Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Tuesday, June 7, 2011

നാട്ടിലെ മണിചെയിന്‍ തട്ടിപ്പിന്റെ ഇരകള്‍ ബഹ്‌റൈനിലും

കണ്ണന്‍
മനാമ: നാട്ടില്‍ കോടിക്കണക്കിന് രൂപ സമാഹരിച്ച് നിക്ഷേപകരെ വഞ്ചിച്ചതായി ആരോപിക്കപ്പെടുന്ന നാനോ- എക്‌സല്‍ മണിചെയിന്‍ തട്ടിപ്പിന് ബഹ്‌റൈനിലും ഇരകള്‍. 50- 60 ദിനാര്‍ ശമ്പളക്കാരായ 150ഓളം മലയാളികളാണ് 10 മാസം മുമ്പ് 50 മുതല്‍ 500 ദിനാര്‍ വരെ നിക്ഷേപിച്ച് മണിച്ചെയിനില്‍ കണ്ണികളായത്. ഇതുവരെ ഒരാള്‍ക്കും പണം തിരിച്ചുകിട്ടിയിട്ടില്ല. പലിശക്ക് പണമെടുത്തുപോലും പലരും ഇതില്‍ അംഗങ്ങളായിട്ടുണ്ടത്രേ. നാട്ടില്‍ ഈ മണിച്ചെയിന്‍ തട്ടിപ്പിനെതിരെ ആക്ഷന്‍ കൗണ്‍സിലുകള്‍ നിയമനടപടിക്കൊരുങ്ങുന്നതായി കഴിഞ്ഞദിവസം 'ഗള്‍ഫ് മാധ്യമം' റിപ്പോര്‍ട്ടുചെയ്തിരുന്നു. ഇതറിഞ്ഞാണ് പണം നഷ്ടമായ ബഹ്‌റൈനിലെ മലയാളികള്‍ പരാതിയുമായി രംഗത്തെത്തിയത്.ഇന്റര്‍നെറ്റ് അടക്കമുള്ള സംവിധാനമുപയോഗിച്ച് സാധാരണക്കാരെ വിദഗ്ധമായി കബളിപ്പിച്ചാണ് പണം തട്ടിയതെന്ന് പരാതികള്‍ വ്യക്തമാക്കുന്നു. മനാമയിലെ ഒരു സ്ഥാപനത്തില്‍ ഓഫീസ് ബോയ് ആയ കാഞ്ഞങ്ങാട് സ്വദേശിയാണ് മണി ചെയിന്റെ സംഘാടകനെന്ന് പരാതിക്കാര്‍ പറഞ്ഞു.90 ദിനാര്‍ ഒരുതവണ നിക്ഷേപിച്ചാല്‍ നാലുവര്‍ഷം കൊണ്ട് ഒന്നര ലക്ഷം രൂപ ലഭിക്കുമെന്നാണ് കാസര്‍കോട് സ്വദേശിയായ അക്ബര്‍ അലിയെ വിശ്വസിപ്പിച്ചത്. ചെയിനില്‍ കണ്ണിയായ മറ്റൊരാള്‍ വഴി അക്ബര്‍ 100 ദിനാര്‍ അടച്ചു. അരുണാചല്‍പ്രദേശിലെ പവര്‍ പ്ലാന്റില്‍ ഓഹരി പങ്കാളിത്തം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മാസം തോറും രണ്ടായിരവും മൂവായിരവും രൂപ വീതം ലഭിക്കുമെന്നും ഉറപ്പുനല്‍കിയിരുന്നതായി അക്ബര്‍ പറഞ്ഞു. എന്നാല്‍, ഓരോ തവണ ചോദിക്കുമ്പോഴും ഓരോ അവധി പറഞ്ഞ് ഒഴിയുകയാണ് ചെയ്തത്. ചെയിനിലെ ആര്‍ക്കും പണം തിരിച്ചുകിട്ടിയിട്ടില്ലെന്ന് അക്ബര്‍ പറഞ്ഞു.പണം നല്‍കിയതിന് തെളിവായി ഇന്റര്‍നെറ്റില്‍ പാസ്‌വേഡ് ഉപയോഗിച്ച് തുറക്കാവുന്ന ഒരു സൈറ്റാണ് കാണിച്ചുകൊടുത്തിരുന്നത്. ഇതില്‍ താന്‍ പണം നല്‍കിയതായി പേരു സഹിതം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അക്ബര്‍ പറഞ്ഞു. ഈ സൈറ്റ് കാണിച്ചാണ് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്. തന്നെ മറ്റൊരു മലയാളി പറ്റിച്ചതാണെന്നാണ് ഇപ്പോള്‍ കാഞ്ഞങ്ങാട് സ്വദേശി പറയുന്നതെന്ന് അക്ബര്‍ പറഞ്ഞു. രണ്ടുമാസം കഴിഞ്ഞ് പണം കിട്ടുമെന്നും ഇയാള്‍ അറിയിച്ചുവത്രേ. നിക്ഷേപകര്‍ക്ക് ദല്‍ഹിയിലെ ഒരു കസ്റ്റമര്‍ കെയര്‍ നമ്പറും നല്‍കിയിരുന്നു. കമ്പനി പൊട്ടിയിട്ടില്ലെന്നും പണം കിട്ടുമെന്നുമാണ് ഇവിടെനിന്ന് ലഭിച്ച മറുപടിയെന്ന് അക്ബര്‍ പറഞ്ഞു. കാസര്‍കോട് സ്വദേശിയായ ഹനീഫ് 50 ദിനാര്‍ നല്‍കി ചെയിനില്‍ അംഗമാകുകമാത്രമല്ല, സഹോദരനെയും സുഹൃത്തിനെയും ചേര്‍ക്കുകയും ചെയ്തു. കൂടുതല്‍ പേരെ ചേര്‍ത്താല്‍ കമീഷന്‍ ലഭിക്കുമെന്നും നാലുവര്‍ഷത്തേക്ക് മാസം തോറും ആയിരം രൂപ തുടര്‍ച്ചയായി കിട്ടുമെന്നുമായിരുന്നു വാഗ്ദാനം. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും ഒരു പ്രമുഖ മലയാളപത്രത്തില്‍ 'ഒരു മഗ് നിറയെ സമ്മാനം' എന്ന പേരില്‍ വന്ന പരസ്യവുമൊക്കെ കാട്ടിയായിരുന്നു വിശ്വസിപ്പിച്ചതെന്ന് ഹനീഫ് പറഞ്ഞു. മാത്രമല്ല, കമ്പനിയില്‍ ഓഹരിയുണ്ടെന്നുകാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് എല്ലാവരുടെയും നാട്ടിലെ വിലാസത്തില്‍ ലഭിക്കുകയും ചെയ്തതായി ഇയാള്‍ പറഞ്ഞു. പണം ചോദിക്കുമ്പോള്‍ സ്‌റ്റേറ്റ് ബാങ്ക് ചെക്കിന്റെ കോപ്പി കാണിച്ച്, ഇതുപോലെ നിങ്ങള്‍ക്കും ചെക്കുവരും എന്നാണ് കാഞ്ഞങ്ങാട് സ്വദേശി അറിയിച്ചിരുന്നത്.നാട്ടില്‍ ഈ മണിച്ചെയിനില്‍ ചേര്‍ന്ന് പണം നഷ്മായവര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുമാത്രം ഇവര്‍ 500 കോടിയോളം രൂപ ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഈ കമ്പനിയുടെ 7.04 കോടി രൂപയുടെ നികുതിവെട്ടിപ്പ് പിടികൂടിയിരുന്നു. 103 കോടി രൂപ ടേണോവറുണ്ടായിരുന്ന കമ്പനി ഒരു കോടിയാണ് രേഖകളില്‍ കാണിച്ചിരുന്നത്.തട്ടിപ്പിലൂടെ എത്ര പണം നഷ്ടമായാലും പ്രവാസി മലയാളി സമൂഹം ഒരു പാഠവും പഠിക്കില്ലെന്നതിന്റെ മറ്റൊരു ഉദാഹരമാണ് ഈ മണിച്ചെയിന്‍ തട്ടിപ്പ്. ഒരു രേഖയുമില്ലാതെ ഒരു മാസത്തെ ശമ്പളം മുഴുവന്‍ അപരിചിതരുടെ വാക്കിന്റെ ബലത്തില്‍ മാത്രം നല്‍കി പലമടങ്ങ് പണമുണ്ടാക്കാമെന്ന വ്യാമോഹമാണ് ഇവരെ ഇരകളാക്കുന്നത്.സമീപകാലത്ത് ബഹ്‌റൈനില്‍ നിരവധി നിക്ഷേപ തട്ടിപ്പുകള്‍ സ്വര്‍ണത്തിന്റെയും പണത്തിന്റെയും പേരില്‍ അരങ്ങേറിയിട്ടുണ്ട്. ഇതിന്റെ ഇരകള്‍ ഭൂരിപക്ഷവും മലയാളികളാണ്. ഇവര്‍ തന്നെയാണ് ഓരോ പുതിയ തട്ടിപ്പിന്റെയും 'ഉപഭോക്താക്കളാ'കുന്നത്.

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?