Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Sunday, July 10, 2011

നിരോധിക്കാന്‍




നെറ്റ്‌വര്‍ക് മാര്‍ക്കറ്റിംഗ് നിരോധിക്കാന്‍ ഇരകളുടെ സംഗമം സംഘടിപ്പിച്ചു








മുക്കം: കൂണ്‍കണക്കെ മുളച്ചുപൊന്തുന്ന നെറ്റ്‌വര്‍ക് മാര്‍ക്കറ്റിംഗ് തട്ടിപ്പുകള്‍ നിരോധിക്കണമെന്നും വഞ്ചകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സോളിഡാരിറ്റി ഗോതമ്പറോഡില്‍ സംഘടപ്പിച്ച ഇരകളുടെ സംഗമം ആവശ്യപ്പെട്ടു. 'നെറ്റ് വര്‍ക് മാര്‍ക്കറ്റിംഗ് നിരോധിക്കുക; തട്ടിപ്പിന്റെ വലക്കണ്ണികള്‍ പൊട്ടിച്ചെറിയുക' എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി കൊടിയത്തൂര്‍ ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ബോധവല്‍ക്കരണവും ഇരകളുടെ സംഗമവും സംസ്ഥാന സെക്രട്ടറി എം.സി. സുബ്ഹാന്‍ബാബു ഉദ്ഘാടനം ചെയ്തു. മോഹനവാഗ്ദനാങ്ങള്‍ നല്‍കി ആളുകളെ ചൂഷണം ചെയ്യുന്ന ഇത്തരം തട്ടിപ്പില്‍ അകപ്പെടുന്നതില്‍നിന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാംഗം ആസിഫ് അലി മലപ്പുറം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഏരിയാ പ്രസിഡന്റ് അന്‍വര്‍ കെ.സി അധ്യക്ഷത വഹിച്ചു. ജമാല്‍ കെ.ഇ സ്വാഗതവും സാലിം പി നന്ദിയും പറഞ്ഞു.സാലിം9846608022

മണിചെയിന്‍ തട്ടിപ്പ്: പൊലീസ് പീഡനം ആരോപിച്ച ഹരജി തള്ളി

Published on Tue, 07/05/2011 - 22:31 ( 5 days 12 hours ago)
കൊച്ചി: മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് തട്ടിപ്പ് അന്വേഷണത്തിന്റെ പേരില്‍ പൊലീസ് പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. മലപ്പുറം പൊന്നാനി പാലപ്പെട്ടി കിഴക്കൂട്ട് കെ.എച്ച്. ഷഫീര്‍, തെക്കേപ്പുറത്ത് ടി.ബി. അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് പയസ് കുര്യാക്കോസ്, ജസ്റ്റിസ് പി. ഭവദാസന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ബിസാര്‍ കമ്പനിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരില്‍ പീഡനം ആരോപിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്. കമ്പനിയുടെ  തട്ടിപ്പിനിരയായവരാണ് തങ്ങളെന്നും യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ ശരിയായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.
2.5 ലക്ഷം പേരാണ് കമ്പനിയുടെ സ്‌കീമില്‍ അംഗങ്ങളായത്. ഷഫീറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ പേരില്‍ പീഡനമില്ലെന്നും കമ്പനിയുടെ പ്രമോട്ടര്‍മാരാണ് ഹരജിക്കാരെന്നും സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷനല്‍ അഡ്വ. ജനറല്‍ കെ.എ. ജലീല്‍ അറിയിച്ചു.
=ഹരജിക്കാര്‍ സ്‌കീമില്‍ അംഗങ്ങളായിട്ടുണ്ട്. കുടുംബാംഗങ്ങളെ ചേര്‍ക്കുകയും ചെയ്തു. ഇതില്‍ നിന്ന് ഇവര്‍ പ്രമോട്ടര്‍മാരാണെന്ന് വ്യക്തമാണ്.
മലപ്പുറം ജില്ലയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പൊന്നാനി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഷഫീര്‍. അബ്ദുല്‍ ജബ്ബാറിന്റെ സാന്നിധ്യം അന്വേഷണത്തിന് ആവശ്യമായി വരാം. ഇത് പീഡിപ്പിക്കാനല്ലെന്നും അഡീഷനല്‍ എ.ജി ബോധിപ്പിച്ചു.പൊലീസ് പീഡന ആരോപണത്തില്‍ കഴമ്പില്ലെന്നാണ് വ്യക്തമാകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

ഈ വലയില്‍ കുടുങ്ങാതിരിക്കുക...












































'ലിസി'ന്റെ പിന്‍ഗാമി 'ജ്യോതിസും' ആയിരങ്ങളെ കബളിപ്പിച്ചു

Published on Fri, 07/08/2011 - 
കണ്ണൂര്‍: ആയിരം കോടിയോളം തട്ടിയെടുത്ത് ആയിരക്കണക്കിനു നിക്ഷേപകരെ കബളിപ്പിച്ച 'ലിസി'നെതിരെ നടപടിയാവശ്യപ്പെട്ട് എ.ഡി.ജി.പി ടി.പി. സെന്‍കുമാര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കെ, ലിസിന്റെ പിന്‍ഗാമിയായ 'ജ്യോതിസി'ല്‍ ചേര്‍ന്നവര്‍ക്കും പണം തിരിച്ചുകിട്ടിയില്ല. ലിസ് ചെയര്‍മാന്‍ കോട്ടയം കുറുപ്പന്തറ സ്വദേശി പി.വി. ചാക്കോയുടെ മരുമകന്‍ ജോയ് ജോണ്‍ മാനേജിങ് പാര്‍ട്ണറായ 'ജ്യോതിസ്' പദ്ധതിയും കോടികള്‍ തട്ടിയെടുത്തശേഷം ഇടപാടുകാരെ കബളിപ്പിക്കുകയാണ്. ടി.വി പരസ്യംകണ്ട് ജ്യോതിസില്‍ പണംമുടക്കിയവരില്‍ അധ്യാപികമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, റിട്ട. ഉദ്യോഗസ്ഥര്‍, കന്യാസ്ത്രീകള്‍, വൈദികര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ ഉള്‍പ്പെടും.
പൊലീസ് ഐ.ജിയുടെ ഭാര്യയായ കോഴിക്കോട്ടെ സ്‌കൂള്‍ അധ്യാപിക 2007 ജൂണ്‍ 25ന് 20,000 രൂപ നിക്ഷേപിച്ച് ജ്യോതിസില്‍ അംഗമായിരുന്നു. മാനേജിങ് പാര്‍ട്ണര്‍ ജോയ് ജോണിന്റെ ഒപ്പുള്ള ബെനിഫിഷ്യറി സര്‍ട്ടിഫിക്കറ്റ് പ്രകാരം 2009 മേയ് 18ന് ഇരട്ടി തുകയായ 40,000 രൂപ തിരിച്ചുകൊടുക്കേണ്ടതാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി അധ്യാപിക ജ്യോതിസിന്റെ കോഴിക്കോട് വ്യാപാരഭവനിലെ ബ്രാഞ്ച് ഓഫിസില്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും ഓരോ കാരണംപറഞ്ഞ് പണം നല്‍കുന്നത് നീട്ടിക്കൊണ്ടുപോവുകയാണ്. അധ്യാപികയുടെ വിദേശത്തുള്ള രണ്ടു സഹോദരിമാര്‍ ലക്ഷംരൂപ വീതം ഇതേ ബ്രാഞ്ചില്‍ നിക്ഷേപിച്ചിരുന്നു. ഇവരോടും അവധിപറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയാണ്.
റിട്ടയര്‍മെന്റ് ആനുകൂല്യമായി ലഭിച്ച തുക ജ്യോതിസില്‍ നിക്ഷേപിച്ച അധ്യാപകരടക്കം നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വെട്ടിലായി. മക്കളുടെ വിവാഹ ആവശ്യത്തിനും മറ്റുമായി തുക നിക്ഷേപിച്ച ഇവരും ഓഫിസ് കയറിയിറങ്ങുകയാണ്. ചില വൈദികര്‍ ജ്യോതിസില്‍ ലക്ഷങ്ങളാണ് നിക്ഷേപിച്ചത്. കബളിപ്പിക്കപ്പെട്ട ചിലര്‍ പരാതികൊടുക്കാന്‍ മുതിര്‍ന്നെങ്കിലും വന്‍തുക ആദായനികുതി കൊടുക്കേണ്ടിവരുമെന്ന നടത്തിപ്പുകാരുടെ ഭീഷണിക്കുമുമ്പില്‍ വഴങ്ങേണ്ടിവന്നതായും പറയുന്നു.
മുന്‍ ഐ.ജി ടി.പി. സെന്‍കുമാറിന്റെ നേതൃത്വത്തില്‍ 'ലിസ്' അടച്ചുപൂട്ടിച്ചതോടെ 2007 മാര്‍ച്ച് എട്ടിനാണ് 'ജ്യോതിസ്' എന്ന പേരില്‍ മണിചെയിന്‍ തട്ടിപ്പ് പുനരാരംഭിച്ചത്. ലിസിനെതിരായ കേസ് നടക്കവേ കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരുന്നു. ഈ സമയത്താണ് കേസൊതുക്കാന്‍ ലിസ് ചെയര്‍മാന്‍ പി.വി.ചാക്കോ, ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. വേണുഗോപാലിന് ഒരുകോടി രൂപ കോഴ നല്‍കിയ വാര്‍ത്ത പുറത്തായത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കെ ഒരുകോടി രൂപ എവിടെനിന്നു കണ്ടെത്തിയെന്നതിലെ ദുരൂഹതയും പൊലീസ് അന്വേഷിച്ചിരുന്നു. ലിസിനെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ ചില ഉന്നതര്‍ കൂട്ടുനിന്നതായി എ.ഡി.ജി.പി ടി.പി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആരോപിച്ചിട്ടുണ്ട്. ഇതേ രീതിയില്‍ ജ്യോതിസിനെതിരായ പരാതികളും അട്ടിമറിക്കപ്പെട്ടതായി ഉന്നത പൊലീസ് വൃത്തങ്ങള്‍ 'മാധ്യമ'ത്തോടു പറഞ്ഞു.
ജ്യോതിസ് കൊച്ചി ഓഫിസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മുന്‍ അഡ്വക്കറ്റ് ജനറല്‍ എം.കെ. ദാമോദരനായിരുന്നു അധ്യക്ഷന്‍. ഇത്തരം നിരവധി ബന്ധങ്ങളുള്ള ലിസ് ഉടമ, കേസുകള്‍ അട്ടിമറിച്ചതിനാല്‍ കേസിലേക്ക് ഒരു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് സെന്‍കുമാര്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. മുന്‍ സി.ബി.ഐ കൗണ്‍സല്‍ എസ്. ശ്രീകുമാറിന് ഈ ചുമതല നല്‍കണമെന്നും എ.ഡി.ജി.പി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലിസ് പൂട്ടിച്ച് മൂന്നാഴ്ചക്കകം ദക്ഷിണമേഖലാ ഐ.ജി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതായും ഒന്നാം സാക്ഷിയാക്കേണ്ട തന്നെ 126ാം സാക്ഷിയാക്കിയത് കേസ് ഇല്ലാതാക്കാനാണെന്നും കേസ് കാര്യങ്ങള്‍ താനുമായി ചര്‍ച്ച ചെയ്യരുതെന്ന് പിന്നീട് ചുമതലയേറ്റ അന്വേഷണ ഉദ്യോഗസ്ഥന് ഉന്നതങ്ങളില്‍നിന്ന് നിര്‍ദേശം നല്‍കിയിരുന്നതായുമുള്ള നിരവധി ആക്ഷേപങ്ങള്‍ മുന്‍ സര്‍ക്കാറിനെതിരെ സെന്‍കുമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മണിചെയിന്‍ തട്ടിപ്പുകാര്‍ ഗുണ്ടാ ആക്ടില്‍; പുതിയ വികസന മാതൃക സൃഷ്ടിക്കും

Published on Sat, 06/25/2011 -
തിരുവനന്തപുരം: വഞ്ചനകുറ്റം ചെയ്യുന്നവര്‍ക്കും മണിചെയിന്‍ ബിസിനസില്‍ ഏര്‍പ്പെടുന്നവര്‍ക്കുമെതിരെ കര്‍ശനനടപടി കൈക്കൊള്ളുമെന്നും കുറ്റക്കാര്‍ക്കെതിരെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (ഗുണ്ടാ ആക്ട്) പ്രകാരം കേസെടുക്കുമെന്നും ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് നയപ്രഖ്യാപനത്തില്‍ പറഞ്ഞു. ഇതിനായി പൊലീസ് സേനയെ സജ്ജമാക്കും. പൊലീസിനെ കൂടുതല്‍ കാര്യക്ഷമതയുള്ളവരും പ്രതികരിക്കുന്നവരും ഉത്തരവാദിത്തമുള്ളവരുമാക്കും. സേനയിലെ ക്രിമിനല്‍ പ്രവണതയെ ശക്തമായി കൈകാര്യംചെയ്യും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍  കര്‍ശന നടപടിയുണ്ടാകും. ജനമൈത്രി പൊലീസ് സംവിധാനം വ്യാപിപ്പിക്കും.
കസ്റ്റഡി മരണം തടയാന്‍ വ്യവസ്ഥാപിത പരിഷ്‌കാരം ഏര്‍പ്പെടുത്തും. പൗരാവകാശവും മനുഷ്യാവകാശവും മാനിക്കുന്ന പുതിയ സംസ്‌കാരം ലക്ഷ്യമാക്കി പൊലീസില്‍ പരിഷ്‌കാരം കൊണ്ടുവരും. ഗുണ്ടാ ആക്ട് പുനരവലോകനം ചെയ്യുകയും വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.  
ഫയര്‍ഫോഴ്‌സ് നവീകരിക്കും. വിയ്യൂര്‍ ഹൈ സെക്യൂരിറ്റി ജയില്‍, തവനൂര്‍ ജില്ലാ ജയില്‍, കൊല്ലം ജില്ലാ ജയിലിലെ പുതിയ ബ്ലോക്ക് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കും.
സംസ്ഥാനത്തിന്റെ ശേഷിയും വിഭവങ്ങളും ക്രമീകരിച്ച് ത്വരിതഗതിയുള്ള സാമ്പത്തികപുരോഗതി കൈവരിക്കുമെന്നും കേരളത്തെ ഒറ്റ യൂനിറ്റായി കണ്ട് പുതിയ വികസന മാതൃക സൃഷ്ടിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതിന് മുഖ്യമന്ത്രി ചെയര്‍മാനായി സമിതി രൂപവത്കരിക്കും. ആവാസ വ്യവസ്ഥക്കും പരിസ്ഥിതിക്കും ദോഷംവരുത്താത്ത സാര്‍വത്രിക വളര്‍ച്ചയാണ് ലക്ഷ്യം. അടിസ്ഥാനസൗകര്യത്തിലെ തടസ്സം നീക്കും. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള നടപടി ലഘൂകരിക്കും. പദ്ധതികള്‍ക്ക് സ്ഥലം ലഭ്യമാക്കും. തൊഴിവസരവും സാമ്പത്തികവളര്‍ച്ചയും ലക്ഷ്യമിട്ട് വിദ്യാഭ്യാസം, ആരോഗ്യം വിനോദസഞ്ചാരം, ഐ.ടി വാണിജ്യം, റീട്ടെയില്‍, ബയോടെക്‌നോളജി, കമ്യൂണിക്കേഷന്‍ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. കൈത്തറി, കയര്‍ മേഖല നിലനില്‍ക്കാന്‍ സഹായം തുടരും. പരമ്പരാഗത വ്യവസായങ്ങളെ സാമൂഹികവും മാനുഷികവും ഉദാരവുമായ സമീപനത്തോടെ കാണും. കയറിന്റെയും കയര്‍ ഉല്‍പന്നങ്ങളുടെയും വിപണനം പ്രോല്‍സാഹിപ്പിക്കാന്‍ കേരള കയര്‍ മാര്‍ക്കറ്റിങ് കണ്‍സോര്‍ട്ടിയം ആരംഭിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുക.
കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി എന്നിവയെ ശക്തിപ്പെടുത്തും. ഐ.ടി നിക്ഷേപ സൗഹൃദ ലക്ഷ്യസ്ഥാനമാക്കാന്‍ അനുകൂല നിക്ഷേപകാലാവസ്ഥ പുനരുജ്ജീവിപ്പിക്കും. ലക്ഷ്യത്തില്‍നിന്ന് വ്യതിചലിച്ച ഐ.ടി  മിഷനെയും വന്‍ ബാധ്യതകള്‍ വരുത്തിയ ടെക്‌നോളജി പാര്‍ക്കുകളെയും അഴിച്ചുപണിയും. ടെക്‌നോളജി പാര്‍ക്കുകള്‍ കടക്കെണിയില്‍ വീഴാതിരിക്കാന്‍ യുദ്ധകാല നടപടിയെടുക്കും.
വിവര സാങ്കേതികവിദ്യാ നയത്തിന് ഉടന്‍ രൂപംനല്‍കും. ഇ-ഗവേര്‍ണന്‍സിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ടെക്‌നോളജി പാര്‍ക്ക് വികസനം പൂര്‍ത്തീകരിക്കും. കൊച്ചിസ്മാര്‍ട്ട്‌സിറ്റിയുടെ നടത്തിപ്പിന് ഫലപ്രദ നടപടി എടുക്കും.
പീലിങ് തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യം, ശുചിത്വം എന്നിവ ഉറപ്പുവരുത്താന്‍ സമഗ്ര പാക്കേജ് തയാറാക്കും. മല്‍സ്യോല്‍പാദന പ്രദേശം വര്‍ധിപ്പിക്കാന്‍ ഉള്‍നാടന്‍ ജലസ്രോതസ്സുകള്‍ പാട്ടത്തിന് കൊടുക്കുന്നതിന് നയംകൊണ്ടു വരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ടൈക്കൂണ്‍ തട്ടിപ്പ് 410 കോടി കവിഞ്ഞു

Published on Wed, 06/29/2011 -
വടകര: ടൈക്കൂണ്‍ മണിചെയിന്‍ നിക്ഷേപ തട്ടിപ്പിലൂടെ 410 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. നേരത്തെ കണ്ടെത്തിയ 370 കോടിക്ക് പുറമേ എച്ച്.ഡി.എഫ്.സി ബാങ്കില്‍ നടത്തിയ പരിശോധനയില്‍ 40കോടി രൂപയുടെ ഇടപാട് നടന്നതായി വെളിപ്പെട്ടു.

ബാങ്കില്‍ ചെറിയ നിക്ഷേപം മാത്രമാണ് ബാക്കിയുള്ളത്. ഇതിന് പുറമേ ഊട്ടിയില്‍ 900 എക്കര്‍ ഭൂമി കമ്പനിയുടെ പേരിലുണ്ടെന്ന അവകാശ വാദം വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 10ലക്ഷം രൂപ വിലവരുന്ന അഞ്ചര ഏക്കര്‍ ഭൂമിമാത്രമാണ് കമ്പനിയിലെ ഇടപാടുകാരില്‍ ഒരാളുടെ പേരില്‍ ഇവിടെ ഉള്ളത്.

ടൈക്കൂണിന്റെ വിവിധ സംസ്ഥാനങ്ങളിലെ 130 ഏജന്റുമാരെ കഴിഞ്ഞ മൂന്നുമാസം മുമ്പ് ഊട്ടിയിലെ വ്യാജഭൂമി കാണിച്ച് തെറ്റിദ്ധരിപ്പിച്ചതായി കസ്റ്റഡിയിലുള്ള രവിചന്ദ്രന്‍, പി.എം. ഗോപിനാഥ്എന്നിവര്‍ ചെന്നൈയില്‍ കൊണ്ടുപോയി നടത്തിയ അന്വേഷണത്തില്‍ വെളിപ്പെടുത്തിയതായി കേസിന് നേതൃത്വം നല്‍കുന്ന വടകര ക്രൈം ഡിറ്റാച്ച് മെന്റ് ഡി.വൈ.എസ്.പി ടി.പി സദാനന്ദന്‍ പറഞ്ഞു.

മണിചെയിന്‍ : 1000 കോടിയുടെ തട്ടിപ്പ് -ഡി.ജി.പി

Published on Sun,

ആലുവ: കേരളത്തില്‍ 1000 കോടി രൂപയുടെ മണിചെയിന്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഡി.ജി.പി. ജേക്കബ് പുന്നൂസ്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മാത്രമായാണ് ഇത്രയും തുക വന്നത്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് പണം നഷ്ടപ്പെട്ടു. ഈ തട്ടിപ്പിനെതിരെ കര്‍ശന നടപടിയെടുക്കും. ഇതില്‍ ഏര്‍പ്പെട്ട പൊലീസുകാരെ വേണ്ടിവന്നാല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു.

ആലുവ പൊലീസ് ക്ലബില്‍ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത ഇത്തരം ധാരാളം തട്ടിപ്പുകള്‍ സംസ്ഥാനത്ത് വേറെയും നടക്കുന്നു. അത് കൂടി കണക്കിലെടുത്താല്‍ കോടികളുടെ എണ്ണം പെരുകും. മണി ചെയിന്‍ തട്ടിപ്പ് നടത്തിയവരും അതില്‍ ആളുകളെ കണ്ണി ചേര്‍ത്തവരും കുറ്റക്കാരാണ്. അവര്‍ക്കെതിരെയും നടപടിയുണ്ടാകും.

കോഴിക്കോട്,വയനാട്,എറണാകുളം ജില്ലകളിലായാണ് കൂടുതല്‍ തട്ടിപ്പ് നടന്നത്. സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ വിവിധ ജില്ലകളില്‍ നിന്നുള്ള മിടുക്കരായ പൊലീസുദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണി ചെയിന്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവരും പണം ഉണ്ടാക്കിയവരുമായ പൊലീസുകാരുണ്ട്. പലരും അറിയാതെ പെട്ടുപോയതാണ്. സ്ഥാപനത്തിന് കൂടുതല്‍ വിശ്വാസ്യത കിട്ടാനാണ് പലരും പൊലീസുകാരെ ഇതില്‍ ചേര്‍ക്കുന്നത്. ഇതിലൂടെ സാധാരണക്കാരെ ആകര്‍ഷിക്കാന്‍ അവര്‍ക്കാകും. ഏതെങ്കിലും പൊലീസുദ്യോഗസ്ഥന്‍ വഴിവിട്ട് സാമ്പത്തിക തട്ടിപ്പുകാര്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ടെില്‍ പിരിച്ചുവിടുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികളെടുക്കും.

ഒരാള്‍ ചേര്‍ന്ന് ഒരാളെക്കൂടി ചേര്‍ത്താല്‍ ഇരട്ടി വരുമാനം എന്ന് പറഞ്ഞ് നടത്തുന്ന സ്ഥാപനങ്ങളെല്ലാം തട്ടിപ്പാണ്. ഇത്തരം ശൃംഖലകള്‍ എവിടെയെങ്കിലും വെച്ച് പൊളിയും. അതിനാല്‍ ഇന്ത്യന്‍ നിയമപ്രകാരം എല്ലാ മണി ചെയിന്‍ സ്ഥാപനങ്ങളും നിയമവിരുദ്ധമാണ്. ജനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണം. കേരളം,ഹൈദരാബാദ്,ചെന്നൈ,കര്‍ണാടക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ പുരോഗമിക്കുന്നത്. ഇതിന്റെ നടത്തിപ്പുകാര്‍ക്കും കണ്ണികള്‍ക്കുമെതിരെ നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യും.അടിയന്തരമായി വിഷയം മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തും.

മണി ചെയിന്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്ന ബാങ്കിങ് സൗകര്യങ്ങള്‍ അദ്ഭുതപ്പെടുത്തുന്നു. പല വ്യാജ വിലാസങ്ങളില്‍ ഇവര്‍ ബാങ്കുകളില്‍ നിന്ന് അക്കൗണ്ടുകള്‍ സംഘടിപ്പിക്കുന്നു.അടുത്തിടെ പിടിയിലായ 300 കോടി തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന് വിവിധ ബാങ്കുകളിലായി 14 വ്യാജ അക്കൗണ്ടുകളുണ്ട്.ബാങ്കിങ് വ്യവസ്ഥക്ക് തന്നെ അപമാനകരമായ ഇത് അടിയന്തരമായി റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പെടുത്തും.

റിസര്‍വ് ബാങ്ക് നിശ്ചയിച്ചതിനെക്കാള്‍ കൂടുതല്‍ പലിശ കൊടുക്കുകയോ ഈടാക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. തെറ്റായ രീതിയില്‍ അഡ്വാന്‍സ് വാങ്ങുന്ന ഫ്‌ളാറ്റ് നിര്‍മാതാക്കളെ നിരീക്ഷിച്ച് അവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും ഡി.ജി.പി പറഞ്ഞു.

ക്രിമിനല്‍ പശ്ചാത്തലവും മാഫിയാ ബന്ധവുമുള്ള ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് തയാറാക്കാനും യോഗത്തില്‍ ധാരണയായി. ഉത്തര മേഖലാ എ.ഡി.ജി.പി രാജേഷ് ദിവാന്‍, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വിന്‍സന്‍ എം.പോള്‍,റേഞ്ച് ഐ.ജിമാരായ ആര്‍. ശ്രീലേഖ, ബി.സന്ധ്യ, തൃശൂര്‍, എറണാകുളം,കോഴിക്കോട് ജില്ലകളിലെ പൊലീസ് കമീഷണര്‍മാര്‍,കാസര്‍കോട് മുതല്‍ ഇടുക്കി വരെയുളള ജില്ലകളിലെ എസ്.പി മാര്‍ എന്നിവര്‍ പങ്കെടുത്തു.