Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Thursday, July 7, 2011

തട്ടിപ്പ്‌ ചങ്ങലയില്‍ കണ്ണി കോര്‍ക്കുമ്പോള്‍


ഇസ്‌മാഈല്‍ മാടാശ്ശേരി

സുഹൃത്ത്‌ ശബീര്‍ (യഥാര്‍ഥ പേരല്ല) കോട്ടും ടൈയ്യുമണിഞ്ഞ രണ്ടു പേരുമായി ഒരു ഞായറാഴ്‌ച രാവിലെ വീട്ടിലെത്തി. കുശലാന്വേഷണത്തിനൊടുവില്‍ ആഗതരില്‍ ഒരാള്‍ ചെറുചിരിയോടെ പോര്‍ച്ചിലേക്ക്‌ നോക്കി ചോദിച്ചു. കാറുണ്ടോ? ഇല്ലെന്ന്‌ പറഞ്ഞപ്പോള്‍ ജീവിതരീതി മാറ്റേണ്ടതിനെ കുറിച്ച്‌ ഇരുവരും വാചാലരാവാന്‍ തുടങ്ങി. കേരളത്തിലങ്ങോളമിങ്ങോളം തുടങ്ങാന്‍ പോകുന്ന സൂപ്പര്‍മാര്‍ക്കറ്റ്‌ ശൃംഖലക്ക്‌ വേണ്ടി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്‌ വന്നവരായിരുന്നു 
മൂവരും. മണിചെയ്‌ന്‍ ബിസിനസ്സില്‍ താല്‍പര്യമില്ല എന്ന്‌ പറഞ്ഞപ്പോള്‍ തെല്ലൊരു നീരസത്തോടെയാണ്‌ അവര്‍ വീട്ടില്‍ നിന്നിറങ്ങിയത്‌.(ഇപ്പോള്‍ പോലീസ്‌ നടപടിക്ക്‌ വിധേയമായി കൊണ്ടിരിക്കുന്ന മണിെചയ്‌ന്‍ കമ്പനികളില്‍ മോല്‍പ്പറഞ്ഞതുമുണ്ട്‌).
ആഡംബര ജീവിതത്തോട്‌ ആളുകളില്‍ ആര്‍ത്തിയുണ്ടാക്കി നിക്ഷേപത്തട്ടിപ്പ്‌ നടത്തുന്ന മണിചെയ്‌ന്‍ സ്ഥാപനങ്ങുടെ പ്രവര്‍ത്തന രീതി സൂചിപ്പിക്കാനാണ്‌ മേല്‍ സംഭവം വിവരിച്ചത്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ആട്‌, തേക്ക്‌, മാഞ്ചിയത്തില്‍ തുടങ്ങിയ നിക്ഷേപത്തട്ടിപ്പ്‌ മാര്‍ബിള്‍ ക്വാറിയിലൂടെയും സൂപ്പര്‍മാര്‍ക്കറ്റിലൂടെയും വളര്‍ന്ന്‌ ഫ്‌ളാറ്റ്‌ തട്ടിപ്പിലെത്തി നില്‍ക്കുകയാണ്‌. ബിസിനസ്സില്‍ കണ്ണിചേരുന്ന ഒരാളെ ചൂഷണം ചെയ്യുകയാണ്‌ മണിചെയ്‌ന്‍ സമ്പ്രദായത്തില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്‌. ഒരാളെ കണ്ണി ചേര്‍ത്താല്‍ പിന്നീട്‌ ചങ്ങലയില്‍ കണ്ണികളാവുന്നവരുടെയെല്ലാം അധ്വാനഫലം കവരുന്നത്‌ ചൂഷണം തന്നെയാണെന്ന്‌ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്‌ എന്ന ഓമനപ്പേരില്‍ നമുക്കു ചുറ്റും നടക്കുന്ന മണിചെയ്‌ന്‍ തട്ടിപ്പിന്റെ ആഴവും വ്യാപ്‌തിയും നമ്മുടെ കണക്കുകൂട്ടലുകള്‍ക്കുമപ്പുറമാണെന്നതാണ്‌ സമീപ ദിവസങ്ങളില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചനകള്‍.
ഒരു വര്‍ഷത്തിനുള്ളില്‍ ചെന്നൈ ആസ്ഥാനമായുള്ള മണിചെയ്‌ന്‍ കമ്പനിയായ ടൈക്കൂണ്‍ എംപയര്‍, കേരളത്തിലെ ഏതാനും ചെറുപട്ടണങ്ങളില്‍ നിന്ന്‌ മാത്രം 270 കോടിയിലധികം തട്ടിയെന്നാണ്‌ അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നത്‌. ഒന്ന്‌ വെച്ചാല്‍ പത്ത്‌, പത്ത്‌ വെച്ചാല്‍ നൂറ്‌ എന്ന മുച്ഛീട്ടുകളിക്കാരന്റെ രീതി തന്നെയാണ്‌ മിക്ക മണിചെയ്‌ന്‍ കമ്പനികളും അവലംബിക്കുന്നത്‌. വിവര സാങ്കേതിക വിദ്യ വളര്‍ന്നതോടെ തട്ടിപ്പിന്റെ സ്വഭാവവും രീതിയും മാറിയിട്ടുണ്ടെന്ന്‌ മാത്രം. ഇന്റര്‍നെറ്റിന്റെ അനന്ത സാധ്യതകളാണ്‌ എല്ലാ മണിചെയ്‌ന്‍ കമ്പനികളും ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നത്‌. ബിസിനസ്സിനെക്കുറിച്ച്‌ നിക്ഷേപകര്‍ സംശയം ചോദിച്ചാല്‍ ഉടന്‍ വരുന്ന മറുപടി നെറ്റിലുണ്ട്‌ എന്നാണ്‌.
എളുപ്പം പണം സമ്പാദിക്കാന്‍ കുറുക്കുവഴികള്‍ തേടുന്നവരാണ്‌ ചതിക്കുഴിയില്‍ വീഴുന്നവരില്‍ ഏറേയും. പണത്തോടുള്ള മനുഷ്യന്റെ ഒടുങ്ങാത്ത ആര്‍ത്തിയാണ്‌ തട്ടിപ്പ്‌ കമ്പനികള്‍ക്ക്‌ പ്രചോദനമാകുന്നത്‌. സുഹൃദ്‌ബന്ധവും കുടുംബ ബന്ധവുമാണ്‌ പലരെയും കെണിയില്‍ പെടുത്തുന്നത്‌. ചങ്ങല വലുതാവുമ്പോള്‍ ഇടതും വലതും വന്നുചേരുന്ന സൗഭാഗ്യങ്ങളില്‍ അന്യന്റെ പണം അപഹരിക്കുന്നതിലെ അധാര്‍മികത മിക്കവരും സൗകര്യപൂര്‍വം മറക്കുകയാണ്‌. അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക്‌ ഉദ്യോഗസ്ഥര്‍, പോലീസ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തില്‍ സ്ഥാനവും മാനവുമുള്ള നിരവധി പേര്‍ തട്ടിപ്പിന്റ കണ്ണി വിളക്കാന്‍ ചങ്ങലയില്‍ അണി ചേരുന്നുണ്ട്‌. മത-സാമൂഹ്യ-സംസ്‌കാരിക രംഗത്ത്‌ നേരത്തെ സജീവമായ നിരവധി പേര്‍ മണിചെയ്‌ന്‍ ബിസിനസ്സിന്‌ പിന്നാലെ പോയിട്ടുണ്ട്‌. സാമാന്യം നല്ല നിലയില്‍ ജീവിച്ച്‌ പോകാന്‍ ചുറ്റുപാടുള്ളവരും ഇക്കൂട്ടത്തിലുണ്ട്‌ എന്നതാണ്‌ ഏറേ ഖേദകരം. പണം സമ്പാദിക്കാനുള്ള വ്യഗ്രതയില്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന ആദര്‍ശവും നീതിബോധവും കളഞ്ഞുകുളിക്കുകയാണ്‌ വാസ്‌തവത്തില്‍ ഇത്തരക്കാര്‍ ചെയ്‌തിരിക്കുന്നത്‌.
സ്ഥിരവരുമാനക്കാരായ സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരെയാണ്‌ തട്ടിപ്പുകമ്പനികള്‍ പ്രമോട്ടര്‍മാരായി ഫീല്‍ഡിലിറക്കിയിരിക്കുന്നത്‌. നിശ്ചിത വരുമാനക്കാരായ സര്‍ക്കാര്‍ ശമ്പളക്കാരില്‍ അതിമോഹം വളര്‍ത്തുകയാണ്‌ കമ്പനികള്‍ ഇതിനായി ആദ്യം ചെയ്യുന്നത്‌. തുടര്‍ന്ന്‌ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ശീതികരിച്ച മുറികളില്‍ പ്രത്യേക പ്രോഗ്രാമുകള്‍ ഏര്‍പ്പാട്‌ ചെയ്യുന്നു. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ അഡ്‌ജസ്റ്റ്‌ ചെയ്‌ത്‌ ലളിതജീവിതം നയിക്കുന്ന നിശ്ചത വരുമാനക്കാരില്‍ ആഡംബര ജീവിതത്തോട്‌ ആസക്തി വര്‍ധിപ്പിക്കാനുതകുന്ന പരിപാടികളായിരിക്കും ഇവയില്‍ മിക്കവയും. പരിപാടിയുടെ അവസാനത്തിലെത്തുന്ന പ്രത്യേക അഭിനയപാടവമുള്ള ചിലരുടെ അനുഭവം പങ്കുവെക്കലുമാകുമ്പോള്‍ സംഗതി ക്ലിക്ക്‌. 
ഇങ്ങനെ അനുഭവം പങ്കുവെച്ചവരായിരിക്കും പിന്നീട്‌ ഇവരുടെ ജീവിതത്തിലെ റോള്‍ മോഡല്‍. ബൈനറി രീതിയില്‍ വളര്‍ന്ന്‌ പന്തലിക്കുന്ന കമ്പനികളും, കുറച്ച്‌ പ്രമോട്ടര്‍മാരെ വെച്ച്‌ നിക്ഷേപം സ്വീകരിക്കുന്ന കമ്പനികളും ഇന്ന്‌ സജീവമാണ്‌. നിക്ഷേപകര്‍ക്ക്‌ വേണ്ടി നാട്ടില്‍ ആടിനെ വളര്‍ത്തിയും തേക്കും മാഞ്ചിയവും വെച്ച്‌ പിടിപ്പിച്ചും ആരംഭം കുറിച്ച തട്ടിപ്പ്‌ പിന്നീട്‌ അയല്‍ സംസ്ഥാനങ്ങളിലെ സങ്കല്‍പ ബിസിനസ്സിലേക്ക്‌ വഴി മാറിയതോടെ ലാഭവിഹിതത്തില്‍ വന്‍ വര്‍ധനവാണ്‌ ഉണ്ടാക്കിയത്‌. ഒരു ബിസിനസ്സിനും നല്‍കാനാവാത്ത കണ്ണഞ്ചിപ്പിക്കുന്ന ലാഭവിഹിതത്തില്‍ കണ്ണികളാവാന്‍ ഇയ്യാംപ്പാറ്റകളെ പോലെ ആളുകള്‍ ചെന്നു ചാടുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌. കര്‍ണാടകത്തിലെ പണം ചുരത്തുന്ന കരിങ്കല്‍ ക്വാറിയുടെ മറവില്‍ മാവൂര്‍ കേന്ദ്രമായി മുളച്ച്‌ പൊന്തിയ ഡിപ്ലോമാറ്റ്‌ ഗ്രാനേറ്റ്‌ എന്ന സ്ഥാപനം തട്ടിയത്‌ കോടികളായിരുന്നു. കോഴിക്കോടിനടുത്തുള്ള ഒരു വികലാംഗ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു തട്ടിപ്പിന്റെ മാസ്റ്റര്‍ ബ്രയിന്‍. തട്ടിപ്പിന്‌ അന്ധവിശ്വാസത്തെ കൂട്ടു പിടിച്ചെന്ന പ്രത്യേകതയും മാര്‍ബിള്‍ ബിസിനസ്സിനുണ്ടായിരുന്നു. നിക്ഷേപകരുടെ കണ്ണെത്തും ദൂരത്ത്‌ തന്നെ ഒരു ഗ്രാനൈറ്റ്‌ പള്ളി പണിത്‌ അവിടെ ഒരു സിദ്ധനെ കുടിയിരുത്തുകയും ചെയ്‌തു.കമ്പനി പൊട്ടിച്ച്‌ ഒളിവില്‍ പോയ വാഴക്കാട്‌ സ്വദേശിയായ അധ്യാപകനെതിരെ ഇപ്പോള്‍ പോലീസ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരിക്കുകയാണ്‌. 
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പിന്‌ വലവിരിച്ച കൊച്ചുപയ്യന്‌ പിന്നാലെ ആയിരങ്ങള്‍ പോയത്‌ മറക്കാറായിട്ടില്ല. നിക്ഷേപകന്‌ വേണ്ടി ആഴ്‌ചതോറും ലോട്ടറി ടിക്കറ്റ്‌ വാങ്ങി ലക്ഷങ്ങള്‍ തട്ടിയ ലിസ്സിനും പിന്നീട്‌ വന്ന ജ്യോതിസിനും പറയാനുള്ളത്‌ തട്ടിപ്പിന്റെ കണക്കു കൊണ്ടുള്ള കസര്‍ത്തായിരുന്നു. ആകാശം മുട്ടി നില്‍ക്കുന്ന ഫ്‌ളാറ്റ്‌ സ്വന്തമാക്കാന്‍ ആപ്പിളില്‍ പണം നല്‍കിയ നൂറുകണക്കിന്‌ പേരാണ്‌ ആപ്പിലായിരിക്കുന്നത്‌. ഒരു ലക്ഷം നിക്ഷേപിച്ചാല്‍ മൂന്ന്‌ വര്‍ഷം പ്രതിമാസം പതിനായിരം രൂപയാണ്‌ ടൈക്കൂണ്‍ വാഗ്‌ദാനം നല്‍കിയതെങ്കില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക്‌ വൈദ്യുതി ഉണ്ടാക്കി വിറ്റ്‌ ലാഭംനല്‍കുമെന്നായിരുന്നു നാനോ എക്‌സലിന്റെ വാഗ്‌ദാനം. സൂപ്പര്‍ മാര്‍ക്കറ്റിന്‌ വേണ്ടി കോടികള്‍ സമാഹരിച്ച ഒരു കമ്പനി പൂര്‍ണമായും റിയല്‍ എസ്റ്റേറ്റ്‌ രംഗത്ത്‌ ചുവടുറപ്പിക്കുകയും സംസ്ഥാനത്തുടനീളം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക്‌ ഫ്രാഞ്ചൈസി ക്ഷണിച്ച്‌ കൊണ്ട്‌ പരസ്യം നല്‍കുകയും ചെയ്‌തിട്ടും പണം നിക്ഷേപിച്ച ഒരാള്‍ പോലും എതിര്‍ത്തില്ലെന്നതും കൗതുകകരമാണ്‌. 
രണ്ടായിരത്തോടെ ശക്തി പ്രാപിച്ച റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സിന്റെ നിറം പിടിപ്പിച്ച കഥകളുമായാണ്‌ ഭൂരിപക്ഷം കമ്പനികളും ഈയടുത്തായി നിക്ഷപ സമാഹരണം നടത്തുന്നത്‌. കോടികള്‍ മാറുകയും മറിയുകയും ചെയ്യുന്ന മണിചെയ്‌ന്‍ ബിസിനസ്സിന്റെ പിന്നാമ്പുറക്കഥകള്‍ അധികമാരും അറിയുന്നില്ല അല്ലെങ്കില്‍ അന്വേഷിക്കാറില്ല എന്നതാണ്‌ യാഥാര്‍ഥ്യം. പരാതികള്‍ക്കും അന്വേഷണ മാമാങ്കങ്ങള്‍ക്കും പിറകെ നടക്കുന്ന ഏതാനും അറസ്റ്റുകളോടെ കേസ്‌ പഴങ്കഥയാവുകയാണ്‌ ചെയ്യുന്നത്‌. ദേശസാല്‍കൃത ബാങ്കുകള്‍ പോലും പലപ്പോഴും ഇത്തരം തട്ടിപ്പുസ്ഥാപനങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുന്നു. ആളുകളില്‍ നിന്ന്‌ പരമാവധി പണം സമാഹരിച്ച്‌ പോലീസില്‍ പരാതി നല്‍കി തലയൂരുന്ന സ്ഥാപനങ്ങളുമുണ്ട്‌. ഇവര്‍ പിന്നീട്‌ മറ്റൊരു കമ്പനിയുണ്ടാക്കി തട്ടിപ്പ്‌ തുടരുകയും ചെയ്യും. വര്‍ഷത്തില്‍ കോടികള്‍ ശമ്പളം പറ്റുന്നവരാണ്‌ സ്ഥാപന നടത്തിപ്പുകാരിലധികവും. നടക്കാത്ത ബിസിനസ്സില്‍ നിന്നും തുറക്കാത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും എങ്ങനെ പ്രതിമാസം ലക്ഷങ്ങള്‍ ശമ്പളം വാങ്ങാന്‍ സാധിക്കുന്നുവെന്ന ചോദ്യത്തിന്‌ ഉത്തരം ലളിതമാണ്‌, അന്യന്റെ ധനം അപഹരിക്കുന്നു.

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?