Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Sunday, July 10, 2011

മണിചെയിന്‍ തട്ടിപ്പ്: പൊലീസ് പീഡനം ആരോപിച്ച ഹരജി തള്ളി

Published on Tue, 07/05/2011 - 22:31 ( 5 days 12 hours ago)
കൊച്ചി: മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് തട്ടിപ്പ് അന്വേഷണത്തിന്റെ പേരില്‍ പൊലീസ് പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. മലപ്പുറം പൊന്നാനി പാലപ്പെട്ടി കിഴക്കൂട്ട് കെ.എച്ച്. ഷഫീര്‍, തെക്കേപ്പുറത്ത് ടി.ബി. അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് പയസ് കുര്യാക്കോസ്, ജസ്റ്റിസ് പി. ഭവദാസന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ബിസാര്‍ കമ്പനിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരില്‍ പീഡനം ആരോപിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്. കമ്പനിയുടെ  തട്ടിപ്പിനിരയായവരാണ് തങ്ങളെന്നും യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ ശരിയായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.
2.5 ലക്ഷം പേരാണ് കമ്പനിയുടെ സ്‌കീമില്‍ അംഗങ്ങളായത്. ഷഫീറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അന്വേഷണത്തിന്റെ പേരില്‍ പീഡനമില്ലെന്നും കമ്പനിയുടെ പ്രമോട്ടര്‍മാരാണ് ഹരജിക്കാരെന്നും സര്‍ക്കാറിനുവേണ്ടി ഹാജരായ അഡീഷനല്‍ അഡ്വ. ജനറല്‍ കെ.എ. ജലീല്‍ അറിയിച്ചു.
=ഹരജിക്കാര്‍ സ്‌കീമില്‍ അംഗങ്ങളായിട്ടുണ്ട്. കുടുംബാംഗങ്ങളെ ചേര്‍ക്കുകയും ചെയ്തു. ഇതില്‍ നിന്ന് ഇവര്‍ പ്രമോട്ടര്‍മാരാണെന്ന് വ്യക്തമാണ്.
മലപ്പുറം ജില്ലയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പൊന്നാനി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഷഫീര്‍. അബ്ദുല്‍ ജബ്ബാറിന്റെ സാന്നിധ്യം അന്വേഷണത്തിന് ആവശ്യമായി വരാം. ഇത് പീഡിപ്പിക്കാനല്ലെന്നും അഡീഷനല്‍ എ.ജി ബോധിപ്പിച്ചു.പൊലീസ് പീഡന ആരോപണത്തില്‍ കഴമ്പില്ലെന്നാണ് വ്യക്തമാകുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?