
Total Pageviews
മേലനങ്ങാതെ കോടീശ്വരനാവാം!
Sunday, July 10, 2011
നിരോധിക്കാന്‍

Wednesday, June 29, 2011
ടൈക്കൂണ്‍ തട്ടിപ്പ് 410 കോടി കവിഞ്ഞു
ബാങ്കില്‍ ചെറിയ നിക്ഷേപം മാത്രമാണ് ബാക്കിയുള്ളത്. ഇതിന് പുറമേ ഊട്ടിയില്‍ 900 എക്കര്‍ ഭൂമി കമ്പനിയുടെ പേരിലുണ്ടെന്ന അവകാശ വാദം വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 10ലക്ഷം രൂപ വിലവരുന്ന അഞ്ചര ഏക്കര്‍ ഭൂമിമാത്രമാണ് കമ്പനിയിലെ ഇടപാടുകാരില്‍ ഒരാളുടെ പേരില്‍ ഇവിടെ ഉള്ളത്.
ടൈക്കൂണിന്റെ വിവിധ സംസ്ഥാനങ്ങളിലെ 130 ഏജന്റുമാരെ കഴിഞ്ഞ മൂന്നുമാസം മുമ്പ് ഊട്ടിയിലെ വ്യാജഭൂമി കാണിച്ച് തെറ്റിദ്ധരിപ്പിച്ചതായി കസ്റ്റഡിയിലുള്ള രവിചന്ദ്രന്‍, പി.എം. ഗോപിനാഥ്എന്നിവര്‍ ചെന്നൈയില്‍ കൊണ്ടുപോയി നടത്തിയ അന്വേഷണത്തില്‍ വെളിപ്പെടുത്തിയതായി കേസിന് നേതൃത്വം നല്‍കുന്ന വടകര ക്രൈം ഡിറ്റാച്ച് മെന്റ് ഡി.വൈ.എസ്.പി ടി.പി സദാനന്ദന്‍ പറഞ്ഞു.
ടൈക്കൂണ്‍ 410 കോടി തട്ടിയെന്ന് തെളിഞ്ഞു
ഇതിനുപുറമെ ഊട്ടിയില്‍ ടൈക്കൂണിന്റെ പേരില്‍ 900 ഏക്കര്‍ ഭൂമിയുണ്ടെന്ന പ്രചാരണവും വ്യാജമാണെന്ന് തെളിഞ്ഞു. മൂന്നു മാസം മുമ്പ് ടൈക്കൂണിന്റെ 130 ഓളം സുപ്രധാന ഏജന്റുമാരെ ഊട്ടിയിലെ എമറാണ്‍സ് എന്ന സ്ഥലത്ത് വലിയ മല കാണിച്ച് ടൈക്കൂണ്‍ സിറ്റി പണിയാന്‍ 900 ഏക്കര്‍ സ്ഥലമുള്ളതായി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, 10 ലക്ഷം രൂപ വിലയുള്ള അഞ്ചര ഏക്കര്‍ സ്ഥലം മാത്രമാണ് ഇവിടെയുള്ളത്. ഇതുതന്നെ ടൈക്കൂണ്‍ ഉടമകളില്‍ ചിലരുടെ സ്വന്തം പേരില്‍ വാങ്ങിയതാണ്. ഊട്ടി ജോയന്റ് രജിസ്ട്രാര്‍ ഓഫിസിലും കുന്താ താലൂക്ക് ഓഫിസിലും നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇക്കാര്യം ബോധ്യമായതെന്ന് പൊലീസ് പറഞ്ഞു.
കസ്റ്റഡിയില്‍ വാങ്ങിയ ടൈക്കൂണ്‍ സീനിയര്‍ ഏജന്റുമാരായ രവിചന്ദ്രനെയും ഗോപിനാഥിനെയും ചെന്നൈയില്‍ കൊണ്ടുപോയി അന്വേഷണസംഘം നടത്തിയ തെളിവെടുപ്പിലാണ് വ്യാജഭൂമി കാണിച്ച് നടത്തിയ പ്രചാരണകഥ പുറത്തുവന്നത്. ടൈക്കൂണിന്റെ പണമിടപാട് നടത്തിയ പന്ത്രണ്ടോളം ബാങ്കുകളിലെ അകൗണ്ട് മരവിപ്പിച്ചുകഴിഞ്ഞു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക് എന്നിവിടങ്ങളില്‍ പരിശോധന നടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു. വ്യാജ മേല്‍വിലാസം ഉപയോഗിച്ച് ടൈക്കൂണിനുവേണ്ടി ബാങ്ക് അകൗണ്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉണ്ടാക്കിയ കമലാ കണ്ണന്‍, സദാശിവം എന്നിവര്‍ യഥാര്‍ഥ ഫോട്ടോ ആണ് ഉപയോഗിച്ചത്.
ഇവരെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചുകഴിഞ്ഞു. ടൈക്കൂണ്‍ തട്ടിപ്പ് കേരളം, ചെന്നൈ എന്നിവിടങ്ങളില്‍ മാത്രമല്ല മറ്റു പല സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്നതായാണ് പൊലീസിന്റെ വിലയിരുത്തല്‍. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ മാത്രമേ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിയുകയുള്ളൂ. പൊലീസ് കസ്റ്റഡിയിലുള്ള ഏജന്റുമാരെ ബുധനാഴ്ച വൈകീട്ടോടെ പയ്യോളി കോടതിയില്‍ ഹാജരാക്കി.
Monday, June 20, 2011
വെറൈസണ്‍ മണി തട്ടിപ്പ്:
ദേശാഭിമാനി
Posted on: 21-Jun-2011 12:29 AM
ആലുവ: വെറൈസണ്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് എന്ന സ്ഥാപനത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നുപേരെ പൊലീസ് സേലത്തു നിന്നും അറസ്റ്റ്ചെയ്തു. സ്ഥാപനത്തിന്റെ എംഡി കളമശേരി ചങ്ങമ്പുഴ നഗര്‍ ഇന്‍ഫ്ര ഹില്ലോക്കില്‍ ഡോ. സന്ദീപ് കെ ജോസ് (42), ഡയറക്ടര്‍മാരായ കോട്ടയം മീനച്ചില്‍ നടുവിലക്കൂറ്റ് ബിജോയ് സെബാസ്റ്റ്യന്‍ (45), തായിക്കാട്ടുകര മേപ്പുള്ളി ഹംസയുടെ വീട്ടിലെ വാടകക്കാരനായ കൊല്ലം ചവറ പുത്തന്‍പുരക്കല്‍ സുനില്‍ ഹെന്‍ഡസ് (28) എന്നിവരാണ് അറസ്റ്റിലായത്. മണി ചെയിന്‍ മാതൃകയിലായിരുന്നു തട്ടിപ്പ്. ഇവരുടെ സഹോദരസ്ഥാപനമായ എന്‍കോര്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ 6000 രൂപയുടെയും വെറൈസണ്‍ ബില്‍ഡേഴ്സില്‍ 1000 രൂപയുടെയും ബോണ്ടാണ് അംഗമായി ചേരാന്‍ മിനിമം എടുക്കേണ്ടത്. 25,000 പേരെ ഇത്തരത്തില്‍ ചേര്‍ത്തതിന്റെ രേഖകള്‍ റെയ്ഡ് നടത്തി മുമ്പ് പിടിച്ചെടുത്തിരുന്നു. ആലുവ ബൈപാസിനു സമീപം പരിയാരത്ത് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെ ഓഫീസില്‍ 13നാണ് റെയ്ഡ് നടത്തിയത്. മിനിമം ബോണ്ട് 7000 രൂപയാണ് നിശ്ചയിച്ചിരുന്നതെങ്കിലും അഞ്ചുലക്ഷത്തിന്റെയും ഏഴുലക്ഷത്തിന്റെയും ബോണ്ട് എടുത്തവരും ഉണ്ട്. ഇടുക്കി ജില്ലയിലെ ബൈസണ്‍വാലിയില്‍ ഇവര്‍ക്ക് ഒരേക്കര്‍ 80 സെന്റ് സ്ഥലവും മൂവാറ്റുപുഴക്കടുത്ത് മണ്ണൂരില്‍ ഒരേക്കര്‍ 78 സെന്റ് സ്ഥലവുമുള്ളതായി കണ്ടെത്തി. ചൂര്‍ണിക്കരയില്‍ സില്‍വര്‍ ക്രസ്റ്റ് എന്ന പേരില്‍ ഇവരുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റുകളില്‍ 11 എണ്ണം വിറ്റു. നാല് ഫ്ളാറ്റ് വിറ്റിട്ടില്ല. എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിടി, എസ്ബിഐ തുടങ്ങിയ ബാങ്കുകളിലെ വിവിധ ശാഖകളിലായി 20,14,026 രൂപയുടെ നിക്ഷേപം ഇവര്‍ക്ക് ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഒളിവില്‍പ്പോയ പ്രതികള്‍ തൊടുപുഴ, അങ്കമാലി, മൂന്നാര്‍ , തേനി, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ മാറിമാറി താമസിച്ചു. മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് പ്രതികളെ സേലത്തെ ഹോട്ടലില്‍ നിന്നും പൊലീസ് കണ്ടെത്തിയത്. ബിനാനിപുരം എസ്ഐ കെ സി മനോജ്, പൊലീസുകാരായ പ്രസന്നകുമാര്‍ , ഹരി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. ആലുവ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്ചെയ്തു.
തട്ടിപ്പുകളുടെ ഘോഷയാത്ര
ദേശാഭിമാനി മുഖപ്രസംഗം
Posted on: 20-Jun-2011 11:52 PM
മലയാളി ക്രൂരമായി വഞ്ചിക്കപ്പെടുകയാണ്-അല്ലെങ്കില്‍ ചതിക്കെണികളില്‍ സ്വയമേവ ചെന്നു വീഴുകയാണ്. തുടക്കം കുറെ ചിട്ടിക്കമ്പനികളുടെ വെട്ടിപ്പായിരുന്നു. അതുകഴിഞ്ഞ് ബ്ലേഡുകമ്പനികള്‍ പണം അറുത്തെടുത്തുകൊണ്ടുപോയി. പിന്നാലെ "ആട്, തേക്ക്, മാഞ്ചിയം" തട്ടിപ്പുകള്‍വന്നു. അടുത്ത തലമുറയായി മണിചെയിനുകള്‍ , പണമിരട്ടിപ്പ് സ്ഥാപനങ്ങള്‍ , ഫ്ളാറ്റ് നിര്‍മാണക്കരാര്‍ . ശബരീനാഥ് എന്ന യുവാവ് പണം ഇരട്ടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനംചെയ്തപ്പോള്‍ മുന്‍പിന്‍നോക്കാതെ നിക്ഷേപിക്കാന്‍ ആയിരങ്ങളാണെത്തിയത്. അങ്ങനെ കിട്ടിയ നിക്ഷേപപ്പണം ആഡംബരക്കാറുകള്‍ വാങ്ങാനും നിശാക്ലബ്ബുകളില്‍ ആറാടിത്തീര്‍ക്കാനുമാണ് അയാള്‍ ഉപയോഗിച്ചത്. വിവരം പുറത്തുവരുമ്പോഴേക്ക് കോടികള്‍ മുങ്ങിയിരുന്നു. പറ്റിക്കപ്പെട്ടവര്‍ ഇപ്പോഴും ഇരുട്ടില്‍തന്നെ.
ഈ തട്ടിപ്പിനു പിന്നാലെ സമാനമായ നിരവധി സംഭവങ്ങള്‍ വാര്‍ത്തയിലിടം നേടി. ഏറ്റവുമൊടുവില്‍ സംസ്ഥാനത്തിന്റെ പൊലീസ് മേധാവി തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്കുമുന്നില്‍ വിളിച്ചു പറയുന്നു-മണിചെയിന്‍ ഇടപാടുകാര്‍ സംസ്ഥാനത്ത് നടത്തിയത് ആയിരം കോടി രൂപയുടെ തട്ടിപ്പാണെന്ന്. നിക്ഷേപിക്കുന്നവര്‍ക്കും നിക്ഷേപം ആകര്‍ഷിക്കുന്നവര്‍ക്കും അത്യാകര്‍ഷകമായ ആനുകൂല്യങ്ങളും 100 മുതല്‍ 200 വരെ ശതമാനം പലിശയും വാഗ്ദാനംചെയ്താണ് മണിചെയിന്‍ തട്ടിപ്പുകള്‍ നടക്കുന്നത്. വന്‍ തട്ടിപ്പ് പിടിക്കപ്പെട്ട് സര്‍ക്കാര്‍ നേരത്തെ പൂട്ടിച്ച കമ്പനികള്‍തന്നെ പുതിയ പേരില്‍ രജിസ്റ്റര്‍ചെയ്ത് പുനരവതരിക്കുന്നു. അന്തര്‍ദേശീയ ബന്ധമുള്ള കമ്പനികളുമുണ്ട് ഇതില്‍ . ചിലത് പണം നിക്ഷേപമായി വാങ്ങിയാണ് തട്ടിപ്പു നടത്തുന്നതെങ്കില്‍ , മറ്റുചിലത് ആകര്‍ഷകമായ സാങ്കേതിക ഉപകരണങ്ങളുടെ വില്‍പ്പന എന്ന പേരിലാണ് പണം വാരിക്കൂട്ടുന്നത്. കൂടുതല്‍പേരെ ആ വഴിയിലേക്കാകര്‍ഷിച്ചാല്‍ സ്വപ്നതുല്യമായ പ്രതിഫലം ലഭിക്കുമെന്ന വാഗ്ദാനവുമുണ്ട്. പൊലീസിലെ വലിയ ഉദ്യോഗസ്ഥര്‍പോലും ഈ തട്ടിപ്പുകളില്‍ അഗാധമായി മുഴുകിയിരിക്കുന്നു. അവരാണ് ചിലതിന്റെ പ്രൊമോട്ടര്‍മാര്‍ . ആപ്പിള്‍ എ ഡേ, ബിസാര്‍ , ഹൊറൈസണ്‍ , ടൈക്കൂണ്‍ -ഇവയെല്ലാം കുറെ നാളായി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന പേരുകളാണ്.
ആപ്പിള്‍ എ ഡേ ഫ്ളാറ്റ് തട്ടിപ്പുകേസിലെ ഇരകളിലേറെയും സാധാരണക്കാരാണ്. ചെലവ് കുറഞ്ഞ വീട് എന്ന പ്രചാരണത്തിലൂടെയും റോഡ് ഷോകളിലൂടെയും നടത്തിയ തട്ടിപ്പില്‍ ഭൂരിഭാഗവും കുടുങ്ങിയത് ഗള്‍ഫിലും മുംബൈയിലും ചെന്നൈയിലുമടക്കമുള്ള താഴ്ന്ന വരുമാനക്കാരാണ്. അധ്വാനിച്ച് സമ്പാദിച്ചതും ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുകയുമാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. ന്യൂ കൊച്ചിന്‍ , ആപ്പിള്‍ ഡോട്ട് കോം കാക്കനാട്, നാനോ ഹോംസ്, ആപ്പിള്‍ ഐസ്, വണ്‍ ബിഎച്ച്കെ, മൈ ഹട്ട്, ആപ്പിള്‍ സ്യൂട്ട്, ബിഗ് ആപ്പിള്‍ , ന്യൂ കൊച്ചി/വണ്‍ ബിഎച്ച്കെ, നാനോ വില്ല, ആപ്പിള്‍/ന്യൂകൊച്ചി തുടങ്ങിയ പദ്ധതികളുടെ പേരില്‍ അപ്പാര്‍ട്മെന്റ്, വില്ല, കോട്ടേജ്, വീട് വയ്ക്കാന്‍ സ്ഥലം എന്നിവ വാഗ്ദാനംചെയ്താണ് തട്ടിപ്പ് അരങ്ങേറിയത്. നിശ്ചയിച്ച സമയത്ത് കരാര്‍ പൂര്‍ത്തിയാക്കാത്തതിനെത്തുടര്‍ന്ന് പരാതിയുമായി എത്തിയവര്‍ക്ക് കമ്പനി ഉടമകള്‍ ചെക്ക് നല്‍കി. ചെക്ക് മടങ്ങിയപ്പോള്‍ നിക്ഷേപകര്‍ പരാതി നല്‍കി. അങ്ങനെയാണ് തട്ടിപ്പ് പുറത്തായത്. തട്ടിപ്പുകാര്‍ പിടിയിലായി-പക്ഷേ പോയ പണം തിരിച്ചുകിട്ടുമോ, കിട്ടിയാല്‍ത്തന്നെ എത്ര എന്ന വേവലാതിയിലാണ് നിക്ഷേപകര്‍ . മണിചെയിന്‍ നിക്ഷേപ പദ്ധതിയിലൂടെ ടൈക്കൂണ്‍ എംപയര്‍ ഇന്റര്‍നാഷണല്‍ കമ്പനി 370 കോടി രൂപ തട്ടിയതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം പതിനായിരം രൂപ വീതം 36 മാസം തുടര്‍ച്ചയായി നല്‍കുമെന്ന് പറഞ്ഞാണ് ടൈക്കൂണ്‍ ആളുകളെ ചേര്‍ത്തത്. കൂടുതല്‍ ആളുകളെ ചേര്‍ക്കുമ്പോള്‍ അതിന്റെ പത്ത് ശതമാനവും നല്‍കുമെന്നായിരുന്നു വാഗ്ദാനം. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസില്‍ അംഗങ്ങളാക്കിയത് ഒരു ലക്ഷത്തോളം പേരെയാണ്. ഇവരില്‍നിന്ന് 120 കോടിയിലേറെ രൂപ ഓഹരിയായി സമാഹരിച്ചു. ഇതില്‍ 50 കോടിയോളം രൂപയുടെ സ്വത്തുവകകള്‍ വാങ്ങിയിട്ടുണ്ടെങ്കിലും മറ്റു തുക കമ്പനിയുടെ മേലെത്തട്ടിലുള്ളവര്‍ സ്വന്തമാക്കി. അവിടെയും പണം മുടക്കിയവര്‍ അന്തംവിട്ട് നില്‍ക്കുന്നു.
ഫ്ളാറ്റ് നിര്‍മിച്ചുനല്‍കാമെന്നു പറഞ്ഞ് കോടികള്‍ തട്ടിയ "ഹൊറൈസണ്‍ ബില്‍ഡേഴ്സ്" കേസില്‍ പൊലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളി കോണ്‍ഗ്രസ് നേതാവായ കേന്ദ്രസഹമന്ത്രിയുടെ ബന്ധുവാണെന്നാണ് വന്നിട്ടുള്ള ഒരു വാര്‍ത്ത. സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ണികളാക്കാമെന്ന് പറഞ്ഞ് ആയിരങ്ങളെ വഞ്ചിച്ച ബിസാര്‍ ഗ്ലോബല്‍ മാര്‍ക്കറ്റിങ് സിസ്റ്റം ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍പദവിയില്‍ പൊലീസ് ഉദ്യോഗസ്ഥനാണ്. മണിചെയിന്‍ തട്ടിപ്പില്‍ പ്രൊമോട്ടര്‍മാരായി പ്രവര്‍ത്തിച്ച പൊലീസുകാരെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടിയെടുക്കുമെന്ന് പൊലീസ് മേധാവിക്ക് പറയേണ്ടിവന്നിരിക്കുന്നു. ആള്‍ദൈവക്കൂട്ടങ്ങളിലും ജാതി-മത രാഷ്ട്രീയത്തിന്റെ സ്വാധീനവലയത്തിലും മാത്രമല്ല ഇത്തരം തട്ടിപ്പുകളിലും മലയാളികള്‍ എളുപ്പം വീണുപോകുന്നത് നാം അഭിമാനിക്കുന്ന സാംസ്കാരിക ഔന്നത്യത്തിന് നിരക്കുന്ന ഒന്നല്ല. സര്‍ക്കാര്‍ നടപടികള്‍കൊണ്ടുമാത്രം ചികിത്സിച്ച് മാറ്റാവുന്ന അസുഖമല്ലിത്. ആഗോളവല്‍ക്കരണത്തിന്റെ തുറന്നിട്ട വാതിലുകളിലൂടെ സമൂഹശരീരത്തിലേക്ക് തറച്ചുകയറുന്ന അരാജകത്വത്തിന്റെയും അരാഷ്ട്രീയത്തിന്റെയും അമിത ലാഭമോഹത്തിന്റെയും ഉല്‍പ്പന്നമാണീ തട്ടിപ്പുകള്‍ . നഷ്ടപ്പെട്ടുപോകുന്ന പൊതു ചര്‍ച്ചാഇടങ്ങള്‍ മനുഷ്യന്റെ വിവേകത്തെയും കെടുത്തും.
ഇന്ത്യന്‍ ഭരണനേതൃത്വവും കോര്‍പറേറ്റ് ലോബിയും പ്രമുഖ മാധ്യമ രാജാക്കന്മാരും ചേര്‍ന്ന് നടത്തുന്ന കൊടുംകൊള്ളയുടെ മറ്റൊരു പതിപ്പായി ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കേണ്ടതുണ്ട്. അതോടൊപ്പം, പ്രതിയുടെ മടിയുടെ കനം നോക്കി അന്വേഷണത്തിലും നടപടികളിലും വെള്ളം ചേര്‍ക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആഗ്രഹത്തെയും ചെറുക്കാനാകണം. തട്ടിപ്പുകാരെ പിടികൂടുന്നതുപോലെത്തന്നെ പ്രധാനമാണ് ജനങ്ങള്‍ തട്ടിപ്പിനിരയാകാതെ സൂക്ഷിക്കുന്നതിനുള്ള കടമയും. നഗരത്തിലെ തിരക്കുപിടിച്ച കുടുസ്സുനിരത്തില്‍ ഒളിഞ്ഞിരുന്ന് ഹെല്‍മെറ്റ് വേട്ടയും സീറ്റ്ബെല്‍റ്റ് വേട്ടയും നടത്താന്‍ മിടുക്കുകാട്ടുന്ന നമ്മുടെ പൊലീസുകാര്‍ക്ക് ഇത്തരം തട്ടിപ്പുകാരെ കണ്ടാല്‍ തിരിച്ചറിയാനും പിടിക്കാനുമാകണം. വഞ്ചിക്കപ്പെടാനാകരുത്, വഞ്ചകരെ പിടിച്ചുകെട്ടാനുള്ളതാകണം മലയാളിയുടെ ഇടപെടലുകള്‍ .
Saturday, June 18, 2011
Tuesday, June 14, 2011
ഓണ്‍ലൈന്‍ മണിചെയിന്‍ തട്ടിപ്പ്: മുഖ്യപ്രതി ഒളിവില്‍
മുഖ്യപ്രതി ശക്തിപ്രകാശിനെ തേടി എറണാകുളത്തെത്തിയ ചന്തേര എസ്.ഐ എ. നിസാമുദ്ദീനും സംഘത്തിനും ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.
എറണാകുളം ടൗണ്‍ സ്‌റ്റേഷനില്‍ മാത്രം ആറ് കേസുകളിലായി 20.38 കോടി രൂപയുടെ തട്ടിപ്പിന് ശക്തിപ്രകാശിനെതിരെ പരാതിയുണ്ട്. പാലക്കാട് ചിറ്റൂരില്‍ ആറുകോടി രൂപയുടെ തട്ടിപ്പ് നടത്തിയതിനും കേസുണ്ട്. മൂന്ന് വിദേശ നിര്‍മിത ആഡംബര കാറുകള്‍ പ്രതി സ്വന്തമാക്കിയിരുന്നു. ഇവ മൂന്നും പിന്നീട് വിറ്റു. അതുപോലെ ഫോര്‍ട്ട് കൊച്ചിയിലുണ്ടായിരുന്ന രണ്ടു മുന്തിയ ഫ്‌ളാറ്റുകളും വില്‍പന നടത്തി.
പരാതികളുണ്ടായപ്പോള്‍ തന്നെ നാല് വീടുകളില്‍ മാറിമാറി താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അതേസമയം, ശക്തിപ്രകാശ് വളരെ തന്ത്രപൂര്‍വം പാപ്പരെന്ന് സ്ഥാപിച്ചെടുക്കാന്‍ കാലേക്കൂട്ടി നടത്തിയ ആസൂത്രണത്തിന്റെ ഭാഗമാണ് സ്വത്തുക്കള്‍ വിറ്റഴിച്ചതെന്നു അന്വേഷണ സംഘം കരുതുന്നു.
മെട്രോ നഗരങ്ങളില്‍ ഇന്റര്‍നെറ്റ് സാക്ഷരത ദുരുപയോഗം ചെയ്താണ് ആളുകളെ ആകര്‍ഷിച്ചതെങ്കില്‍ അത്യുത്തര കേരളത്തില്‍ ഏജന്റുമാരെ വെച്ചാണ് ആളുകളെ പാട്ടിലാക്കിയത്. വെബ്‌സൈറ്റില്‍ വരുന്ന ലാഭക്കണക്കുകള്‍ കണ്ടു മനക്കോട്ട കെട്ടിയവര്‍ക്ക് മുതല്‍പോലും തിരിച്ചുകിട്ടാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നാണ് സൂചന. അതേസമയം, ഇന്റര്‍നെറ്റ് മണിചെയിനില്‍ സംശയം തോന്നിയ ചിലര്‍ പാതിവഴിയില്‍ നിക്ഷേപം പിന്‍വലിച്ചതായും സൂചന ലഭിച്ചു. നിസാര തുകക്ക് ഇന്ത്യയില്‍ എവിടേക്കും വിമാന ടിക്കറ്റും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസവും വാഗ്ദാനം ചെയ്ത് മണിചെയിനില്‍ ആളുകളെ ചേര്‍ത്തതായും വിവരം ലഭിച്ചിട്ടുണ്ട്.
പൊലീസ് പിടിയിലായവര്‍ അസന്റ് ഫോറക്‌സ് എന്ന വ്യാജ കമ്പനിയുടെ പേരിലാണ് പണം തട്ടിയെടുത്തത്. ചിറ്റൂര്‍ പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്ത പരുത്തിപ്പള്ളി കാര്യാട്ട് വീട്ടില്‍ സ്വാമിനാഥനില്‍നിന്ന് ലഭിച്ച വിവരത്തെ ത്തുടര്‍ന്നാണ് നിലവിലില്ലാത്ത കമ്പനിയുടെ പേരില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയതായി അറിഞ്ഞത്. കേരളത്തിലെ എല്ലാ ജില്ലകളിലും വ്യത്യസ്ത പേരുകളിലറിയപ്പെടുന്ന മണിചെയിന്‍ തട്ടിപ്പിനു പിന്നില്‍ ഒരേയാളുകള്‍ തന്നെയാണെന്നാണ് പൊലീസ് നിഗമനം. സംശയമുള്ള മണിചെയിന്‍ പരിപാടികളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. ടി.ഡി.ഡബ്ല്യു.എല്‍, വിസാ ഡ്രൈവ് എന്ന പേരില്‍ കണ്ണൂരില്‍ തട്ടിപ്പ് നടത്തവേയാണ് മൂവരെയും പൊലീസ് പിടികൂടിയത്.
കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരില്‍നിന്നു മാത്രമായി 50 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയെടുത്തത്. നാട്ടില്‍ നന്നായി പ്രവര്‍ത്തിക്കുന്നവരെ വശത്താക്കിയ ശേഷം ഇവരുടെ പേരുകള്‍ മറ്റുള്ളവരെ കാണിച്ചാണ് സംഘം പണം തട്ടിയെടുത്തത്. നിക്ഷേപകരില്‍നിന്ന് സ്വീകരിക്കുന്ന തുക ആസ്‌ട്രേലിയന്‍ ഡോളറായി നിക്ഷേപിച്ച് ഡോളറിന്റെ മൂല്യവര്‍ധന അനുസരിച്ച് ലാഭം ആഴ്ചതോറും നല്‍കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ചെറുവത്തൂര്‍, പിലിക്കോട്, മടക്കര, പടന്ന, മാണിയാട്ട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നായി 70ഓളം പേരാണ് അസന്റ് ഫോറക്‌സ് എന്ന കമ്പനിയില്‍ ചേര്‍ന്ന് വഞ്ചിതരായത്.
വന്‍ തുക ലാഭം കിട്ടുമെന്നറിഞ്ഞ് വായ്പയെടുത്തും കമ്പനിയില്‍ നിക്ഷേപിച്ചവരുണ്ട്. സംഘത്തെ പിടികൂടിയെന്നറിഞ്ഞ് നിരവധി പേരാണ് നഷ്ടപ്പെട്ട തുകയുടെ കണക്കുകളും തെളിവുകളുമായി ചൊവ്വാഴ്ച ചന്തേര പൊലീസ് സ്‌റ്റേഷനിലെത്തിയത്.
വീണ്ടും മണിച്ചെയിന്‍ തട്ടിപ്പ്
വടക്കന്‍ കേരളത്തിലെ നാലു ജില്ലകളിലായി 82 കോടി രൂപയുടെ ഇന്‍റര്‍നെറ്റ് മണിച്ചെയിന്‍ തട്ടിപ്പ്. അടയാര്‍ ആസ്ഥാനമായ ടൈക്യൂണ്‍ എംപെയര്‍ ഇന്‍റര്‍നാഷനല്‍ എന്ന സ്ഥാപനമാണു തട്ടിപ്പു നടത്തിയത്. ആയിരത്തോളം പേര്‍ തട്ടിപ്പിനിരയായെന്നു പ്രാഥമിക റിപ്പോര്‍ട്ട്. നിക്ഷേപത്തട്ടിപ്പു നടത്തുന്നുവെന്ന ഇന്‍റലിജന്‍സ് വിവരത്തെത്തുടര്‍ന്നു വടകര ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈഎസ് പിയാണ് അന്വേഷണം ആരംഭിച്ചത്. ഇന്‍റര്‍നെറ്റിലൂടെ മള്‍ട്ടി ലൈന്‍ മാര്‍ക്കറ്റിങ് എന്ന പേരിലായിരുന്നു തട്ടിപ്പ്. അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ കമ്പനി വ്യാജമെന്നു കണ്ടെത്തി.
കമ്പനി ഡയറക്റ്റര്‍മാരായ കമല കണ്ണന്‍, സദാശിവം, വിനു ആനന്ദ്, എം. വേലു എന്നിവരുടെ മേല്‍വിലാസവും വ്യാജമെന്നു തെളിഞ്ഞു. ഇവര്‍ ഒളിവിലാണ്. പഞ്ചാബ് നാഷനല്‍ ബാങ്ക്, എച്ച്എസ്ബിസി, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവിടങ്ങളിലായിരുന്നു നിക്ഷേപം.
കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് ഇവര്‍ക്കു നിക്ഷേപകരുള്ളത്. കോഴിക്കോട് പയ്യോളി സ്വദേശികളായ സേതുമാധവന്‍, സിറാജുദ്ദീന്‍, അസൈനാര്‍ ഹാജി, പ്രജിത്ത് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അവരെ ജാമ്യത്തില്‍ വിട്ടു. സേതുമാധവന്‍ സര്‍ക്കാര്‍ ജീവനക്കാരനും മറ്റുള്ളവര്‍ വ്യാപാരികളുമാണ്. പയ്യോളി, വടകര പ്രദേശങ്ങളില്‍ നിന്ന് ഇരുപത്തഞ്ചോളം പരാതികള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.
മണി ചെയിന്‍ നിക്ഷേപ പദ്ധതിയില്‍ ചേരുന്നവരും ചേര്‍ക്കുന്നവരും കുറ്റക്കാര്‍ തന്നെയാണെന്ന് പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍. മണി ചെയിന്‍ നിക്ഷേപ തട്ടിപ്പിലൂടെ നൂറു കോടിയില്‍പരം രൂപ വെട്ടിച്ച ടൈക്കൂണ്‍ എംപയര്‍ ഇന്‍റര്‍നാഷണല്‍ ലിമിറ്റഡിന്‍റെ കേസ് അന്വേഷണം നടത്തുന്ന പൊലീസ് ഉന്നത അധികാരികളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമിതമായ തോതില്‍ പണമോ വസ്തുക്കളോ വാഗ്ദാനം ചെയ്ത് ആളുകളെ ഏതു സ്കീമിലും ചേര്‍ക്കുന്നതും ചേരുന്നതും ക്രിമിനല്‍ കുറ്റമാണ്. 1978ലെ പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ ആക്റ്റിന്‍റെ ലംഘനമായാണ് ഇത്തരം പ്രവൃത്തികളെ കണക്കാക്കുന്നത്.
നിക്ഷേപിച്ച പണം മൂന്നുവര്‍ഷം കൊണ്ട് നാലു മടങ്ങായി തിരിച്ചുനല്‍കുമെന്നായിരുന്നു വ്യവസ്ഥ. ആദ്യ മൂന്നുമാസം പണം ലഭിച്ചെങ്കിലും പിന്നീടൊന്നുമുണ്ടായില്ല. ഇക്കാര്യം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. വടകര, പയ്യോളി മേഖലയില്‍ ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയവരെ പൊലീസ് പിടികൂടി. അന്വേഷണം ഇവരുടെ ആസ്ഥാനമായ ചെന്നൈയിലേക്ക് എത്തിയപ്പോഴാണ് ഡയറക്റ്റര്‍മാരുടെ പകല്‍ക്കൊള്ള പുറത്തുവന്നത്.
നിക്ഷേപതട്ടിപ്പിലൂടെ നൂറുകോടി രൂപ വെട്ടിച്ച ടൈക്കൂണ്‍ എംപയര്‍ ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് ഉടമകളെ പിടികൂടാന്‍ വടകര പൊലീസ് നടപടി തുടങ്ങി. ഉടമകളെന്ന് പറഞ്ഞ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയ കമല കണ്ണന്‍, സദാശിവം എന്നിവര്‍ ചെന്നൈ അഡയാര്‍ സ്വദേശികളാണെന്ന വിലാസമാണ് ബാങ്കുകള്‍ക്ക് നല്‍കിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ തങ്ങിയ പൊലീസ് ഉന്നതസംഘം ഇവരെ കണ്ടെത്താനുള്ള തീവ്രപരിശ്രമത്തിലാണ്. ചെന്നൈ പൊലീസിന്‍റെ സഹായത്തോടെ ഇവരെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് വടകര പൊലീസ്.
എതാണ്ട് 25 വയസ് മാത്രമുള്ളവരാണ് ടൈക്കൂണ്‍ തട്ടിപ്പിന്‍റെ സൂത്രധാരകരെന്ന് പൊലീസ് പറഞ്ഞു. കമ്പനി ഉടമകളെ സംബന്ധിച്ച് ബാങ്കുകള്‍ ശരിയായ രീതിയില്‍ പരിശോധന നടത്താന്‍ തയാറാകാതിരിക്കുന്നത് തട്ടിപ്പ് എളുപ്പമാക്കി മാറ്റി. ഒരു സ്ഥാപനത്തിന്‍റെ അക്കൗണ്ട് തുടങ്ങുമ്പോള്‍ നല്‍കിയ വിലാസം പൂര്‍ണമായും ശരിയായിരിക്കണമെന്ന് ഐഡന്‍റിഫിക്കേഷന്‍ നടത്താന്‍ ബാങ്കുകള്‍ നടപടിയെടുക്കേണ്ടതായിരുന്നു. ഇടപാടുകള്‍ കോടികളുടേതായതിനാല്‍ ബാങ്കുകള്‍ ഇതിനു തയാറായില്ല.
പാലാരിവട്ടം മണിപ്ലസ് സ്ഥാപനത്തില്‍ ചിട്ടി തട്ടിപ്പിനിരയായവര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. മുന്നൂറോളം പേരാണിവിടെ തട്ടിപ്പിനിരയായത്.
പാലാരിവട്ടത്തിനു പുറമെ പന മ്പിള്ളി നഗര്‍, പറവൂര്‍, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും ശാഖകളുണ്ടായിരുന്നു. ഇതെല്ലാം പൂട്ടിയിരിക്കുകയാണ്. ചിട്ടിക്കു ചേര്‍ന്നവരില്‍നിന്ന് ഒന്നരക്കോടി രൂപയോളം വെട്ടിച്ചതായി ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. കേസില്‍ അറസ്റ്റിലായ മാണി മുണ്ടാ ടന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
എന്നാല്‍ കേസിനു തുമ്പുണ്ടാ ക്കാന്‍ പൊലീസിന് ഇതുവ രെ കഴിഞ്ഞിട്ടില്ല. മാണി മുണ്ടാടനെ മാത്രം പ്രതിയാക്കി മറ്റുള്ളവരെ ര ക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നു തട്ടിപ്പിനിരയായവര്‍ ആരോപിക്കുന്നു. പൊലീസിന്‍റെ സഹായം പ്രതികള്‍ക്കു ലഭിക്കുന്നതായും പരാതിയുണ്ട്.
ഫെബ്രുവരി മൂന്നിനു നിക്ഷേപകര്‍ കാലാവധി പൂര്‍ത്തിയായി ട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്നു സ്ഥാപനത്തിന്‍റെ പാലാരിവട്ടത്തെ ഹെഡ്ഓഫിസ് നി ക്ഷേപകര്‍ കൈയേറുകയായിരു ന്നു.
