നിക്ഷേപ സംരംഭങ്ങള്‍' അനുഭവപ്പെടുന്നത്‌.
പണം കെട്ടിപ്പൂട്ടി വയ്‌ക്കാനുള്ളതല്ല. സമൂഹത്തില്‍ അത്‌ വിനിയോഗിക്കുകയും പുതിയ ഉല്‍പാദനങ്ങള്‍ക്ക്‌ വഴിയൊരുക്കുകയും വേണം. അതിലൂടെ മാത്രമേ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാകൂ. ഇതാണ്‌ അടിസ്ഥാന സാമ്പത്തിക തത്വം. ഇസ്‌ലാം നിര്‍ദേശിക്കുന്നതും ഇതുതന്നെ. നിര്‍ബന്ധദാനമായും (സകാത്ത്‌) ദരിദ്രര്‍ക്ക്‌ ദാനമായും (സ്വദഖ) ആവശ്യക്കാര്‍ക്ക്‌ വായ്‌പാസഹായമായും സമ്പത്ത്‌ `വിതരണം' ചെയ്യപ്പെടണം. പണക്കാര്‍ മുതലിറക്കി വന്‍ സംരംഭങ്ങളിലൂടെ ലാഭമുണ്ടാക്കുകയും വേണം. ഏതു രംഗത്തും ചൂഷണം അരുത്‌. ഇതാണ്‌ ഇസ്‌ലാമിക സാമ്പത്തിക നയത്തിന്റെ ആകെത്തുക. സമ്പത്ത്‌ പണക്കാര്‍ക്കിടയില്‍ മാത്രം കറങ്ങാനുള്ളതല്ല (59:7) എന്ന ഖുര്‍ആനിന്റെ സൂചന ഈ നയം വ്യക്തമാക്കുന്നു.
എന്നാല്‍ അധ്വാനമോ ഉത്‌പാദന പ്രക്രിയകളോ നടക്കാതെ പണക്കാരന്‍ കൂടുതല്‍ തടിച്ചുകൊഴുക്കുകയും ദരിദ്രര്‍ കൂടുതല്‍ കഷ്‌ടപ്പാടിലേക്ക്‌ കൂപ്പുകുത്തുകയും കിടപ്പാടം പണയപ്പെടുത്തുകയും ഒടുവില്‍, വിശ്വാസ ദൗര്‍ബല്യമുള്ളവന്‍, ആത്മാഹുതിയില്‍ അഭയം കണ്ടെത്തുകയും ചെയ്യുന്ന നിഷേധാത്മകതയാണ്‌ പലിശ സംവിധാനത്തിലൂടെ ലോകത്ത്‌ നടപ്പായിക്കൊണ്ടിരിക്കുന്നത്‌. ബാങ്കുകള്‍ കടക്കാരനെ ജപ്‌തി ചെയ്‌ത്‌ വഴിയാധാരമാക്കുമ്പോള്‍ സ്വകാര്യ പലിശഏജന്‍സികള്‍ -സ്ഥാപനമായാലും വ്യക്തികളായാലും- ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച്‌ കടക്കാരനെ നിഷ്‌കാസനം ചെയ്യുന്നു. പ്രകാരാന്തരേണ രാജ്യം തന്നെ വന്‍ കടക്കെണിയില്‍ അകപ്പെടുന്നു.
കാര്‍ഷിക-വ്യാവസായിക-വ്യാപരരംഗത്ത്‌ പണം മുടക്കി അതില്‍ നിന്ന്‌ ലാഭമുണ്ടാക്കുന്ന സംരംഭങ്ങള്‍, ചെറുതായാലും വലുതായാലും ക്രിയാത്മകമാണ്‌; നാടിനെ പുരോഗതിയിലേക്ക്‌ നയിക്കുന്നതാണ്‌. കോടിക്കണക്കിന്‌ ആസ്‌തിയാവശ്യമായ വ്യവസായ സംരംഭങ്ങള്‍ നടത്താന്‍ വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമേ കഴിയൂ. എന്നാല്‍ ചെറിയ തുകയാണെങ്കിലും ഓഹരികളായി ചേര്‍ന്ന്‌, വന്‍ സംരംഭങ്ങളില്‍ പങ്കാളികളാകാനും ലാഭവിഹിതം സ്വന്തമാക്കാനും ഇന്ന്‌ സംരംഭങ്ങളുണ്ട്‌. ആരംഭിക്കാനിരിക്കുന്ന സംരംഭങ്ങള്‍ക്ക്‌ ഷെയര്‍ ശേഖരിക്കാറുണ്ട്‌. നിലനിന്നുപോരുന്ന കമ്പനികളില്‍ വീണ്ടും ഷെയറിലൂടെ ധനസമാഹരണം നടത്താറുണ്ട്‌. നിലവിലുള്ള ഓഹരികള്‍ കൈമാറാനുള്ള സംവിധാനങ്ങളും നിലവിലുണ്ട്‌. ഷെയറുടമകള്‍ക്ക്‌ ലാഭവും ചിലപ്പോള്‍ നഷ്‌ടവും സംഭാവിച്ചേക്കാനുമിടയുണ്ട്‌. അത്‌ സ്വാഭാവികം. എങ്കിലും കൈവശമള്ള ധനം സമൂഹത്തില്‍ സക്രിയമായി നിലനില്‌ക്കുന്നതിന്റെ ഗുണം രാജ്യത്തിന്‌ പൊതുവായി ലഭിക്കും; തീര്‍ച്ച.
ഇത്തരത്തിലുള്ള ഓഹരികള്‍ക്കു മാത്രമായി മാര്‍ക്കറ്റുകളുണ്ട്‌. ഷെയര്‍ മാര്‍ക്കറ്റുകളും സ്റ്റോക്ക്‌ എക്‌സ്‌ചെയ്‌ഞ്ചും അറിയാത്തവരായി ആരുമില്ല. വൃത്താന്തപത്രങ്ങളിലും മറ്റു വാര്‍ത്താ മാധ്യമങ്ങളിലും അങ്ങാടി നിലവാരം പോലെ ഷെയര്‍മാര്‍ക്കറ്റ്‌ വിവരങ്ങള്‍ക്കും പ്രത്യേകം സ്ഥലവും സമയവും അനുവദിക്കുന്നുണ്ട്‌. എന്നാല്‍ ഷെയര്‍മാര്‍ക്കറ്റിലെ തീവെട്ടിക്കൊള്ളയും കാളയും കരടിയും എന്നും വിവാദമാണ്‌. സഹസ്ര കോടികള്‍ വെട്ടിപ്പു നടത്തി എന്ന ഹര്‍ഷദ്‌ മേത്ത കേസുകളും നാം മറന്നുപോയിട്ടില്ല. എന്നാല്‍ ഇന്ന്‌ ചിത്രമാകെ മാറി. ഷെയര്‍ മാര്‍ക്കറ്റുകള്‍ നാട്ടിലേക്കിറങ്ങി; നാട്ടിന്‍പുറങ്ങളിലെത്തി. നന്മയ്‌ക്കുവേണ്ടി ഷെയര്‍ പിരിച്ച്‌ സംരംഭങ്ങള്‍ തുടങ്ങി ലാഭമുണ്ടാക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്ന നിരവധി ചെറുകിട-വന്‍കിട ബിസിനസ്‌ ഗ്രൂപ്പുകള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. എന്നാല്‍ ഇതേ മാര്‍ഗം ഉപയോഗപ്പെടുത്തിക്കൊണ്ട്‌ നടത്തുന്ന നിക്ഷേപത്തട്ടിപ്പുകളാണ്‌ വാര്‍ത്തകളില്‍ നിറഞ്ഞുനില്‌ക്കുന്നത്‌. ടോട്ടല്‍ ഫോര്‍യു, ആപ്പിള്‍ എഡെ തുടങ്ങിയ ഏറ്റവും പുതിയ വിവാദങ്ങളിലെ കോടികളുടെ തട്ടിപ്പു നായകന്മാര്‍ അഭ്യസ്‌തവിദ്യരായ യുവാക്കളാണ്‌ എന്നത്‌ ഏറെ ഭയാനകമാണ്‌.
ഏതെങ്കിലും നിലയില്‍ കുറച്ചുപണം കൈവശമുണ്ടെങ്കില്‍ അത്‌ ബാങ്കിലിട്ട്‌ പലിശ വാങ്ങുന്നതിനെക്കാള്‍ നല്ലത്‌ സാമ്പത്തിക സംരംഭങ്ങളില്‍ മുതല്‍ മുടക്കി നേരിയ ലാഭവിഹിതം സ്വീകരിക്കുന്നതാണല്ലോ എന്ന ജനങ്ങളുടെ നല്ല ചിന്താഗതിയാണ്‌ ഇത്തരം സംരംഭങ്ങള്‍ വിജയിക്കാന്‍ കാരണം. സാധാരണക്കാരന്റെ ഈ മനസ്ഥിതി ചൂഷണം ചെയ്‌തുകൊണ്ടാണ്‌ നിക്ഷേപത്തട്ടിപ്പുകള്‍ ഏറെയും അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. പലിശ എന്ന സാമ്പത്തിക തിന്മയോട്‌ ഏറ്റവും അകലം പാലിക്കുന്നത്‌ മുസ്‌ലിംകളാണ്‌. എന്തൊക്കെ പോരായ്‌മകള്‍ ഉണ്ടെങ്കിലും ഒരു സമൂഹമെന്ന നിലയില്‍ പരിശോധിച്ചാല്‍ മദ്യം, വ്യഭിചാരം, പലിശ എന്നീ മഹാ തിന്മകളില്‍ നിന്ന്‌ വിട്ടുനില്‌ക്കുന്നതില്‍ മുന്‍പന്തിയില്‍ മുസ്‌ലിംകള്‍ തന്നെയാണ്‌. അതുകൊണ്ടു തന്നെ മേല്‌പറഞ്ഞ തരത്തിലുള്ള ഷെയര്‍ സംരംഭങ്ങളില്‍ മുസ്‌ലിംകള്‍ അംഗങ്ങളാവുക സ്വാഭാവികം. ഈയൊരു സദാചാര ചിന്തയും സദ്‌വിചാരവും ചൂഷണം ചെയ്‌തുകൊണ്ട്‌ വന്‍ നിക്ഷേപത്തട്ടിപ്പിന്‌ മുസ്‌ലിംകളില്‍ ചിലര്‍ തുനിഞ്ഞിറങ്ങിയതെന്ന്‌ വര്‍ത്തമാനകാല ദുരന്തങ്ങളിലൊന്ന്‌. ഖത്തര്‍ കോലൊളമ്പ്‌ നിക്ഷേപത്തട്ടിപ്പിനെ പ്രയോക്താക്കളും പ്രയോജകരും ഇരകളും മുസ്‌ലിംകള്‍ തന്നെയെന്നത്‌ നമ്മെ ആഴത്തില്‍ ചിന്തിപ്പിക്കേണ്ട കാര്യമാണ്‌.
ഗള്‍ഫ്‌ രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ പണിയെടുത്ത്‌ നേടിയ ആജീവനാന്ത സമ്പാദ്യങ്ങളും സുഹൃത്തുക്കളെ പ്രേരിപ്പിച്ച്‌ സഹകരിപ്പിച്ചതും എല്ലാം `വിശുദ്ധ തട്ടിപ്പി'ന്‌ ഇരയായി എന്ന്‌ അറിയുന്ന സാധാരണക്കാരന്റെ തോരാത്ത കണ്ണീരിന്റെ കദനകഥ ആരോടുപറയാന്‍! എന്നാല്‍ ഇതിന്‌ നൂറു ശതമാനം ഉത്തരവാദികള്‍ ഇരകള്‍ തന്നെയാണ്‌ എന്ന്‌ പറഞ്ഞാല്‍ അധികമാകുമോ എന്നറിയില്ല. എന്താണ്‌ വസ്‌തുത? കാര്യമായ ഒരു രേഖയോ കരാറോ ഒന്നുമില്ലാതെ ലക്ഷങ്ങള്‍ ഏല്‌പിച്ചുകൊടുക്കാന്‍ എന്തിന്‌ ധൈര്യം കാണിച്ചു? നിക്ഷേപത്തിന്‌ അതിനേക്കാള്‍ വലിയ ലാഭം (പലിശ എന്നു പറയും) വാഗ്‌ദാനം ചെയ്യപ്പെടുമ്പോള്‍ വിവേകം വഴിമാറുന്നു. നിക്ഷേപത്തിന്‌ അല്ലെങ്കില്‍ ഓഹരിക്ക്‌ നിശ്ചയിക്കപ്പെടുന്ന നിശ്ചിത ലാഭം പലിശയല്ലാതെ മറ്റെന്താണ്‌? അമിത ലാഭം കൊതിച്ചല്ലേ ഈ നിക്ഷേപത്തിന്‌ പോയത്‌? ഒരു തട്ടിപ്പു സംഘം പൊളിഞ്ഞുപോയി എന്നറിഞ്ഞാല്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്‌ പരാതിയുമായി നിയമത്തിനു മുന്നില്‍ വരുന്നത്‌. ബാക്കിയുള്ളവര്‍ എവിടെപ്പോയി? പുറത്തു പറയാന്‍ പറ്റാത്ത കള്ളപ്പണമാണ്‌ നിക്ഷേപങ്ങളില്‍ പലതും!
നാട്ടിലെ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളില്‍ പോലും ജ്വല്ലറികളും തുണിക്കടകളും കേന്ദ്രീകരിച്ച്‌ `ലാഭം' നല്‌കാമെന്ന വ്യവസ്ഥയില്‍ `ഷെയറുകള്‍' സ്വീകരിക്കുന്നുണ്ട്‌. നിക്ഷേപ സമയത്ത്‌ നിശ്ചയിക്കുന്നത്‌ നിശ്ചിത ലാഭമാണോ എങ്കില്‍ അത്‌ വ്യക്തമായ പലിശയാണ്‌. മറിച്ച്‌ വര്‍ഷത്തില്‍ കണക്കു നോക്കുന്ന സ്ഥാപനത്തിന്റെ ലാഭത്തിന്റെ വിഹിതമാണെങ്കില്‍ അത്‌ അനുവദനീയമായ സമ്പാദ്യമാണ്‌. സ്ഥാപനത്തിന്‌ നഷ്‌ടമുണ്ടെങ്കില്‍ തന്റെ ഷെയറിന്‌ കുറവു വരുമെന്ന്‌ തിരിച്ചറിയണം. അതാണ്‌ കച്ചവടം. ലാഭം മാത്രം കൊതിക്കുന്നത്‌ പലിശ. മനുഷ്യന്റെ ആര്‍ത്തിയാണ്‌ ചൂഷണത്തിന്‌ കാരണം. ചൂഷണത്തിന്‌ ഇരയാകുന്നതും പലപ്പോഴും ഈ ആര്‍ത്തി തന്നെ. അല്ലാഹു നല്‌കിയ മുന്നറിയിപ്പ്‌: ``മനുഷ്യന്‍ ധനത്തോട്‌ ആര്‍ത്തി കഠിനമായവനാണ്‌'' (100:8). വിവാഹത്തിനും വീടുപണിക്കും കിടപ്പാടം പണയപ്പെടുത്തി ഒരുക്കിയ പണം തട്ടിപ്പിന്റെ വഴിയില്‍ നിക്ഷേപമായി സ്വീകരിക്കുന്നവര്‍ ഓര്‍ക്കുക. വിയജിക്കില്ലൊരിക്കലും ഈ ലോകത്തും പരലോകത്തും. നിയമം ഇവിടെ നോക്കുകുത്തിയാണ്‌. വമ്പന്‍മാര്‍ രക്ഷിക്കപ്പെടും. എന്നാല്‍ അല്ലാഹുവിന്റെ കോടതിയില്‍ മറുപടി പറയാതെ ഒരടി മുന്നോട്ടു വയ്‌ക്കാനാവില്ല; തീര്‍ച്ച.

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?