Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Sunday, July 10, 2011

'ലിസി'ന്റെ പിന്‍ഗാമി 'ജ്യോതിസും' ആയിരങ്ങളെ കബളിപ്പിച്ചു

Published on Fri, 07/08/2011 - 
കണ്ണൂര്‍: ആയിരം കോടിയോളം തട്ടിയെടുത്ത് ആയിരക്കണക്കിനു നിക്ഷേപകരെ കബളിപ്പിച്ച 'ലിസി'നെതിരെ നടപടിയാവശ്യപ്പെട്ട് എ.ഡി.ജി.പി ടി.പി. സെന്‍കുമാര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കെ, ലിസിന്റെ പിന്‍ഗാമിയായ 'ജ്യോതിസി'ല്‍ ചേര്‍ന്നവര്‍ക്കും പണം തിരിച്ചുകിട്ടിയില്ല. ലിസ് ചെയര്‍മാന്‍ കോട്ടയം കുറുപ്പന്തറ സ്വദേശി പി.വി. ചാക്കോയുടെ മരുമകന്‍ ജോയ് ജോണ്‍ മാനേജിങ് പാര്‍ട്ണറായ 'ജ്യോതിസ്' പദ്ധതിയും കോടികള്‍ തട്ടിയെടുത്തശേഷം ഇടപാടുകാരെ കബളിപ്പിക്കുകയാണ്. ടി.വി പരസ്യംകണ്ട് ജ്യോതിസില്‍ പണംമുടക്കിയവരില്‍ അധ്യാപികമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, റിട്ട. ഉദ്യോഗസ്ഥര്‍, കന്യാസ്ത്രീകള്‍, വൈദികര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ ഉള്‍പ്പെടും.
പൊലീസ് ഐ.ജിയുടെ ഭാര്യയായ കോഴിക്കോട്ടെ സ്‌കൂള്‍ അധ്യാപിക 2007 ജൂണ്‍ 25ന് 20,000 രൂപ നിക്ഷേപിച്ച് ജ്യോതിസില്‍ അംഗമായിരുന്നു. മാനേജിങ് പാര്‍ട്ണര്‍ ജോയ് ജോണിന്റെ ഒപ്പുള്ള ബെനിഫിഷ്യറി സര്‍ട്ടിഫിക്കറ്റ് പ്രകാരം 2009 മേയ് 18ന് ഇരട്ടി തുകയായ 40,000 രൂപ തിരിച്ചുകൊടുക്കേണ്ടതാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി അധ്യാപിക ജ്യോതിസിന്റെ കോഴിക്കോട് വ്യാപാരഭവനിലെ ബ്രാഞ്ച് ഓഫിസില്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും ഓരോ കാരണംപറഞ്ഞ് പണം നല്‍കുന്നത് നീട്ടിക്കൊണ്ടുപോവുകയാണ്. അധ്യാപികയുടെ വിദേശത്തുള്ള രണ്ടു സഹോദരിമാര്‍ ലക്ഷംരൂപ വീതം ഇതേ ബ്രാഞ്ചില്‍ നിക്ഷേപിച്ചിരുന്നു. ഇവരോടും അവധിപറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയാണ്.
റിട്ടയര്‍മെന്റ് ആനുകൂല്യമായി ലഭിച്ച തുക ജ്യോതിസില്‍ നിക്ഷേപിച്ച അധ്യാപകരടക്കം നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വെട്ടിലായി. മക്കളുടെ വിവാഹ ആവശ്യത്തിനും മറ്റുമായി തുക നിക്ഷേപിച്ച ഇവരും ഓഫിസ് കയറിയിറങ്ങുകയാണ്. ചില വൈദികര്‍ ജ്യോതിസില്‍ ലക്ഷങ്ങളാണ് നിക്ഷേപിച്ചത്. കബളിപ്പിക്കപ്പെട്ട ചിലര്‍ പരാതികൊടുക്കാന്‍ മുതിര്‍ന്നെങ്കിലും വന്‍തുക ആദായനികുതി കൊടുക്കേണ്ടിവരുമെന്ന നടത്തിപ്പുകാരുടെ ഭീഷണിക്കുമുമ്പില്‍ വഴങ്ങേണ്ടിവന്നതായും പറയുന്നു.
മുന്‍ ഐ.ജി ടി.പി. സെന്‍കുമാറിന്റെ നേതൃത്വത്തില്‍ 'ലിസ്' അടച്ചുപൂട്ടിച്ചതോടെ 2007 മാര്‍ച്ച് എട്ടിനാണ് 'ജ്യോതിസ്' എന്ന പേരില്‍ മണിചെയിന്‍ തട്ടിപ്പ് പുനരാരംഭിച്ചത്. ലിസിനെതിരായ കേസ് നടക്കവേ കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരുന്നു. ഈ സമയത്താണ് കേസൊതുക്കാന്‍ ലിസ് ചെയര്‍മാന്‍ പി.വി.ചാക്കോ, ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. വേണുഗോപാലിന് ഒരുകോടി രൂപ കോഴ നല്‍കിയ വാര്‍ത്ത പുറത്തായത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കെ ഒരുകോടി രൂപ എവിടെനിന്നു കണ്ടെത്തിയെന്നതിലെ ദുരൂഹതയും പൊലീസ് അന്വേഷിച്ചിരുന്നു. ലിസിനെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ ചില ഉന്നതര്‍ കൂട്ടുനിന്നതായി എ.ഡി.ജി.പി ടി.പി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആരോപിച്ചിട്ടുണ്ട്. ഇതേ രീതിയില്‍ ജ്യോതിസിനെതിരായ പരാതികളും അട്ടിമറിക്കപ്പെട്ടതായി ഉന്നത പൊലീസ് വൃത്തങ്ങള്‍ 'മാധ്യമ'ത്തോടു പറഞ്ഞു.
ജ്യോതിസ് കൊച്ചി ഓഫിസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ. ദാമോദരനായിരുന്നു അധ്യക്ഷന്‍. ഇത്തരം നിരവധി ബന്ധങ്ങളുള്ള ലിസ് ഉടമ, കേസുകള്‍ അട്ടിമറിച്ചതിനാല്‍ കേസിലേക്ക് ഒരു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് സെന്‍കുമാര്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. മുന്‍ സി.ബി.ഐ കൗണ്‍സല്‍ എസ്. ശ്രീകുമാറിന് ഈ ചുമതല നല്‍കണമെന്നും എ.ഡി.ജി.പി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലിസ് പൂട്ടിച്ച് മൂന്നാഴ്ചക്കകം ദക്ഷിണമേഖലാ ഐ.ജി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതായും ഒന്നാം സാക്ഷിയാക്കേണ്ട തന്നെ 126ാം സാക്ഷിയാക്കിയത് കേസ് ഇല്ലാതാക്കാനാണെന്നും കേസ് കാര്യങ്ങള്‍ താനുമായി ചര്‍ച്ച ചെയ്യരുതെന്ന് പിന്നീട് ചുമതലയേറ്റ അന്വേഷണ ഉദ്യോഗസ്ഥന് ഉന്നതങ്ങളില്‍നിന്ന് നിര്‍ദേശം നല്‍കിയിരുന്നതായുമുള്ള നിരവധി ആക്ഷേപങ്ങള്‍ മുന്‍ സര്‍ക്കാറിനെതിരെ സെന്‍കുമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?