Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Tuesday, June 7, 2011

തട്ടിപ്പില്‍ കുടുങ്ങരുത്: ഐജി

തൃശൂര്‍നാനോ എക്സല്‍ പോലുള്ള മണിചെയിന്‍ തട്ടിപ്പു കമ്പനികളെക്കുറിച്ച് അറിവുള്ളവര്‍ പൊലീസിനു വിവരം നല്‍കണമെന്ന് തൃശൂര്‍ റേഞ്ച് ഐജി ബി. സന്ധ്യ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മണി ചെയിന്‍ തട്ടിപ്പു വ്യാപമാകുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഐജിയുടെ മുന്നറിയിപ്പ്. സാമ്പത്തിക ഉന്നതി നേടാനുള്ള ആഗ്രഹത്താല്‍ സാധാരണ ജനങ്ങളാണ് ഇത്തരം തട്ടിപ്പുകളില്‍ ഇരകളാകുന്നത്. സമൂഹത്തിലെ വിവിധ തട്ടുകളില്‍ നിന്നുള്ളവരും പ്രലോഭനത്തില്‍ വീണു ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തുന്നു. ആകര്‍ഷകമായ പേരുകളിലാണ് ഇത്തരം കമ്പനികള്‍ അറിയപ്പെടുന്നത്. ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്ന സ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ടതാണു നാനോ എക്സല്‍. ടൈക്കൂണ്‍ ബിസിനസ് എംപയര്‍, വണ്ടര്‍ വേള്‍ഡ്, ജപ്പാന്‍ ലൈഫ് ഇന്ത്യ, ആയൂര്‍വേദ ലൈഫ്, മാജിക് കമ്പനി, ഹാപ്പി ലൈഫ് കമ്പനി എന്നിവ ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്ന കമ്പനികളില്‍ ചിലതു മാത്രം. നാനോ എക്സല്‍ മണിചെയിന്‍ തട്ടിപ്പിനിരയാകുന്നവര്‍ മാനഹാനി ഭയന്നും നിയമപരമായ നൂലാമാലകള്‍ ഉണ്ടാകുമെന്നു ഭയന്നും പൊലീസില്‍ പരാതിപ്പെടാനോ മേല്‍നടപടികള്‍ക്കോ മുതിരുന്നില്ല. ഇതു തട്ടിപ്പുകാര്‍ക്കു വീണ്ടും പ്രേരണയാകുന്നു. തട്ടിപ്പിനിരയാകുന്നവരുടെ കൈവശം കമ്പനിയുടെ ലഘുലേഖകളല്ലാതെ ഒരു രേഖകളുമില്ലാത്തതു തട്ടിപ്പുകാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതിനു പൊലീസിനു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ജീവിതാവസാനം വരെ വരുമാനം ലഭിക്കുമെന്നു വിശ്വസിപ്പിച്ചാണു സാധാരണക്കാരായ ജനങ്ങളെ തട്ടിപ്പിനിരയാക്കുന്നത്. അംഗമാകുന്നവര്‍ക്കു നാനോ പാന്‍ കാര്‍ഡ്, വാച്ച്, ഹെല്‍ത്ത് ബ്രേസ്ലെറ്റ്, ആരോഗ്യദായക ഉത്പന്നങ്ങള്‍ തുടങ്ങിയവ നല്‍കി മുതല്‍മുടക്കിനു തുല്യമായ സമ്മാനമെന്നു വിശ്വസിപ്പിക്കുന്നു. ഭംഗിയായി വസ്ത്രധാരണം ചെയ്ത്, ആഴ്ചതോറും മുന്തിയ ഹോട്ടലുകളില്‍ യോഗങ്ങള്‍ ചേര്‍ന്ന്, ക്ലാസെടുത്ത്, വ്യാജ അക്കൗണ്ടുകള്‍ കാട്ടി വിശ്വസിപ്പിച്ചാണു പലരെയും ചേര്‍ക്കുന്നത്. നാനോ എക്സല്‍ കമ്പനിയെക്കുറിച്ചു മതിപ്പും വിശ്വാസവും ഉണ്ടാക്കിയെടുക്കുന്നതിനായി കമ്പനിയില്‍ ചേരുന്ന ആളുകള്‍ക്ക് സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം തുടങ്ങിയ അംഗത്വങ്ങളും മാസ്റ്റര്‍ ഡിസ്ട്രിബ്യൂട്ടര്‍, സൂപ്പര്‍ ഡിസ്ട്രിബ്യൂട്ടര്‍, ഡബിള്‍ സൂപ്പര്‍ ഡിസ്ട്രിബ്യൂട്ടര്‍ എന്നിങ്ങനെയുള്ള പദവികളും സമ്മാനിച്ചാണു പ്രലോഭിപ്പിക്കുക. ഇത്തരം കമ്പനികളുടെ തട്ടിപ്പു പ്രവര്‍ത്തനം ശിക്ഷാര്‍ഹമാണ്- സന്ധ്യ പറഞ്ഞു.

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?