Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Monday, August 8, 2011

ആംവേ നിയമവിരുദ്ധമെന്നു പോലീസ്‌; ഓഫീസുകള്‍ അടച്ചുപൂട്ടി

കോഴിക്കോട്‌: ആംവേയുടെ സംസ്‌ഥാനത്തെ എല്ലാ ഓഫീസുകളും പോലീസ്‌ അടച്ചുപൂട്ടി സീല്‍ ചെയ്‌തു. ഇന്നലെ നടത്തിയ റെയ്‌ഡില്‍, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മണിചെയിന്‍ സ്‌ഥാപനമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ ഓഫീസുകള്‍ സീല്‍ ചെയ്‌തത്‌. ആംവേയുടെ എല്ലാ ബാങ്ക്‌ അക്കൗണ്ടുകളും മരവിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്‌. ഒരാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. ഇയാളേകുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ അറസ്‌റ്റ് ഉണ്ടാവുമെന്നും പോലീസ്‌ അറിയിച്ചു. സംസ്‌ഥാനത്ത്‌ ഏഴു ജില്ലകളിലായി ആംവേയുടെ ഒന്‍പത്‌ ഓഫീസുകളിലും റെയ്‌ഡ് നടത്തിയ പോലീസ്‌ സൂപ്രണ്ടുമാരാണ്‌ ഓഫീസുകള്‍ അടച്ചുപൂട്ടി സീല്‍ ചെയ്‌തത്‌. ആംവേ മണി ചെയിന്‍ സ്‌ഥാപനമാണെന്നു തെളിയിക്കുന്ന നിരവധി രേഖകളും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌കുകളും പിടിച്ചെടുത്തു. കോഴിക്കോട്‌, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണു റെയ്‌ഡ് നടന്നത്‌. ഡി.ജി.പി. ജേക്കബ്‌ പുന്നൂസിന്റെ നിര്‍ദേശപ്രകാരം എ.ഡി.ജി.പി. രാജേഷ്‌ ദിവാനാണു പരിശോധനയ്‌ക്ക് ഉത്തരവിട്ടത്‌. കോട്ടയത്തും എറണാകുളത്തും വയനാട്‌ പോലീസും തിരുനന്തപുരത്തും കൊല്ലത്തും കണ്ണൂര്‍ പോലീസുമാണു റെയ്‌ഡിനു നേതൃത്വം നല്‍കിയത്‌. മറ്റിടങ്ങളില്‍ അതത്‌ സ്‌ഥലത്തെ പോലീസുകാര്‍തന്നെയാണു പരിശോധന നടത്തിയത്‌. ആരോഗ്യ, സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിലൂടെ വിറ്റഴിക്കുന്ന സ്‌ഥാപനമാണ്‌ ആംവേ. മണിചെയിന്‍ പോലെ നെറ്റ്‌വര്‍ക്കിംഗ്‌ സംവിധാനമാണ്‌ ആംവേയെന്നു പരിശോധനയില്‍ കണ്ടെത്തി. നെറ്റ്‌വര്‍ക്കിംഗ്‌ സംവിധാനം നിയമവിരുദ്ധമായതിനാല്‍ കാസര്‍ഗോഡ്‌, വയനാട്‌, തൃശൂര്‍ ജില്ലകളിലായി അഞ്ചു കേസുകള്‍ ആംവേയ്‌ക്കെതിരേ രജിസ്‌റ്റര്‍ ചെയ്‌തു. കോഴിക്കോട്ട്‌ അസി: കമ്മിഷണര്‍ രാധാകൃഷ്‌ണപിള്ളയുടെ നേതൃത്വത്തിലാണു നടക്കാവിലുള്ള ഓഫീസില്‍ റെയ്‌ഡ് നടത്തിയത്‌. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌കുകളും രേഖകളും ഇവിടെനിന്നു പിടിച്ചെടുത്തു.

ആംവേ അടച്ചുപൂട്ടി

കൊച്ചിസ്വന്തം ലേഖകന്‍ഡയറക്റ്റ് സെല്ലിങ് കമ്പനിയെന്ന് അവകാശപ്പെട്ടു നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് നടത്തിയതിനു തെളിവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര റീട്ടെയ്ല്‍ സെല്ലിങ് കമ്പനി ആംവേയുടെ കേരളത്തിലെ ഓഫിസുകള്‍ പൊലീസ് അടച്ചുപൂട്ടി. സംസ്ഥാനത്തു പലേടത്തും കമ്പനിക്കെതിരേ ലഭിച്ച പരാതികളെത്തുടര്‍ന്ന് ഇന്നലെ നടത്തിയ റെയ്ഡിനു പിന്നാലെയാണ് ഓഫിസുകള്‍ പൂട്ടിയത്. ഡയറക്റ്റ് സെല്ലിങ് എന്ന പേരില്‍ മള്‍ട്ടി ലെവല്‍, നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് നടത്തിയതായി റെയ്ഡില്‍ വിപുലമായ തെളിവുകള്‍ ലഭിച്ചതായാണു വിവരം. ഒരാള്‍ അറസ്റ്റിലായി. ഇതാരെന്നു പൊലീസ് വെളിപ്പെടുത്തിയില്ല. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും ഉറപ്പായി.കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലാണ് ആംവെയ്ക്കെതിരേ പരാതികള്‍ ലഭിച്ചിരുന്നതെന്നു വയനാട് ജില്ലാ പൊലീസ് ചീഫ് പി. ജയനാഥ്. മണി ചെയ്ന്‍ സ്ഥാപനങ്ങള്‍ക്കെതിരേ അടുത്തിടെ നടന്നുവരുന്ന ശക്തമായ നടപടികളുടെ ഭാഗമായി ആംവേയും നിരീക്ഷണത്തിലായിരുന്നു. ഇന്നലെ സംസ്ഥാനത്ത് ഒമ്പത് ആംവേ ഓഫിസുകളില്‍ ഒരേസമയം പൊലീസ് റെയ്ഡ് നടത്തി. തൃശൂര്‍, വയനാട് ജില്ലാ പൊലീസ് സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വയനാട് ജില്ലയി ല്‍ നിന്നാണ് ഏറ്റവുമധികം പരാതികള്‍. ഉത്തരമേഖലാ എഡിജിപിയാണു റെയ്ഡിനു നിര്‍ദേശം നല്‍കിയത്. കൊച്ചിയിലെ ഓഫിസില്‍ റെയ്ഡ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവച്ചതു സംഘര്‍ഷത്തിനിടയാക്കി. ഫോട്ടൊഗ്രഫര്‍മാരുടെ ക്യാമറകളില്‍നിന്ന് ചിത്രങ്ങള്‍ മായ്ച്ചുകളയാനും ശ്രമമുണ്ടായി. ഒരുമണിക്കൂറോളം മാധ്യമപ്രവര്‍ത്തകരെ ഷട്ടറടച്ച് ഓഫിസിനുള്ളില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് ആംവേയുടെ രണ്ട് ഉന്നതരെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.